‘ഹിഗ്വിറ്റ’യ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; ചിത്രം ഉടന്‍ തിയേറ്ററുകളിലേയ്ക്ക്…

സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിലെത്തുന്ന ‘ഹിഗ്വിറ്റ’യ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. ഫിലിം ചേമ്പര്‍ കത്ത് ഇല്ലാതെയാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പേരിന്റെ കാര്യത്തില്‍ എന്‍എസ് മാധവനുമായി ധാരണയിലെത്താതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള കത്ത് നല്‍കില്ലെന്നാണ് ഫിലിം ചേമ്പര്‍ നിലപാട്.

ഫിലിം ചേംബര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പേര് സംബന്ധിച്ച് സമവായമുണ്ടായിരുന്നില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം ചിത്രത്തിന്റെ സംവിധായകനായ ഹേമന്ത് ജി നായര്‍ അംഗീകരിച്ചിട്ടില്ലായിരുന്നു.

ഇതോടെ വിലക്കുമായി മുന്നോട്ട് പോവുമെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഫിലിം ചേംബറിന്റെ കത്ത് ഇല്ലാതെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് നല്‍കിയത്. ജനുവരി ആദ്യവാരം ചിത്രം റിലീസിനെത്തിക്കാനാണ് ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ തന്റെ ചെറുകഥയുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് എന്‍ എസ് മാധവന്‍ രംഗത്തെത്തി. ‘ഹിഗ്വിറ്റ’ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ഇതോടെയാണ് ചിത്രത്തിന്റെ പേര് വിവാദമായത്.

Vijayasree Vijayasree :