ജിംനേഷ്യത്തിൽ നിന്നും ഇന്ദ്രൻസിനെ ഇറക്കിവിട്ടു.

ജിംനേഷ്യത്തിൽ നിന്നും ഇന്ദ്രൻസിനെ ഇറക്കിവിട്ടു.

ശരീരത്തിന്റെ വണ്ണം കുറയ്ക്കാനും മസിൽ വർദ്ധിപ്പിക്കാനുമൊക്കെ എല്ലാവരും ജിംനേഷ്യത്തിൽ പോകുന്നത് ഒരു ശീലമാക്കാറുണ്ട്. അതുപോലെ ഒരിയ്ക്കൽ നടൻ ഇന്ദ്രൻസും ജിം നേഷ്യത്തിൽ പോകാൻ തുടങ്ങി. ജിം നേഷ്യത്തിൽ പോയാലെങ്കിലും തന്റെ കുടക്കമ്പി പോലിരിക്കുന്ന ശരീരം ഒന്നു നന്നായെങ്കിലോ?

അങ്ങനെ ഇന്ദ്രൻസ് തന്റെ വീടിനടുത്തുള്ള ചണ്ഡികാ ജിംനേഷ്യം നടത്തിപ്പുകാരനായ പൊന്നപ്പൻ ആശാന്റെ കാലിൽ വീണു. എന്നെ എങ്ങനെയെങ്കിലും ഒന്ന് നന്നാക്കിത്തരണമെന്ന് അപേക്ഷിച്ചു. തന്റെ അനിയനും അവിടെയാണ്‌ പോകുന്നത്. ആ ധൈര്യത്തിലാണ്‌ ഇന്ദ്രൻസ് ആശാന്റെ അടുത്ത് ചെന്നത്.

എന്നാൽ ഇന്ദ്രൻസിനെ കണ്ടപ്പഴേ ആശാൻ നിരുത്സാഹപ്പെടുത്തി. ഈ ശരീരവും വെച്ചു കൊണ്ട് എന്തു കാട്ടാനാണ്‌ എന്നദ്ദേഹം ഒരു മയവുമില്ലാതെ ചോദിക്കുകയും ചെയ്തു. അന്നത്തെ ആഹാരശീലങ്ങളും ഇന്ദ്രൻസിന്റെ ശരീരം നന്നാകാതിരുന്നതിന്‌ ഒരു കാരണമായിരുന്നു. മീനും ഇറച്ചിയും ഒന്നും അദ്ദേഹം കഴിക്കില്ലായിരുന്നു.

എങ്കിലും ഇന്ദ്രൻസിന്റെ നിർബന്ധം സഹിക്കാതെ മനസില്ലാ മനസോടെ ഇന്ദ്രൻസിനോട് ജിമ്മിൽ ജോയ്ൻ ചെയ്തുകൊള്ളാൻ ആശാൻ പറഞ്ഞു. എന്നിട്ട് അദ്ദേഹം ഒരു കണ്ടീഷനും വെച്ചു. ഇവിടെ വന്ന് ചെറിയ വ്യായാമ മുറകൾ മാത്രമേ ചെയ്യാവൂ.

അങ്ങനെ ഇന്ദ്രൻസ് ജിമ്മിൽ പോകാൻ തുടങ്ങി. പക്ഷേ ജിമ്മിൽ പോയി തുടങ്ങിയപ്പോൾ ഇന്ദ്രൻസിന്റെ ആഗ്രഹങ്ങൾ വാനോളമുയർന്നു. തനിക്കും നല്ല പുഷ്ടിയുള്ള ശരീരം വേണം. അങ്ങനെ ആശാൻ ജിമ്മിൽ ഇല്ലാതിരുന്ന ഒരു ദിവസം ഇന്ദ്രൻസ് ചെറിയ വ്യായാമ മുറകൾ ഒക്കെ മറന്ന് തന്റെ ശരീര സൗന്ദര്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചു.

ഒരു ബെഞ്ചിൽ മലർന്നു കിടന്ന് ഡംബെൽസുകളെടുത്ത് തല മുകളിലേക്ക് കൊണ്ടു വരാൻ ആരംഭിച്ചു. പെട്ടെന്ന് പിറകിൽ നിന്നൊരാൾ അത് പിടിച്ചു വാങ്ങി. അത് പൊന്നപ്പൻ ആശാനായിരുന്നു. അദ്ദേഹം അന്ന് ഇന്ദ്രൻസിനെ കണക്കറ്റ് ശകാരിക്കുകയും ചെയ്തു. ആ നിമിഷം ജിംനേഷ്യത്തിൽ നിന്നും ഇറങ്ങിക്കൊള്ളാനും പറഞ്ഞു.

ഇന്ദ്രൻസിന്റെ മെലിഞ്ഞുണങ്ങിയ കൈകൾക്ക് ഒരിക്കലും എടുത്ത് ഉയർത്താനാവുന്നതായിരുന്നില്ല ആ ഡംബെൽസുകൾ. അത് ഉയർത്തുന്നതിനിടയിൽ തലയിലോ മറ്റോ വീണ്‌ അപകടം ഉണ്ടാകുമായിരിക്കാം. അങ്ങനെ ഇന്ദ്രൻസിന്റെ ശരീര സൗന്ദര്യം എന്ന സ്വപ്നത്തിനും അതിനു വേണ്ടി പ്ളാൻ ചെയ്തിരുന്ന കായികാഭ്യാസത്തിനും എന്നേക്കും അവസാനമായി.

Sajtha San :