മെസേജുകള്‍ക്ക് മറുപടി വരാതിരുന്നപ്പോള്‍ തന്നെ ഭയം നിറഞ്ഞിരുന്നു- സിദ്ദാര്‍ത്ഥ്

മുപ്പത്തിയഞ്ചാം വയസ്സിലാണ് മലയാളികളെ കണ്ണീരിലാഴ്ത്തി പ്രിയതാരം ജിഷ്ണു വിടവാങ്ങിയത്. ആരാധകരെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ജിഷ്ണുവിന്റെ വിയോഗം. ഏറെ നാളായി ക്യാന്‍സര്‍ രോഗബാധിതനായി അദ്ദേഹം ചികിസ്തയിലായിരിക്കെയാണ് മരണപ്പെട്ടത്. 2014 മുതല്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. നമ്മള്‍ എന്ന ക്യാപസ് ബേസ്ഡ് സിനിമയിലൂടെയാണ് താരം മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നമ്മളിലൂടെ തന്നെ വന്ന മറ്റൊരുതാരമാണ് സിദ്ദാര്‍ത്ഥ്. കെ പി എസി ലളിതയുടെ മകനുംകൂടെയായ സിദ്ദാര്‍തഥ് മലയാളസിനിമയില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരമാണ്. ഇപ്പോഴിതാ താരം സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിഷ്ണുവിന്റെ മരണവും തന്റെ മാനസികാവസ്ഥയും തുറന്നുപറയുകയാണ്. ഉറ്റ സുഹൃത്ത് ജിഷ്ണുവിന്റെ അസുഖ വിവരവും പിന്നീടുള്ള മരണവും മനസ് തകര്‍ത്തുകളഞ്ഞുവെന്ന് സിദ്ദാര്‍ത്ഥ് പറയുന്നു. ഒരു വെള്ളിയാഴ്ചയാണ് അവന്‍ മരിക്കുന്നത്. അയക്കുന്ന മെസേജുകള്‍ക്ക് മറുപടി വരാതിരുന്നപ്പോള്‍ തന്നെ ഭയം നിറഞ്ഞിരുന്നു. ഫഹദാണ് അവന്റെ മരണവാര്‍ത്ത അറിയിക്കുന്നത്. ജിഷ്ണു എന്ന് മാത്രമെ ഞാന്‍ കേട്ടുള്ളു. അപ്പോഴേക്കും നെഞ്ചില്‍ നിന്നെന്തോ ഇറങ്ങിപ്പോയത് പോലെ വേദനയായി എന്ന് അദ്ദേഹം പറയുന്നു. ഫഹദ് ആണ് തന്നെ വീട്ടില്‍ വന്ന് ജിഷ്ണുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും അവനെ കാണുന്നത് വരെ പിടിച്ച്‌ നിന്നു. പക്ഷെ ആ കിടപ്പ് കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ലെന്നും സിദ്ദാര്‍ത്ഥ് പറഞ്ഞു.

ജീവിതത്തിലേയ്ക്ക് മടങ്ങി വന്നുകൊണ്ടിരിയ്ക്കെയാണ് ജിഷ്ണുവിനെ വീണ്ടും രോഗം കീഴടക്കി മരണത്തിലേക്ക് എത്തിച്ചത്. അസുഖബാധിതനായിരിക്കുമ്ബോഴും ജിഷ്ണു സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആത്മവിശ്വാസം നിറഞ്ഞ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 1987 ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. പിന്നീട് കമലിന്റെ നമ്മളിലൂടെയാണ് (2002) സിനിമയില്‍ സജീവമായത്. മലയാളവും തമിഴിലുമായി ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഞാന്‍, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് റിലീസ് ചെയ്ത അവസാന ചിത്രം. സിനിമയില്‍ സജീവമായിരിക്കെയാണ് ജിഷ്ണുവിന് രോഗം ബാധിക്കുന്നത്. ചികിത്സക്ക് ശേഷം അദ്ദേഹം ഏതാനും സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വീണ്ടും ചികിത്സ തേടിയെങ്കിലും ആരോഗ്യനില പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ഇടപ്പള്ളി അമൃത ആസ്പത്രിയിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു. തൊണ്ടക്ക് ബാധിച്ച അര്‍ബുദം പിന്നീട് ശ്വാസകോശത്തിലേക്കുകൂടി പടര്‍ന്നതായിരുന്നു ജിഷ്ണുവിന്റെ ആരോഗ്യസ്ഥിതി വളഷാക്കിയത്. എങ്കിലും അവസാന സമയം വരെ സിനിമയിലേക്കും ജീവിതത്തിലേക്കും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം അത് സോഷ്യല്‍മീഡിയ വഴി നിരന്തരം പങ്കുവെച്ചു.

ചൂണ്ട, വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട്, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, ചന്ദ്രനിലേക്കൊരു വഴി, യുഗപുരുഷന്‍, നിദ്ര, ഓഡിനറി, ഉസ്താദ് ഹോട്ടല്‍, ബ്രെയ്കിങ് അവേഴ്‌സ് 10-4, അന്നും ഇന്നും എന്നും, പ്രയേഴ്‌സ്, റബേക്ക ഉതുപ്പ് കിഴക്കേമല, കളിയോടം, ഞാന്‍ എന്നിവയാണ് ജിഷ്ണു അഭിനയിച്ച മലയാള സിനിമകള്‍. ട്രാഫിക് എന്ന സിനിമയുടെ റീമെയ്ക്കിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് ബിരുദമെടുത്ത ജിഷ്ണു സിനിമാഭിനയത്തിനിടെ ഐ.ടി രംഗത്തും സജീവമായിരുന്നു. എന്‍.ഐ.ടിയില്‍ ജൂനിയറായി പഠിച്ച് ആര്‍ക്കിടെക്ട് ധന്യയാണ് ഭാര്യ.

Jishnu Raghavan-Sidharth Bharathan

Sruthi S :