മലയാളത്തിന്റെ ഹാസ്യശാഖയിലെ രാജാവ്; അനുശോചനം അറിയിച്ച് ജോയ് മാത്യു

മലയാള സിനിമാ പ്രേമികളെ കണ്ണിരിലാഴ്ത്തി കൊണ്ടാണ് നടന്‍ മാമുക്കോയയുടെ വിയോഗ വാര്‍ത്ത പുറത്തത്തെുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിനെ അനുസ്മരിച്ചിരിക്കകുയാണ് നടന്‍ ജോയ് മാത്യു. മലയാളത്തിന്റെ ഹാസ്യശാഖയില്‍ രാജാവായിരുന്നു മാമുക്കോയ.

മാമുക്കോയയുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തമെന്ന് പറയാവുന്ന ആളായിരുന്നു അദ്ദേഹം. മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലാണ് സ്ഥിരം താവളം.

ബഷീറിന്റെ ജീവിത വീക്ഷണവും തമാശയും നര്‍മ്മവും മാമുക്കോയക്കുണ്ട്. ജീവിതത്തിന്റെ കഠിനമായ മേഖലയിലൂടെ കടന്നുവന്നയാളാണ്. കല്ലായിപ്പുഴയില്‍ മരവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു.

ഞങ്ങള്‍ ഒരുമിച്ച് കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. രണ്ടു മൂന്നു സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ജോയ് മാത്യു ഒരു മാധ്യമത്തോട് പ്രതികരിക്കവെ പറഞ്ഞു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. കണ്ണംപറമ്പ് ഖസര്‍സ്ഥാനില്‍ നാളെ രാവിലെ 10 മണിയോടെയാണ് സംസ്‌കാരം.

Vijayasree Vijayasree :