ഈ അമ്മ ദിനത്തിന് ഇതിലും വലിയ മാതൃകകള്‍ ഇല്ല.. കാരണം അവര്‍ രണ്ടുപേരും ഈദിവസം തന്നെ അപമാനിക്കപ്പെട്ടു; ടീച്ചറോടും മഞ്ജുവിനോടും ഒപ്പം എന്ന് ഹരീഷ് പേരടി

കഴിഞ്ഞ ദിവസമായിരുന്നു ലോക മാതൃദിനം. ലോകമെമ്പാടുമുള്ളവര്‍ തങ്ങളുടെ അമ്മമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചിരുന്നു. അതേസമയം ഇപ്പോഴിതാ ഇന്നേ ദിവസം ആര്‍ എം പി നേതാവ് കെഎസ് ഹരിഹരന്‍ വടകരയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. വടകരയില്‍ യു ഡി എഫും ആര്‍ എം പിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെഎസ് ഹരിഹരന്റെ വിവാദ പരാമര്‍ശം.

‘ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ.. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയാല്‍ അത് കേട്ടാല്‍ മനസിലാവും,എന്നായിരുന്നു ഹരിഹരന്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സഹിതം വലിയ പ്രതിധേഷമാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ ഇതിനെ മുന്‍നിര്‍ത്തി നടന്‍ ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഈ അമ്മ ദിനത്തിന് ഇതിലും വലിയ മാതൃകകള്‍ ഇല്ല.. കാരണം അവര്‍ രണ്ടുപേരും ഈദിവസം തന്നെ അപമാനിക്കപ്പെട്ടു.. മാതൃദിനാശംസകള്‍.. ടീച്ചറോടും മഞ്ജുവിനോടും ഒപ്പം എന്നായിരുന്നു ഹരീഷ് കുറിച്ചത്.

ഇതിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ആണത്തം പുറത്തു ചാടുന്ന നേരം വാക്കില്‍ മാത്രമല്ല , പ്രവൃത്തി നോക്കിയാല്‍ എവിടെ എത്തും. സ്ത്രീകളെ വെറും ശരീരം മാത്രമായി കാണാത്ത ഒരു സംസ്‌കാരത്തിലേക്ക് എന്നാണ് നാം വളരുക. എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്.

അതേസമയം സ്ത്രീകളെ ലൈം ഗികമായി അധിക്ഷേപിച്ചുള്ള പ്രസംഗത്തിന് പിന്നാലെ വേദിയിലും സദസിലും ഇരിക്കുന്നവര്‍ ആര്‍ത്ത് ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുമുണ്ട്. ഇത് സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ഉണ്ടാക്കിയതില്‍ കോഴിക്കോട് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിദാസിന് എന്തെങ്കിലും പങ്കുണ്ടോയെന്നും ഹരിഹരന്‍ പ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.

ഹരിഹരന്റെ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഹരിഹരന്റെ പ്രസംഗത്തിനെതിരെ പിവി അന്‍വര്‍ എംഎല്‍എ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. ഹരിഹരനെ ഞരമ്പ് രോഗിയെന്ന് വിശേഷിപ്പിച്ച അന്‍വര്‍, അദ്ദേഹത്തിന്റെ പ്രസംഗത്തിന് കൈയടിച്ചവരേയും വിമര്‍ശിച്ചു.

അതിനിടെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഹരിഹരന്‍ രംഗത്തെത്തി. ഇന്ന് വടകരയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമര്‍ശം നടത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു,’ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. വടകരയില്‍ യുഡിഎഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അടിവരയിടുന്ന പ്രസംഗമാണ് ഇന്ന് യുഡിഎഫ് ആര്‍ എം പി നേതാവ് ഹരിഹരന്‍ നടത്തിയതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു. മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തെരഞ്ഞെടുപ്പ് കാലം വടകരയില്‍ വര്‍ഗ്ഗീയ സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യുഡിഎഫ് ജാള്യത മറക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്.

ഹരിഹരന്‍ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്‌നത്താല്‍ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആര്‍എംപി, യുഡിഎഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ഷാഫി പറമ്പില്‍ അനുകൂല പരിപാടിയിലാണ് ഇത്രയും ഹീനമായ സ്ത്രീ വിരുദ്ധമായ പ്രസ്താവന ഉണ്ടായിരിക്കുന്നത്.

കെ കെ രമ എം എല്‍ എയുടെ സാനിധ്യത്തിലാണ് ആര്‍ എം പി നേതാവ് ഇത്രയും വൃത്തികെട്ട നിലയില്‍ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത്. കെ കെ രമ ഇതിനോട് പ്രതികരിക്കേണ്ടതായുണ്ട്. ശൈലജടീച്ചറെയും മഞ്ചു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :