എന്റെ കഥയില്‍ ജോണി വാക്കര്‍ മരിക്കുന്നില്ലായിരുന്നു;ആ കുറ്റബോധം അലട്ടുന്നതുകൊണ്ടാണ് ചിത്രത്തിന് രണ്ടാം ഭാഗം ഇറക്കുന്നത്-ജയരാജ്!

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ജോണി വാക്കർ.27 വർഷം പിന്നിടുമ്പോഴും ചിത്രം മായാതെ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.ഇപ്പോളിതാ ചിത്രത്തിന് രണ്ടാം ഭാഗം ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ.ഈയിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണത്തെ കുറിച്ച് ജയരാജ് പറയുകയുണ്ടായി.

‘പല സ്ഥലത്തും ആളുകള്‍ തങ്ങളുടെ ഇഷ്ട ചിത്രമായി ജോണി വാക്കറിനെ സൂചിപ്പിച്ചു കണ്ടതില്‍ നിന്നാണ് അതിലെ പാട്ടുകളും ഫാഷനും മൊത്തം പാറ്റേണുമൊക്കെ ആളുകള്‍ക്ക് വലിയ ഇഷ്ടമാണ് എന്ന് മനസിലാക്കിയത്. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്‌റ്റൈല്‍ ആ സിനിമയ്ക്കുണ്ടെന്ന് മനസ്സിലായി. അങ്ങനെയാണ് രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്’, ജയരാജ് പറഞ്ഞു. എന്റെ കഥയില്‍ ജോണി വാക്കര്‍ എന്ന ആ കഥാപാത്രം മരിക്കുന്നില്ലായിരുന്നു. പിന്നെ, ചില പ്രത്യേക സാഹചര്യങ്ങളാല്‍ കഥാപാത്രത്തെ ജസ്റ്റിഫൈ ചെയ്യാന്‍ അങ്ങനെ ആക്കിയതാണ്. അത് എന്റെ മനസ്സില്‍ ഒരു കുറ്റബോധമായി അവശേഷിക്കുന്നുണ്ടായിരുന്നു. ആ തെറ്റ് തിരുത്തണമെന്ന ചിന്ത എപ്പോഴും മനസില്‍ ഉണ്ടായിരുന്നു, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ ജയരാജ് തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. 1993ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ ഇപ്പോഴും മലയാളിയുടെ പ്രിയപ്പെട്ടവയാണ്. ഗിരീഷ് പുത്തഞ്ചേരി ആദ്യമായി പാട്ടെഴുതിയ ചിത്രവും ജോണിവാക്കര്‍ ആയിരുന്നു.

jayaraj’s reveals about johny walker 2

Sruthi S :