‘ഹിഗ്വിറ്റ’ പേര് വിവാദത്തില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയാകാം; ഫിലിം ചേംബര്‍

കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായ ‘ഹിഗ്വിറ്റ’ പേര് വിവാദത്തില്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയാകാമെന്ന് ഫിലിം ചേംബര്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായി അടുത്ത ദിവസം ചര്‍ച്ച നടത്തുമെന്നും പേരിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചേംബര്‍ വ്യക്തമാക്കി. എന്‍ എസ് മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരില്‍ വിമര്‍ശനം നേരിടവെയാണ് ഫിലിം ചേംബറിന്റെ പ്രതികരണം.

പേര് വിവാദത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അഭിഭാഷകരെ കണ്ട് നിയമോപദേശം തേടിയിട്ടുണ്ട്. ‘ഹിഗ്വിറ്റ’ എന്ന പേരിന് എന്‍ എസ് മാധവനില്‍ നിന്ന് അനുമതി വാങ്ങാന്‍ ചേംബര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നിയമപരമായി നീങ്ങുന്നത്.

മൂന്ന് വര്‍ഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യങ്ങള്‍ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന ‘ഹിഗ്വിറ്റ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ തന്റെ ചെറുകഥയുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് എന്‍ എസ് മാധവന്‍ രംഗത്തെത്തി. ‘ഹിഗ്വിറ്റ’ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

ഹേമന്ത് ജി നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എന്‍ എസ് മാധവന്റെ കഥയുമായി ഒരു ബന്ധവുമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്. പേര് വിവാദം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. എഴുത്തുകാരനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

ഫുട്‌ബോളിലെ ചരിത്ര പുരുഷനായി ഹിഗ്വിറ്റ സാങ്കല്‍പിക കഥാപാത്രമല്ലാത്തതിനാല്‍ പേരില്‍ എന്‍ എസ് മാധവന് അവകാശവാദം ഉന്നയിക്കാന്‍ ആവില്ലെന്ന് ഒരു വിഭാഗമാളുകള്‍ അഭിപ്രായപ്പെടുന്നു. ഹിഗ്വിറ്റ എന്ന കഥ മൗലിക സൃഷ്ടിയാണെങ്കിലും പേരില്‍ പകര്‍പ്പവകാശം ഉന്നയിക്കാന്‍ ആകില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

Vijayasree Vijayasree :