53-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം, ‘അല്‍മ ആന്‍ഡ് ഓസ്‌കര്‍’ ഉദ്ഘാടന ചിത്രം

53-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഗോവയിലെ പനാജിയില്‍ ശ്യാമപ്രസാദ് മുഖര്‍ജീ ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകുന്നേരം 5 മണിയോട് കൂടി ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

ഓസ്‌ട്രേലിയന്‍ ചിത്രമായ ‘അല്‍മ ആന്‍ഡ് ഓസ്‌കര്‍’ ആണ് ഉദ്ഘാടന ചിത്രം. ക്രിസ്‌തോഫ് സനൂസിയുടെ ‘പെര്‍ഫെക്ട് നമ്പര്‍’ ആണ് സമാപന ചിത്രം. ഇന്ന് ആരംഭിക്കുന്ന മേള 28 വരെ നീളും.

എഴുപത് രാജ്യങ്ങളില്‍ നിന്നായി 280 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘അറിയിപ്പ്’, തരൂണ്‍ മൂര്‍ത്തിയുടെ ‘സൗദി വെള്ളയ്ക്ക’, എന്നീ മലയാള ചിത്രങ്ങള്‍ ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ പ്രിയനന്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ‘ധബാരി ക്യുരുവി’എന്ന ചിത്രവും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയിട്ടുണ്ട്. മത്സര വിഭാഗത്തില്‍ ഒരു മലയാള ചിത്രങ്ങള്‍ പോലും ഇല്ല.’ദ കശ്മീര്‍ ഫയല്‍സ്’, ‘ആര്‍ആര്‍ആര്‍’, അഖണ്ഡ, ‘ജയ് ഭീം’, ‘മേജര്‍’ തുടങ്ങിയ സിനിമകളും പ്രദര്‍ശനത്തിനെത്തും.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃത ഭാഷയിലുള്ള ‘യാനം’, അഖില്‍ ദേവ് എം സംവിധാനം ചെയ്ത ‘വീട്ടിലേക്ക്’ തുടങ്ങിയ ചിത്രങ്ങള്‍ ഇടം നേടിയിട്ടുണ്ട്. 20 സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലോകചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് സമ്മാനിക്കും.മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുന്ന ഹോമേജ് വിഭാഗത്തില്‍ കെപിഎസി ലളിത ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് സ്‌നേഹാഞ്ജലി അര്‍പ്പിക്കും. കെപിഎസി ലളിതയ്ക്കു പുറമേ അന്തരിച്ച ഗായകന്‍ കെ കെ, സംവിധായകന്‍ പ്രതാപ് പോത്തന്‍ എന്നിവരെയാണ് സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി അനുസ്മരിക്കുന്നത്.

Noora T Noora T :