ചില റിവ്യൂമാര്‍ക്ക് ഉറുമ്പിന്റെ സ്വഭാവമാണ്, കടിച്ചിട്ടേ പോകൂ, നന്നാക്കാന്‍ നോക്കിയിട്ട് കാര്യമില്ല; ഹരിശ്രീ അശോകന്‍

തങ്ങളുടെ സിനിമകളെ മനപൂര്‍വ്വം താറടിച്ച് കാണിക്കാന്‍ ശ്രമിക്കുന്നവരാണ് ഓണ്‍ലൈന്‍ റിവ്യൂവര്‍മാര്‍ എന്നാണ് പല സിനിമാ പ്രവര്‍ത്തകരുടെയും ആരോപണം. റിവ്യൂ ബോംബിംഗിനെതിരെ കഴിഞ്ഞ കുറച്ച് നാളുകളാം വിമര്‍ശനങ്ങളും ചര്‍ച്ചകളും സജീവമായിരുന്നു. ഇതിന്റെ പേരില്‍ ഏതാനും റിവ്യുവര്‍മാര്‍ക്കെതിരെ കേസും നിലവിലുണ്ട്. ഈ അവസരത്തില്‍ റിവ്യുകളെ കുറിച്ച് നടന്‍ ഹരിശ്രീ അശോകന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുനന്ത്.

കടകന്‍ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെ ആയിരുന്നു അശോകന്റെ പ്രതികരണം. റിവ്യൂവര്‍ ആയ അശ്വന്ത് കോക്ക് കടകന്‍ കണ്ട ശേഷം മണല്‍വാരല്‍ കഥ പത്ത് ഇരുപത് വര്‍ഷം മുന്നേ പറയേണ്ടതാണെന്ന് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആയിരുന്നു ഹരിശ്രീ അശോകന്റെ മറുപടി.

‘ഇവിടുത്തെ നിയമം അനുസരിച്ച് ഒരാള്‍ക്ക് കൈക്കൂലി വാങ്ങാന്‍ പറ്റില്ല. അല്ലേ അവരെ ശിക്ഷിക്കാം. എന്നാലും കൈക്കൂലി വാങ്ങിക്കുന്നവര്‍ ഇല്ലേ. അങ്ങനെ ഇല്ലെന്ന് പറയാന്‍ പറ്റുമോ. അങ്ങനെ ആണെങ്കില്‍ കൈക്കൂലി വാങ്ങിക്കുന്ന ഒരു സബ്ജക്ട് പറഞ്ഞാല്‍ അത് ആ കാലഘത്തില്‍ പറയേണ്ടതല്ലേ എന്ന് പറയാന്‍ പറ്റോ. ഈ സംഭവം എപ്പോഴും ഉണ്ട്. നമ്മള്‍ ഒരു കലാസൃഷ്ടി ഉണ്ടാക്കുമ്പോള്‍ അത് ഇന്‍ട്രസ്റ്റിംഗ് ആയിരിക്കണം. കണ്ടിരിക്കാന്‍ പറ്റണം.

ഭ്രമയുഗം എന്താ അന്ന് പറയാതിരുന്നത്. ഇപ്പോള്‍ പറയേണ്ട കഥയാണോന്ന് ആരെങ്കിലും പറയോ. ഇപ്പോള്‍ എന്തും പറയാം എന്നുള്ളതാണ്. ഈ ഉറുമ്പിന്റെ സ്വഭാവം എന്താണ്. അത് ശരീരത്ത് വന്നിരുന്ന് കടിക്കും. അത് അതിന്റെ സ്വഭാവം ആണ്. കുറ്റം പറയാന്‍ പറ്റില്ല. അത് വെള്ളത്തില്‍ കിടക്കുമ്പോള്‍ കൈ കൊടുത്ത് കേറി വന്നാലും പോകുന്ന വഴിക്ക് ഒരു കടി തന്നിട്ടേ പോകൂ.

അങ്ങനെ റിവ്യൂ പറയുന്നവരാണ് ചിലര്‍. അവരത് പറഞ്ഞോട്ടെ. അത് നേരെയാക്കാന്‍ വലിയ ബുദ്ധിമുട്ടാ. അവര്‍ പറഞ്ഞെന്ന് കരുതി സിനിമയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കണ്ണാടിയില്‍ സ്വന്തം രൂപം കണ്ടാല്‍ പോലും ദേഷ്യപ്പെടുന്നവരാണ് ഇവരൊക്കെ. അത് സൃഷ്ടിയാണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല’, എന്നാണ് ഹരിശ്രീ അശോകന്‍ പറഞ്ഞത്.

Vijayasree Vijayasree :