‘ചേട്ടാ കുറച്ച് ചോറ് ഇടട്ടേ…’, ഇന്നസെന്റിന് പോഞ്ഞിക്കരയാകാന്‍ ഇഷ്ടമല്ലായിരുന്നു, മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആ രംഗം പിറന്നത് ഇങ്ങനെ!

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ അതുല്യ പ്രതിഭയായിരുന്നു ഇന്നസെന്റ്. ഇന്നസന്റ് എന്ന നടന്‍ തന്റെ ഹാസ്യശൈലി കൊണ്ട് അരങ്ങു തകര്‍ത്ത കഥാപാത്രമാണ് കല്യാണ രാമനിലെ പോഞ്ഞിക്കര. ഈ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ ഇന്നസെന്റിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിയപ്പോള്‍ അവയെല്ലാം ഇന്നും തിളങ്ങി നില്‍ക്കുകയാണ്.

‘ചേട്ടാ കുറച്ച് ചോറ് ഇടട്ടേ.., ‘മ്യൂസിക് വിത്ത് ബോഡി മസില്‍സ്’, ‘ചെന്തെങ്കിന്റെ കുല ആണെങ്കില്‍ ആടും’, മലയാളിയുടെ നര്‍മ്മബോധത്തെ ഇത്രയേറെ മനസിലാക്കിയ മറ്റൊരു ഡയലോഗ് ഉണ്ടാവില്ല എന്ന് തന്നെ പറയാം. മോര് കൂട്ടി കഴിക്കാന്‍ അല്‍പ്പം ചോറ് ഇടട്ടേയെന്ന് വിനയത്തോടെ ചോദിക്കുകയും, അതേ വിനയത്തോടെ ദേഷ്യപ്പെടുകയും ചെയ്യുന്ന മസില്‍ മാനാണ് പോഞ്ഞിക്കര. യഥാര്‍ഥത്തില്‍ അങ്ങനെയൊരു രംഗം ഇന്നസന്റിന്റെ ജീവിതത്തില്‍ തന്നെ നടന്ന സംഭവമാണ്.

തന്റെ നാട്ടില്‍ നടന്ന ഒരു കഥ ഇന്നസന്റ് ദിലീപിനോടു പറയുകയും പിന്നീട് ദിലീപ് അതു സംവിധായകനോടും തിരക്കഥാകൃത്തിനോടും പറയുകയും അവരതു ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. പോഞ്ഞിക്കര എന്ന കഥാപാത്രത്തിന് കഥാഗതിയില്‍ വലിയ പ്രാധാന്യം ഇല്ലെന്നു തോന്നിയതിനാല്‍ ഇന്നസെന്റിന് ആദ്യം വിഷമമായിരുന്നു.

എന്നാല്‍ പിന്നീട് അദ്ദേഹം സ്വന്തമായി കയ്യില്‍ നിന്ന് ഒട്ടനവധി നമ്പറുകളിട്ട് ആ കഥാപാത്രം അവിസ്മരണീയമാക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഷാഫി തന്നെ പറഞ്ഞിരുന്നു. ആദ്യ ദിവസം ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് മേക്കപ്പ് ഒക്കെ ഇട്ട് വന്ന് കണ്ണാടി നോക്കി ഇന്നസെന്റ് പറഞ്ഞുവത്രെ, ‘സാരമില്ല.. ഒരു കൂതറ ലുക്കുണ്ട്’ എന്ന്. ഷൂട്ടിങ് പുരോഗമിയ്ക്കവെ ഇന്നസെന്റിന് ആ കഥാപാത്രത്തോട് വല്ലാത്ത ഇഷ്ടം തോന്നി തുടങ്ങി എന്നും സംവിധായകന്‍ പറയുന്നു.

750 ഓളം ചിത്രങ്ങളില്‍ അഭിനനയിച്ച ഇന്നസെന്റ് 1972 ല്‍ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ചാലക്കുടി എം പിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു.

‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 ല്‍ വെള്ളിത്തിരയില്‍ എത്തിയ ഇന്നസെന്റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടര്‍ പശുപതി’, ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു.

ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്!തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.

Vijayasree Vijayasree :