ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ

നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന രേഷ്മ രാജൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അന്നയുടെ വെളിപ്പെടുത്തൽ.

ഞാനും എക്സൈറ്റഡ് ആണ്. ജയിലർ-2ൽ ഞാനും ഒരു ചെറിയ വേഷത്തിലുണ്ട്. ചടങ്ങുകഴിഞ്ഞ് നേരേ ലൊക്കേഷനിലേക്ക് പോവുകയാണ്. ചെറിയ ഒരു വേഷമാണ്. ഒരുപാട് സന്തോഷമുണ്ട്. കൂടുതലൊന്നും പ്രതീക്ഷിക്കരുത് എന്നാണ് അന്ന രാജൻ പറഞ്ഞത്.

നിരവധി മലയാള താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട് എന്നാണ് വിവരം. ഫഹദ് ഫാസിൽ, മോഹൻലാൽ തുടങ്ങിയവർ എത്തിയേക്കുമെന്നാണ് വിവരം. ആദ്യ ഭാ​ഗത്തിലേതെന്ന പോലെ രണ്ടാം ഭാ​ഗത്തിലും മലയാളി താരമാകും പ്രധാന വില്ലനായി എത്തുകയെന്നാണ് വിവരം.

അതേസമയം, നിലവിൽ കോഴിക്കോട് ചെറുവണ്ണൂരിൽ സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളിൽ ചിത്രം ഷൂട്ട് ചെയ്യുന്നുണ്ട്.

പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് രജനി കോഴിക്കോട് എത്തിയത്. രാമനാട്ടുകര കടവ് റിസോർട്ടിലാണ് താമസം. പാലക്കാട് ഏകദേശം ഇരുപത് ദിവസത്തോളം ചിത്രീകരണം നീണ്ടിരുന്നു.

2023ൽ ആയിരുന്നു ‘ജയിലർ’ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫിസിൽ നിന്ന് 600 കോടിയിലേറെ ചിത്രം വാരി. വിനായകന്റെ വില്ലൻ വേഷവും ശ്രദ്ധേയമായി.

രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വിടിവി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.

Vijayasree Vijayasree :