സിനിമ വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല; കുറിപ്പുമായി ശാരദക്കുട്ടി

ഒമര്‍ ലുലുവിന്റെ പുതിയ സിനിമ നല്ല സമയത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാനനിമിഷം കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ റദ്ദാക്കിയിരുന്നു. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് മാളില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് ഹൈലൈറ്റ് അധികൃതര്‍ അറിയിച്ചതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ചർച്ചയായിരിക്കുകായാണ്

നിരവധി പേരാണ് ഷക്കീലയെ അനുകൂലിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദകുട്ടി.

ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ.പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ലെന്ന് ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി ഷക്കീലയെ വിളിച്ചു വരുത്തിയിട്ട് , ഷക്കീലയായതു കൊണ്ട് Programme നടത്താനാവില്ല എന്ന് ഹൈലൈറ്റ് മാൾ അധികൃതർ അറിയിച്ചതായി വാർത്ത കണ്ടു. ഒരു വീഡിയോയും കണ്ടു. അപമാനിക്കപ്പെടുന്നത് ഇതാദ്യമല്ല എന്നവർ പറഞ്ഞു. ഷക്കീല ഒരു കലാകാരിയാണ്. സ്വന്തം കുടുംബം രക്ഷപ്പെടുത്താനായി അവർ സ്വീകരിച്ച ഒരു തൊഴിലാണ് സിനിമ. പിന്നീട് അവർ തകർന്നുവെങ്കിലും സിനിമ എന്ന വ്യവസായം തകർന്നു നിന്ന കാലത്ത് അവരെ ഉപയോഗിച്ചു രക്ഷപ്പെട്ടതൊന്നും മറക്കാൻ പാടില്ല. അവർ നേരിട്ട അപമാനങ്ങളെല്ലാം ഒറ്റക്കുള്ളതായിരുന്നു എല്ലാക്കാലവും. ഒരു വലിയ വ്യവസായത്തിന്റെ ഭാഗമായിരുന്നിട്ടും അവർക്കൊപ്പം ഒരിക്കലും ആരുമുണ്ടായിരുന്നില്ല. അവരുടെ വേദന ആരെയും ഒരിക്കലും നോവിക്കില്ല. പരസ്യമായി അവർക്കൊപ്പം നിൽക്കാനും ആരുമുണ്ടാവില്ല. സിൽക്ക് സ്മിതയെ ആത്മഹത്യക്കു ശേഷം വാഴ്ത്തി കഥയും കവിതയും എഴുതിയവർ ഇവിടെയൊക്കെ ഉണ്ടല്ലോ അല്ലേ ?.

തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല വിഷയത്തിൽ പ്രതികരിച്ചത്.

Noora T Noora T :