ടെലിവിഷൻ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് ഹിന ഖാൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി തനിക്ക് സ്തനാർബുദം ബാധിച്ചതായി സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ കീമോ ആരംഭിച്ചതിനു പിന്നാലെ തന്റെ മുടി മുറിച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് മുടി മുറിച്ച വിവരം ആരാധകരെ അറിയിച്ചത്. കരച്ചിൽ അടക്കി ചിരിക്കുന്ന മുഖവുമായി മുടി മുറിക്കാനിരിക്കുകയാണ് ഹിന. കാൻസർ പോരാട്ടത്തേക്കുറിച്ചുള്ള നീണ്ട കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവച്ചത്.
ഹിനയുടെ കുറിപ്പ്;
കാശ്മീരിയിൽ അമ്മയുടെ കരച്ചിൽ കേൾക്കാം (എന്നെ അനുഗ്രഹിച്ചുകൊണ്ട്) അവർ ഒരിക്കലും സങ്കൽപ്പിക്കാത്ത ഒരു കാര്യത്തിന് സാക്ഷിയാവാൻ സ്വയം തയ്യാറെടുക്കുകയാണ്. നമ്മൾ ഓരോരുത്തരും പലരീതിയിലല്ലേ വികാരങ്ങൾ നിയന്ത്രിക്കുന്നത്. അവിടെയുള്ള എല്ലാ സുന്ദരരായ മനുഷ്യന്മാർക്കും, പ്രത്യേകിച്ച് എന്നെപ്പോലെ പോരാട്ടം നടത്തുന്ന എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നു.
ഇത് ബുദ്ധിമുട്ടുള്ളതാണെന്ന്എനിക്കറിയാം. നമുക്ക് പലർക്കും ഒരിക്കലും അഴിക്കാത്ത കിരീടം നമ്മുടെ മുടിയാണ്. എന്നാൽ നിങ്ങളുടെ തലമുടി-അഭിമാനം, കിരീടം-നഷ്ടപ്പെടേണ്ട വിധം കഠിനമായ ഒരു യുദ്ധത്തെ നിങ്ങൾ അഭിമുഖീകരിക്കുന്നെങ്കിലോ? നിങ്ങൾക്ക് വിജയിക്കണമെങ്കിൽ ചില കടുത്ത തീരുമാനങ്ങൾ എടുക്കണം.
ഞാൻ വിജയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ യുദ്ധത്തിൽ വിജയിക്കാൻ സാധ്യമായ എല്ലാം ഞാൻ ചെയ്യും. എന്റെ സുന്ദരമായ മുടി കൊഴിയാൻ തുടങ്ങുന്നതിന് മുമ്പ് അത് ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. ആഴ്ചകളോളം ഈ മാനസിക തകർച്ച സഹിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.
അതിനാൽ, എന്റെ കിരീടം ഉപേക്ഷിക്കുകയാണ്, കാരണം എന്റെ യഥാർത്ഥ കിരീടം എന്റെ ധൈര്യവും എന്റെ ശക്തിയും എന്നോടുള്ള സ്‌നേഹവുമാണ്. ഈ ഘട്ടത്തിൽ നല്ലൊരു വിഗ് ഉണ്ടാക്കാൻ എന്റെ സ്വന്തം മുടി ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു. മുടി വളരും, പുരികങ്ങൾ തിരികെ വരും, പാടുകൾ മങ്ങും, പക്ഷേ ആത്മാവ് പൂർണ്ണമായി നിലനിൽക്കണം എന്നും താരം പറയുന്നു.
അതേസമയം, യേ റിശ്താ ക്യാ കഹ്‌ലാത്ത ഹേ എന്ന സീരിയലിലൂടെയാണ് ഹിന ശ്രദ്ധ നേടുന്നത്. കസൗട്ടി സിന്ദഗി കെ, നാഗിൻ 5 എന്നീ ജനപ്രിയ പരമ്പരകളിലും അഭിനയിച്ച് കയ്യടി നേടിയിരുന്നു. ബിഗ് ബോസ്, ഖത്രോം കി ഖിലാഡി എന്നീ ഷോകളിലും എത്തിയിട്ടുണ്ട്. കൂടാതെ ഹാക്ഡ്, ഷിൻഡ ഷിൻഡ നോ പപ്പ, അൺലോക്, വിഷ്‌ലിസ്റ്റ് തുടങ്ങിയ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.