നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മലയാള സിനിമയിൽ അഭിനയിക്കാൻ ടാലന്റ് ഉണ്ടായാൽ മാത്രം പോരാ, കാസ്റ്റിങ് കൗച്ചിന് വഴങ്ങേണ്ടിയും വരുമെന്ന് പറയുകയാണ് ഹണി റോസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു ഹണിയുടെ പ്രതികരണം. എന്റെ അറിവിൽ ഫോൺ കോളിലൂടെയോ നേരിട്ടോ സംസാരിക്കുകയാവും ചെയ്യുക.
നമുക്ക് അതിന് മറുപടി പറയാൻ സാധിക്കില്ലേ? വ്യക്തമായി മറുപടി നൽകും. പിന്നെ ആ മനുഷ്യൻ മുന്നിലേക്ക് വരില്ല. അപ്പോഴും അവസരത്തിന്റെ കാര്യത്തിൽ പ്രശ്‌നമുണ്ടാകുമെന്നത് അവിടെ കിടക്കുന്നു. അതോടെ ആ പടത്തിലേക്കും ആ വ്യക്തിയുടെ സിനിമകളിലേക്കും നമ്മളെ വിളിക്കാതാകും.
കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വൃത്തിക്കേട് നമ്മൾ കഴിവുള്ള ആളാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് തയ്യാറായാലേ വർക്കുള്ളൂ എന്ന അവസ്ഥയാണ്. പുതിയ ആളായി ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ നമ്മൾ എസ്റ്റാബ്ലിഷ് ആയിരിക്കില്ല. അപ്പോഴായിരിക്കും ഈ ചൂഷണം ഏറ്റവും കൂടുതൽ നേരിടേണ്ടി വരിക.
പേടിക്കേണ്ടതായ സാഹചര്യം ഒരു മേഖലയിലും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരാളെ ശാരീരികമായി ആക്രമിക്കുന്ന തരത്തിൽ എത്തിയാൽ മാത്രമേ അത്തരമൊരു സാഹചര്യം ഉണ്ടെന്നു പറയാനാകൂ. വളരെ വിരളമായേ അത്തരം സാഹചര്യങ്ങളെ കുറിച്ച് കേട്ടിട്ടുള്ളൂ. എന്നെ സംബന്ധിച്ചടുത്തോളം, ഒരു ഫോൺ കോളിലാകും അത് വരിക എന്നും ഹണി റോസ് പറയുന്നു.
നേരത്തെ, ഹണി റോസ് നൽകിയ ലൈം ഗികാധിക്ഷേപ പരാതിയിന്മേൽ വ്യവസായി ബോബി ചെമ്മണ്ണൂർ കുറച്ച നാളുകൾക്ക് മുമ്പാണ് അറസ്റ്റിലായത്. നാല് മാസം മുമ്പ് നടന്നൊരു ഉദ്ഘാടന പരിപാടിയിൽ വച്ചുണ്ടായ സംഭവമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് ഹണി റോസ് പറയുന്നത്.
നാല് മാസം മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തു. അഞ്ചോ ആറോ തവണ ഈ വ്യക്തിയുടെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷെ നാല് മാസം മുമ്പ് പങ്കെടുത്ത പരിപാടിയിലാണ് ബുദ്ധിമുട്ട് ഉണ്ടായത്. കുന്തി ദേവി എന്ന പദ പ്രയോഗം മാത്രമല്ല, അവിടെ സംഭവിച്ചിട്ടുള്ളത്. അതല്ലാതേയും പല ഡയലോഗുകളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
ആയിരക്കണക്കിന് ആളുകളും ചാനലുകാരും അവിടെ ഉണ്ടായിരുന്നു. അപ്പോൾ പ്രതികരിച്ചാൽ അദ്ദേഹത്തിന്റെ മറുപടി ഞാൻ പറഞ്ഞത് നല്ല രീതിയിലാണെന്നും മോശമായി ചിന്തിച്ചത് നിങ്ങളുടെ കുഴപ്പം മാത്രമാണ് എന്നാകും. പരിപാടിയ്ക്ക് ശേഷം മാനേജരെ വിളിച്ച് ഈ പെരുമാറ്റം മോശമായിപ്പോയി എന്നും ഈ പ്രസ്താനവുമായി ഇനി സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും അറിയിച്ചിരുന്നു.
അത് കഴിഞ്ഞും ഞാൻ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പുണ്ടായൊരു പരിപാടിയിൽ, ഇദ്ദേഹത്തിന്റെ ബ്രാന്റുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയിൽ, ഇദ്ദേഹവും വരുന്നുണ്ടെന്ന് ഞാൻ അറിയുന്നത് തലേദിവസം പുറത്ത് വിട്ട പ്രൊമോ വീഡിയോ കണ്ടപ്പോഴാണ്. ആ വീഡിയോയിലും എന്റെ ശരീരത്തെക്കുറിച്ച് അനാവശ്യം പറയുന്നുണ്ട്. ഇദ്ദേഹം ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ പരിപാടി കമ്മിറ്റ് ചെയ്യുമായിരുന്നില്ല.
പക്ഷെ കമ്മിറ്റ് ചെയ്തതിനാൽ പിന്മാറാൻ സാധിക്കില്ല. ആ പരിപാടിയിലും ഇദ്ദേഹം മോശം പരാമർശങ്ങൾ നടത്തി.തുടർന്നും ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. പക്ഷെ ഞാൻ വരില്ലെന്ന് അറിയിച്ചു. തുടർന്നും അഭിമുഖങ്ങളിലും മറ്റുമായി എന്നെക്കുറിച്ച് മോശം രീതിയിൽ സംസാരിക്കുകയുണ്ടായി. ഒരാഴ്ച മുമ്പ് നൽകിയൊരു അഭിമുഖത്തിലും വീണ്ടും അതേ സംഭവം കൂടുതൽ മൂർച്ചയോടെ എടുത്തിട്ടു. കൈ കൊണ്ട് എന്റെ ശരീരഭാഗങ്ങൾ കാണിച്ചു കൊണ്ടാണ് ആ അഭിമുഖം നൽകിയിരിക്കുന്നതെന്നും ഹണി റോസ് പറഞ്ഞിരുന്നു.