മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. ഇപ്പോഴിതാ മികച്ച സഹനടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് ജഗദീഷ്. കർഷക കോൺഗ്രസിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയും,അറക്കൽ ഗോൾഡ്& ഡയമണ്ട്സിന്റെ സാരഥിയുമായ അബ്ദുൾ വഹാബാണ് ജഗദീഷിന് പുരസ്കാരം നൽകിയത്.
തീപ്പൊരി ബെന്നി “എന്ന സിനിമയിലെ മികച്ച അഭിനയത്തിനാണ് പുരസ്കാരം. ഈ അംഗീകാരം തന്നെ തേടിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ജഗദീഷ് പറഞ്ഞു.
അതേസമയം, കിഷ്കിന്ധാ ഗാണ്ഡം എന്ന ചിത്രമാണ് ജഗദീഷിന്റേതായി പുറത്തെത്താനുള്ളത്. ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ അശോകനും അഭിനയിച്ചിട്ടുണ്ട്. അപർണ ബാലമുരളി. വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ദിൻജിത്ത് അയ്യത്താൻ ആണ് സംവിധായകൻ.
’കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ തന്നെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിഷ്കിന്ധാ കാണ്ഡം. തിരക്കഥാകൃത്തായ ബാഹുൽ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്.
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ബാഹുൽ രമേശ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരുന്നത്. സെപ്റ്റംബർ 12-ന് ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും.