520 വനിതകൾക്കൊപ്പം ഒരു മെഗാ മാർഗ്ഗം കളിക്ക് ഒരുങ്ങി മോഹൻലാൽ ;ഒപ്പം സലിം കുമാറും, ഹരീഷ് കണാരനും, ബിഗ് ബോസ്സ് സുരേഷും !!!

പ്രേക്ഷകർ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ വൈറലായിരുന്നു. ചട്ടയും മുണ്ടുമുടുത്ത് ലിപ്സ്റ്റിക് ഒക്കെ ഇട്ടുകൊണ്ട് മാർഗ്ഗം കളി കളിക്കുന്ന പോസിൽ ഇട്ടിമാണിയായി ലാലേട്ടനെ നമ്മൾ കണ്ടു. ഇന്നിതാ ശരിക്കും ഒരു മെഗാ മാർഗ്ഗം കളിക്കൊരുങ്ങുകയാണ് ഇട്ടിമാണിയും സംഘവും. മാളയിലെ സെന്റ്. ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ മോഹൻലാൽ 520 വനിതകൾക്കൊപ്പം ഒരു മെഗാ മാർഗ്ഗം കളിക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. കൂടെ ചുവട് വയ്ക്കാൻ സലിം കുമാറും, ഹരീഷ് കണാരനും, ബിഗ് ബോസ്സ് സുരേഷുമുണ്ട്. ഇട്ടിമാണിയുടെ ഷൂട്ടിംഗ് രംഗമായാണ് ഈ മെഗാ മാർഗ്ഗം കളി ചിത്രീകരിക്കുന്നത്.

മാള ഇടവക കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ അരങ്ങേറിയ മെഗാ മാർഗ്ഗം കളി ഓൺലൈനിൽ കണ്ട് ഇഷ്ടപ്പെട്ട മാള സ്വദേശി കൂടിയായ സംവിധായകൻ ജിബി ഈ രംഗം സിനിമയിലേക്ക് എടുക്കാൻ താല്പര്യപ്പെടുകയായിരുന്നു. ഇതോടെ ആ 520 വനിതകളും സിനിമയിൽ മുഖം കാണിക്കുന്നു എന്ന സവിശേഷതയുമുണ്ട്. 11 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ഈ മാർഗ്ഗം കളിക്കായി ഡാൻസ് മാസ്റ്റർ പ്രസന്ന പ്രത്യേക പരിശീലനം നൽകും. സൂപ്പർതാരം മോഹൻലാലിന്റെ വരവോടെ മാള നിവാസികൾ ഏറെ ആവേശത്തിലാണ്.

ഇട്ടിമാണി ഒരു പക്കാ കോമഡി എന്റർടൈനർ ആയിരിക്കും എന്നതിന് ഇതിലും വലിയ തെളിവില്ല. മാസ്സ് കഥാപാത്രങ്ങളിൽ നിന്ന് കോമഡി കഥാപത്രത്തിലേക്ക് മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷനാണ് ഇനി കാണാൻ പോകുന്നത്. ഇട്ടിമാണി പോസ്റ്റർ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചിരികളോടെ തരംഗമാകുകയാണ്.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിങ്ങ് മാളയിൽ ഇപ്പോൾ പുരോഗമിക്കുകയാണ്. രസകരമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കോമഡി എന്റർടൈനർ ആയിരിക്കും ഇട്ടിമാണി. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമ്മിക്കുന്ന ഈ മോഹൻലാൽ ചിത്രം ഓണം റിലീസായാണ് ഒരുങ്ങുന്നത്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. ഓണം ഫെസ്റ്റിവൽ റിലീസ് ആയി ചിത്രം പ്രതീക്ഷിക്കാം.

ittimani made in china margam kali photos viral

HariPriya PB :