‘നെല്‍പ്പാടങ്ങളില്‍ നിന്നും ചരിത്രത്തിലേയ്ക്ക് ഓടിക്കയറി ഹിമ ദാസ്..’ അണ്ടർ 20 ലോക അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണം!

‘നെല്‍പ്പാടങ്ങളില്‍ നിന്നും ചരിത്രത്തിലേയ്ക്ക് ഓടിക്കയറി ഹിമ ദാസ്..’ അണ്ടർ 20 ലോക അത്‌ലറ്റിക്ക്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണം!

ട്രാക്കില്‍ ചരിത്രമെഴുതി ഹിമ ദാസ്. ഫിന്‍ലാന്റില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ സ്പ്രിന്റ് താരം ഹിമ ദാസ് വാര്‍ത്തകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. അസ്സാമിലെ ദിങ്ങ് വില്ലേജില്‍ നിന്നുള്ള ഒരു നെല്‍കര്‍ഷകന്റെ മകള്‍ ഇന്ത്യക്കായി നേടിയത് 400 മീറ്ററില്‍ സ്വര്‍ണ്ണമാണ്. ഒരു ലോക ചാംപ്യന്‍ഷിപ്പില്‍ ട്രാക്കില്‍ നിന്ന് ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ്ണമാണിതെന്ന് പറയുമ്പോഴാണ് ആ വിജയത്തിന്റെ മധുരം എത്രത്തോളമാണെന്ന് നാം തിരിച്ചറിയുന്നത്.

തുടക്കത്തില്‍ പതറിയെങ്കിലും അവസാന 80 മീറ്ററില്‍ കുതിച്ച ഹിമ മുന്നില്‍ ഉണ്ടായിരുന്ന മൂന്ന് എതിരാളികളെയും പിന്നിലാക്കി 51.46 സെക്കന്റില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ സ്പിന്റ് ഇനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ജൂനിയര്‍ മീറ്റില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന അംഗീകാരവും ഹിമ സ്വന്തമാക്കി.

രണ്ട് വര്‍ഷം മുന്‍പാണ് ഹിമ ആദ്യമായി സ്‌പൈക് അണിയുന്നത്. വെറും രണ്ടു വര്‍ഷം കൊണ്ട് ഇതുപോലെ ഒരു വലിയ ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കാനായത് ഹിമയുടെ കഴിവ് എത്രത്തോളമുണ്ട് എന്നത് നമുക്ക് മനസ്സിലാക്കി തരുന്നുവെന്ന് ഹിമയുടെ കോച്ച് നിപ്പോണ്‍ ദാസ് പറയുന്നു. തുടക്കത്തില്‍ അവള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലില്ല എന്നത് തന്നെ ഒരിക്കലും നിരാശപെടുത്തിയില്ലെന്നും അവളുടെ മുഴുവന്‍ കഴിവും അവസാന 80 മീറ്ററില്‍ കാണാമെന്ന് തനിക്ക് ഉറപ്പുണ്ടായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വിജയത്തോടു കൂടി ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവരുടെ പട്ടികയിലേക്ക് ഹിമയും എത്തിയിരിക്കുകയാണ്. ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ സീമ പുനിയ, നവജീത് കൗര്‍, ജാവലിനില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്ര എന്നിവര്‍ക്കൊപ്പമാണ് ഈ തുടക്കക്കാരിയുടെ സ്ഥാനമെങ്കിലും ട്രാക്കില്‍ നിന്ന് ഇന്ത്യക്ക് ആദ്യമായി ലഭിച്ച ഈ സ്വര്‍ണത്തിന് ഇരട്ടി മധുരമുണ്ട്. ആണ്‍കുട്ടികളുടെ ലോംങ് ജംപില്‍ ഫൈനല്‍ യോഗ്യത നേടിയ മലയാളി താരം എം.ശ്രീ ശങ്കറിന് ആറാം സ്ഥാനവും ലഭിച്ചു.

ഹിമാ ദാസിനെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാന മന്ത്രിയും അടക്കം നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. അസമിനും ഇന്ത്യയ്ക്കും അഭിമാനമാണ് ഹിമയെന്നാണഅ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചത്. ഹിമ യുവ അത്‌ലറ്റുകള്‍ക്ക് പ്രചോഗനമാണെന്നാണ് പ്രധാന മന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.

കൂടുതല്‍ വായിക്കുവാന്‍-

ഫ്രഞ്ച് പടയോട്ടത്തിൽ അർജന്റീനയുടെ മനക്കോട്ട തകർന്നു!! ഫ്രാൻസ് ക്വാർട്ടറിൽ, അർജന്റീന പുറത്ത്, ഫ്രാൻസ് 4, അർജന്റീന 3

Hima Das gives India first world gold on track

Farsana Jaleel :