തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു നടൻ ജഗദീഷിന്റെ ഭാര്യ ഡോ.പി രമ. ഭാര്യയുടെ മരണം നടനെ വല്ലാതെ തളർത്തിയിരുന്നു. അറുപത്തിയൊന്നാം വയസിലാണ് മരണം സംഭവിച്ചിരിക്കുന്നത്. അസുഖത്തെ തുടർന്ന് രമ ഏറെ നാളുകളായി കിടപ്പിലായിരുന്നു കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫോറൻസിക് രംഗത്ത് രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ നിർണായകമായിരുന്നു.
ഭർത്താവ് കരിയറിൽ തിളങ്ങുമ്പോഴും രമ തന്റെ പ്രൊഫഷനുമായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജഗദീഷ്.
മക്കളെ ഓർത്ത് അഭിമാനം തോന്നുന്ന കാര്യമെന്തെന്ന് ചോദിച്ചപ്പോഴാണ് ജഗദീഷ് ഭാര്യയെ പറ്റി സംസാരിച്ചത്. ഏറ്റവും പുതിയ അഭിമുഖത്തിലാണ് പ്രതികരണം.
‘എന്റെ കുട്ടികൾ രണ്ട് പേരും ഡോക്ടർമാരാണ്. അവർ ഡോക്ടർമാർ ആവാനുള്ള പ്രധാന കാരണം എന്റെ ഭാര്യ തന്നെയാണ്. ഞാനൊക്കെ സിനിമയിൽ ഓടി നടക്കുന്ന കാലത്ത് കുട്ടികളുടെ കാര്യത്തിൽ മാക്സികം ശ്രദ്ധ എടുത്തത് എന്റെ ഭാര്യ തന്നെയാണ്. ഭാര്യ ഗൃഹനാഥന്റെ ഡ്യൂട്ടിയും കൂടി ഏറ്റെടുത്തിരുന്ന സാഹചര്യം ഉണ്ടായിരുന്നു’ ‘അത് കൊണ്ട് ഇപ്പോൾ വലിയ ഒരു നഷ്ടം എന്ന് തോന്നാൻ കാരണം ഗൃഹനാഥ ആയിരുന്നു ഭാര്യ. കുട്ടികളുടെ കാര്യം ആയിക്കോട്ടെ, എന്റെ കാര്യം ആയിക്കോട്ടെ. ബാങ്കിലെ കാര്യങ്ങൾ പോലും. ഓഫീഷ്യലായി വലിയ പോസ്റ്റിൽ കഴിയുന്ന ആളാണ്. അതിനിടയിൽ ഇതിനൊക്കെ സമയം കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ആ സമയക്കുറവിന് ഇടയിലും അതെല്ലാം നോക്കി’
‘എന്നെ സംബന്ധിച്ച് വലിയ നഷ്ടം ആണത്. കുട്ടികൾ രണ്ട് പേരും ഡോക്ടർമാർ ആയതിൽ ഞാൻ ഹാപ്പി ആണ്. അതിൽ അഭിമാനിക്കുന്നു. അവർ സോഷ്യലി കമ്മിറ്റഡ് ആയിട്ടുള്ള ഡോക്ടർമാർ ആണ്. നല്ല ശമ്പളമുള്ള സ്വകാര്യ ആശുപത്രിയിലെ ജോലി വേണ്ടെന്ന് വെച്ച് രണ്ട് പേരും സർക്കാർ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്’ ‘അതൊക്കെ എനിക്ക് അച്ഛനെന്ന നിലയിൽ ഇഷ്ടപ്പെട്ട കാര്യമാണ്. മൂത്ത മകൾ ചെന്നെെയിൽ മെഡിക്കൽ കോളേജിൽ അസിസ്റ്റിന്റ് പ്രൊഫസർ ആണ്. രണ്ടാമത്തെ മകൾ തിരുവനന്തപുരത്തെ മെന്റൽ ഹോസ്പിറ്റലിലെ സെക്യാട്രിസ്റ്റ് ആണ്,’ ജഗദീഷ് പറഞ്ഞു.