വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രൻസ്. സഹനടനായും, കോമഡി താരമായും, സ്വഭാവ നടനായും, നായകനായുമൊക്കെ താരം തിളങ്ങി നിൽക്കുകയാണ്. ഒരുകാലത്ത് ബോഡിഷെയ്മിംഗ് തമാശകൾക്ക് ഇരയാവുന്ന കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന താരമാണ് ഇന്ദ്രൻസ്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് ഒരിക്കലും റെഡിമെയ്ഡ് വസ്ത്രങ്ങൾ ഉപയോഗിക്കാത്തത് എന്ന ചോദ്യത്തിനുള്ള മറുപടി പറയുകയാണ് ഇന്ദ്രൻസ്. ഇത്തരം കമ്പനികളുടെ അളവുകളെ തോൽപ്പിച്ച ശരീരമാണ് തന്റേതെന്നാണ് ഇന്ദ്രൻസ് പറയുന്നത്. അവരുടെ കണക്കോ, ശരീര ശാസ്ത്ര പ്രകാരമുള്ള ഷേൾഡറോ എനിക്കില്ല. അതിന് യോജിച്ചതല്ല എൻ്റെ കൈ വണ്ണം, വയർ, നെഞ്ച്. അതുകൊണ്ട് ഞാനവരെ തോൽപ്പിച്ചു എന്നാണ് ഇന്ദ്രൻസ് പറയുന്നത്.
മാത്രമല്ല, അഭിനയം എന്ന് പറയുന്നത് പന്തുകളി പോലെ ഒക്കെ തന്നെയാണ്. പാസ് ചെയ്ത് ഇങ്ങോട്ട് കിട്ടുന്നത് പോലെയേ അങ്ങോട്ട് കൊടുക്കാൻ പറ്റൂ. പുതിയ ആൾക്കാരുടെ കഥ കേട്ട് കൊതിച്ചിട്ട് അങ്ങ് ചെല്ലും. പക്ഷേ, അവിടെ പരിചയസമ്പത്തുള്ള ആരുമുണ്ടാകില്ല. അങ്ങനെയൊക്കെ ആകുമ്പോ ഒന്നും ചെയ്യാൻ പറ്റാതെയായിപ്പോകും.
മെയിൻ കഥാപാത്രങ്ങൾ ചെയ്യാൻ പോയി മിക്ക സിനിമകളിലും കിട്ടിയ അനുഭവം അതാണ്. വളരെ നന്നായി വന്നവയും ഉണ്ട്. ചെറിയ വേഷങ്ങളിൽ നല്ല ടെക്‌നീഷ്യൻസിന്റെയുമൊക്കെ കൂടെ പണി എടുക്കുമ്പോഴാണ് കൂടുതൽ പഠിക്കാൻ പറ്റുന്നത്” എന്നാണ് സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ് പറയുന്നത്.
അതേസമയം, അടുത്തിടെ നിരവധി ഗംഭീര കഥാപാത്രങ്ങളുമായി ഇന്ദ്രൻസ് എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിക്ക സിനിമകളും ബോക്‌സ് ഓഫീസിൽ കനത്ത പരാജയം നേടിയവയാണ്. ‘നടികർ’, ‘സിഐഡി രാമചന്ദ്രൻ റിട്ടയേഡ് എസ്‌ഐ’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്.