ഐ വി ശശിയുടെ പേരില്‍ പുരസ്‌കാരം നല്‍കാനൊരുങ്ങി ഫസ്റ്റ്ക്ലാപ്പ്..

മലയാള സിനിമയിലെ ഹിറ്റ് മേക്കർ ഐ. വി. ശശിയുടെ സ്മരണാർത്ഥം പുതുമുഖ സംവിധാന പ്രതിഭക്കായി ഐ. വി. ശശി പുരസ്കാരം ഏർപ്പെടുത്താനൊരുങ്ങി സിനിമാപ്രേമികളുടെ സംഘടനയായ ഫസ്റ്റ് ക്ലാപ്പ്. ഐ. വി. ശശിയുടെ ഓർമദിനമായ ഒക്ടോബർ 24നാണ് പുരസ്കാരപ്രഖ്യാപനം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എറണാകുളത്ത് വെച്ചാണ് പുരസ്കാരദാനചടങ്ങ് നടത്തുക.

ഐ. വി. ശശിയുടെ ശിഷ്യൻമാരും, സംവിധായകരുമായ ജോമോൻ, എം. പത്മകുമാർ, ഷാജൂ കാര്യാൽ എന്നിവരാണ് പുരസ്കാര നിർണയത്തിന്റെ മുഖ്യ രക്ഷാധികാരികൾ. തിരക്കഥാകൃത്ത് ജോൺപോൾ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമാതാവ് വി. ബി. കെ. മേനോൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക. 50000 രൂപയും, കലാസംവിധായകൻ നേമം പുഷ്പരാജ് രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്കാരം.

മഞ്ജു വാര്യരടക്കമുള്ള താരങ്ങളും പങ്കെടുക്കുന്ന അവാർഡ്ദാന ചടങ്ങിൽ വെച്ച് ഐ. വി. ശശിയുടെ പത്നിയും, അഭിനേത്രിയുമായ സീമയെ പൊന്നാട അണിയിക്കും.

ഫസ്റ്റ്ക്ലാപ്പിന്റെ നേതൃത്വത്തിൽ സിനിമാ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഒക്ടോബർ മാസം ഐ. വി. ശശി ഇന്റർനാഷണൽ ഷോട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ജൂറി ചെയർമാനും, സംവിധായകരായ മധുപാൽ, അൻവർ റഷീദ്, വിധു വിൻസെന്റ്, മിഥുൻ മാനുവൽ തോമസ്, മധു സി. നാരായണൻ എന്നിവർ ജൂറി അംഗങ്ങളുമാവുന്ന പാനലായിരിക്കും ഷോട്ട് ഫിലിം ഫെസ്റ്റിവലിന്റെ വിധികർത്താക്കൾ.

iv shashi

Vyshnavi Raj Raj :