ഒരു സഹോദരി പോയതിന്റെ ദുഖം നിങ്ങൾക്ക് അറിയില്ല, എന്റെ സ​ഹോദരിയാണ് പോയത്, എനിക്കതിന്റെ സങ്കടം ഉണ്ടാവും’; ആ ലൊക്കേഷനിൽ കൊച്ചിൻ ഹനീഫ പൊട്ടിത്തെറിച്ചു; വെളിപ്പെടുത്തി ഇന്നസെന്റ്!

കുഞ്ചാക്കോ ബോബനും ശാലിനിയും നായിക-നായകനായി എത്തിയ ആദ്യ ചിത്രമായിരുന്നു അനിയത്തി പ്രാവ്. യുവത്വം നെഞ്ചിലേറ്റിയ ചിത്രം ഹരിശ്രീ അശോകൻ, ഇന്നസെന്റ്, സുധീഷ്, ശ്രീവിദ്യ, തിലകൻ, കെപിഎസി ലളിത, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്. ശാലിനി-കുഞ്ചാക്കോ ബോബൻ എന്ന ഹിറ്റ് ജോഡി മലയാളത്തിന് ലഭിച്ചതും അനിയത്തി പ്രാവിലൂടെയാണ്.

കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയായിരുന്നു ഇത്. ഈ സിനിമയിലൂടെ നടൻ‌ മലയാള സിനിമയിൽ ചോക്ലേറ്റ് ഹീറോയായി തരം​ഗം സൃഷ്ടിച്ചു. ഫാസിൽ പിന്നീട് ഈ സിനിമ തമിഴിലും റീമേക്ക് ചെയ്യുകയും അവിടെയും സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ഇത്തരത്തിൽ എല്ലാം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടൻ ഇന്നസെന്റ്.

അനിയത്തി പ്രാവിൽ അരയൻ ചെല്ലപ്പൻ എന്ന കഥാപാത്രത്തെ ആണ് ഇന്നസെന്റ് അവതരിപ്പിച്ചത്. സിനിമയിലെ പ്രധാന രം​ഗങ്ങളിലൊന്നിൽ വരുന്ന കഥാപാത്രമാണിത്. നായകനും നായികയും വീട്ടുകാരിൽ നിന്നും ഒളിച്ച് താമസിക്കുന്നത് അരയൻ ചെല്ലപ്പന്റെ സഹായത്തോടെയാണ്. നായികയുടെ സഹോദരൻമാർ ഇവിടെ വന്ന് പ്രശ്നമുണ്ടാവുന്ന ഒരു രം​ഗം സിനിമയിലുണ്ട്. ഈ രം​ഗത്തെ പറ്റിയാണ് ഇന്നസെന്റ് സംസാരിച്ചത്.’സഹോദരൻമാർ വന്ന് ഞങ്ങളുടെ പെങ്ങളാണ് അവളെ ഇറക്കി വിടണമെന്ന് പറയും. എന്റെ പെങ്ങളാണ് ഞങ്ങൾ അവളെ എങ്ങനെയാണ് വളർത്തിയതെന്ന് അറിയുമോ എന്ന് ജനാർദ്ദനൻ പറയും പിന്നിൽ കൊച്ചിൻ ഹനീഫയും അനിയനും ഡയലോ​ഗ് പറയും. ഇതിനിടെ കൊച്ചിൻ ഹനീഫ കുറച്ച് കൂടി വൈകാരികമാക്കി പറഞ്ഞു’

‘പിന്നാലെ മറ്റുള്ളവരും. ഇതോടെ സംവിധായകൻ കട്ട് പറഞ്ഞു. ഒരു റൗണ്ട് കൂടെ എടുക്കാം എന്ന് പറഞ്ഞു. ഞാൻ ഫാസിൽ സാറോട് പറഞ്ഞു, ഇതിപ്പോൾ ആറാമത്തെ ടേക്ക് ആയെന്ന്. ഒന്നുകൂടെ എടുക്കണം, ദുഖം ഇത്തിരി കൂടുതലാണ്, ഇത്ര സങ്കടം വേണ്ട എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ കുറച്ച് കൂടി കുറയ്ക്കാൻ പറഞ്ഞു എല്ലാവരോടും. വീണ്ടും ഷൂട്ട് ചെയ്തു’.

എന്നാൽ വീണ്ടും അങ്ങനെ തന്നെ അഭിനയിച്ചു. അവസാനം ഉച്ചയായി. ബ്രേക്ക് പറഞ്ഞു. ഹനീഫ ആരോടും ഒന്നും മിണ്ടുന്നില്ല. പെങ്ങൾ പോയ മൂഡിൽ തന്നെയാണ്. ഇത്ര വലിയ കരച്ചിലിന്റെ ആവശ്യം ഇല്ല, ഇപ്പോൾ ചെയ്തതിന്റെ കാൽ ഭാ​ഗം മതിയെന്ന് ഹനീഫയോട് പറഞ്ഞു. പാച്ചിക്കാ ഒരു കാര്യം പറയാം, ഒരു സഹോദരി പോയതിന്റെ ദുഖം നിങ്ങൾക്ക് അറിയില്ല, എന്റെ സ​ഹോദരിയാണ് പോയത്. എനിക്കതിന്റെ സങ്കടം ഉണ്ടാവും’

‘എനിക്ക് കുറയ്ക്കാനും പറ്റില്ല ഒന്നിനും പറ്റില്ലെന്ന് ഹനീഫ പറഞ്ഞു.ഞങ്ങളൊക്കെ പകച്ചു പോയി. കാരണം ഇയാൾ ആ സീനിൽ അകപ്പെട്ടു പോയി. പിന്നീട് പറഞ്ഞ് മനസ്സിലാക്കി ആ ഷോട്ട് എടുത്തു,’ ഇന്നസെന്റ് പറഞ്ഞു.

AJILI ANNAJOHN :