ഇപ്പോഴത്തെ കുട്ടികൾ കൂടിയിരിക്കുന്നിടത്ത് നമ്മൾ ചെന്നാൽ അവർ മാറിപ്പോയി ഇരിക്കും, പഴയ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്താൽ കൊള്ളാം എന്ന് തോന്നാറുണ്ട്; ഇന്ദ്രന്‍സ്

മലയാളികള്‍ ഒരുപോലെ നെഞ്ചേറ്റിയ താരമാണ് ഇന്ദ്രന്‍സ്. ഒരുകാലത്ത് കോമഡി വേഷങ്ങളില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്ന താരം ഇന്ന് കരുത്തുറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരെ അന്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ, പഴയ കാലത്തെയും പുതിയ കാലത്തെയും സിനിമാ ലൊക്കേഷൻ അനുഭവങ്ങളെ കുറിച്ച് പറയുകയാണ് ഇന്ദ്രന്‍സ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രന്‍സ് ഇതേ കുറിച്ച് സംസാരിച്ചത്.

പഴയതുപോലെ തന്നെയാണ്. ഇപ്പോഴുള്ള സിനിമാക്കാരും വളരെ ഫ്രണ്ട്ലി ആയിട്ടാണ് വർക്ക് ചെയ്യുന്നത്. പക്ഷേ അതുപോലെ എനിക്ക് പറ്റുന്നില്ല. ഇപ്പോഴത്തെ കുട്ടികൾ കൂടിയിരിക്കുന്നിടത്ത് നമ്മൾ ചെന്നാൽ അവർ മാറിപ്പോയി ഇരിക്കും. നമ്മുടെ അച്ഛനോ അമ്മയോ അടുത്തേക്ക് വന്നാൽ കുട്ടികൾ മാറിപ്പോയി ഇരിക്കാറുണ്ടല്ലോ, അതുപോലെ.

അവർ അവരുടെ തരക്കാരുമായി ഒരുമിച്ചിരിക്കുന്നു. ആ അകലം എന്നെപ്പോലെ പ്രായമായ ആൾക്കാർ അനുഭവിക്കുന്നു. അവരുടെ കൂട്ടുകെട്ടും കൂടിച്ചേരലും ആഘോഷവുമൊക്കെ സിനിമാ സെറ്റിൽ ഉണ്ട്. അവർക്ക് സ്വാതന്ത്ര്യമായി സംസാരിക്കാൻ കഴിയുന്നുണ്ടാകില്ല. ഒഴിവാക്കൽ അല്ലെങ്കിൽ പോലും നമുക്ക് അത് അറിയാം.

പഴയ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്താൽ കൊള്ളാം എന്ന് തോന്നാറുണ്ട്. മനസ്സ് പിന്നോട്ട് വലിക്കുന്നുണ്ട്. പഴയപോലെ കോമഡി റോൾ ചെയ്യാൻ നിരന്തരം തോന്നാറുണ്ട്. പണ്ട് കൊടക്കമ്പി എന്നു വിളിക്കുന്നത് ഞാൻ ആഘോഷിച്ചിട്ടേ ഉള്ളൂ. ചെയ്ത കഥാപാത്രങ്ങൾ അത്രത്തോളം ജനങ്ങളിലേക്ക് എത്തി എന്നുള്ള സംതൃപ്തി തോന്നുമായിരുന്നു എന്നും ഇന്ദ്രൻസ് പറഞ്ഞു.

അതേസമയം, വരുന്ന കഥാപാത്രങ്ങൾ അങ്ങനെ ഒഴിവാക്കിയിട്ടൊന്നുമില്ല. വരുന്നത് പോകാതിരിക്കാനെ നോക്കാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ചില കഥാപാത്രങ്ങൾ കിട്ടുമ്പോൾ ഡയറക്ടർ പറയുന്നത് അനുസരിക്കണം. അതേയുള്ളൂ മാർഗം. എല്ലാം ഒത്തു വന്നാലേ പ്രമേയത്തിൽ ഒക്കെ മാറ്റം വരുകയുള്ളൂ.

തരുന്ന ഭക്ഷണത്തിൽ കുറച്ചോട്ടെ, താമസസൗകര്യം കുറച്ചോട്ടെ, പക്ഷേ ഫ്രെയിമിൽ വിട്ടുവീഴ്ച ചെയ്യില്ല എന്ന് പറയുന്ന സിനിമകളിൽ വർക്ക് ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ, സിനിമയെ ആണല്ലോ ദൈവമേ നശിപ്പിക്കുന്നത് എന്നറിഞ്ഞുകൊണ്ട് ചിലർക്കൊപ്പം വർക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. മേക്കപ്പ് പോലും ചെയ്യാതെ, ഇട്ടുകൊണ്ടുവന്ന വസ്ത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നും ഇന്ദ്രൻസ് പറഞ്ഞു.

Vijayasree Vijayasree :