‘മഞ്ഞുമ്മല്‍ ബോയ്‌സി’ലൂടെ മലയാളികളെയും മലയാള സിനിമയെയും അടച്ചാക്ഷേപിച്ച ജയമോഹന്‍ ‘ആടുജീവിത’ത്തെ കുറിച്ച് പറഞ്ഞത് കേട്ടോ!

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ റിവ്യൂവില്‍ ഈ ചിത്രത്തെയും മലയാളികളെയും മലയാള സിനിമയെയും അടച്ചാക്ഷേപിച്ചതിന്റെ പേരില്‍ കടുത്ത രീതിയില്‍ വിമര്‍ശനം നേരിട്ട എഴുത്തുകാരനാണ് ബി. ജയമോഹന്‍. ഇപ്പോഴിതാ ‘ആടുജീവിതം’ മഹത്തായ സിനിമയാണെന്ന് പറയുകയാണ് അദ്ദേഹം. മനുഷ്യജീവിതത്തെ ഇത്രയും യഥാര്‍ഥമായി അവതരിപ്പിക്കുന്ന സിനിമ എടുക്കാന്‍ മലയാളത്തില്‍ മാത്രമേ കഴിയൂ എന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.

ലോക സിനിമയില്‍ മലയാളത്തിന്റെ ഐഡന്റിറ്റിയായി ആടുജീവിതം മാറുമെന്നും ജയമോഹന്‍ കുറിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇന്ന് ഇത്രയും കലാപരമായ പൂര്‍ണതയോടെ സിനിമ ഒരുക്കാന്‍ മലയാളത്തില്‍ മാത്രമേ കഴിയൂ. ബംഗാളി സിനിമയ്ക്ക് മുമ്പ് അതിന് സാധിക്കുമായിരുന്നു.

ഇപ്പോള്‍ ഹിന്ദി സിനിമയുടെ സ്വാധീനം ബംഗാളി സിനിമയെ തകര്‍ത്തിരിക്കുന്നു. കഥ രസകരമാക്കാന്‍ സാധാരണ സിനിമക്കാര്‍ നടത്തുന്ന തന്ത്രങ്ങള്‍ ഒന്നുമില്ലാതെയാണ് ആടുജീവിതത്തിന്റെ മേക്കിംഗ്. കാഴ്ചക്കാരന്‍ അതിന്റെ ഓരോ ഘട്ടവും അറിയാതെ അനുഭവിക്കുകയും ഉള്‍ക്കൊള്ളുകയുമാണ് ചെയ്യുന്നത്.

മനുഷ്യന്റെ ഉള്ളിലുള്ള തളരാത്ത ശക്തിയുടെ അനന്ത സാധ്യതകള്‍ കൂടി ചിത്രം തുറന്നുവയ്ക്കുന്നു. കൃത്രിമമായി ആവേശം സൃഷ്ടിക്കാതെ നിശ്വാസവും നിശബ്ദതയും കൊണ്ടുമാത്രം അത്യുജ്വലമായ ക്ലൈമാക്‌സ് ഒരുക്കാന്‍ കഴിഞ്ഞത് ഈ സിനിമയെ മലയാള സിനിമയുടെ മഹത്തായ പാരമ്പര്യത്തിന്റെ മികച്ച പിന്തുടര്‍ച്ചാവകാശിയാക്കും എന്നാണ് ജയമോഹന്‍ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്.

Vijayasree Vijayasree :