‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഗോകുൽ തന്റെ അഭിപ്രായം എവിടെയും തുറന്ന് പറയാറുമുണ്ട്. താരം സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

എന്നാൽ ഇപ്പോഴിതാ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് തനിക്ക് സിനിമ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് ഗോകുൽ. നിവിൻ പോളിയ്ക്ക് എതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സംസാരിക്കവെയാണ് ഗോകുൽ മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സ്ത്രീകൾക്ക് മാത്രമാണ് സിനിമയിൽ ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുതെന്നും കാസ്റ്റിങ് കൗച്ച് തടയുന്ന നടൻമാർക്കും സിനിമ നഷ്ടപ്പെടാമെന്നും ഗോകുൽ സുരേഷ് പറഞ്ഞു. എപ്പോഴും ഒരു ജെൻഡർ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ല. കാസ്റ്റിങ് കൗച്ച് നേരിടുന്ന നടന്മാർക്ക് സിനിമകൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം.
അതിന് സമാനമായ ഒരു അവസ്ഥയിലൂടെ തുടക്കകാലത്ത് ഞാനും കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ താല്പര്യമില്ല. കാസ്റ്റിങ് കൗച്ചിന് കാരണമായ ആളെ ഞാൻ തന്നെ തക്കതായ രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു. ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത്.

അത്തരം സാഹചര്യത്തിലാണ് ഇപ്പോൾ നിവിൻ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നതും അത് തിരിയുന്നതും. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ബാധിക്കാമെന്നൊരു ബോധ്യം ജനങ്ങൾക്ക് മനസിലാകുന്നുണ്ടാകും. രണ്ട് കൂട്ടരും ഇരകളാകാം എന്ന് ബോധ്യമായിട്ടുണ്ടാകും. ജെനുവിൻ കേസിൽ ഇരകൾക്കൊപ്പം തന്നെയാണ് നിൽക്കേണ്ടത്.
പക്ഷെ നിവിൻ ചേട്ടന്റെ പോലെ നിരപരാധിയെന്ന് ഞാൻ വിശ്വസിക്കുന്ന കേസിലൊക്കെ വിഷമമുണ്ട്. പോലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമുക്ക് വ്യക്തത തരേണ്ടത്. അനാവശ്യം പറയുന്നവരെ കായികപരമായി നേരിടണം എന്നാണ് എൻ്റെ അഭിപ്രായം. മലയാളത്തിൽ മാത്രമല്ല, മറ്റ് ഇൻഡസ്ട്രിയിലും ഇതിന്റെ നൂറ് മടങ്ങ് സംഭവിക്കുന്നുണ്ട്. സിനിമ മാത്രമല്ല, പല ഇൻഡസ്ട്രികളിലും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ട് എന്നും ഗോകുൽ സുരേഷ് പറഞ്ഞു.
അതേസമയം, വിക്ടിം ആകുന്ന ഒരു വിഭാഗം ആളുകൾക്ക് സപ്പോർട്ട് സിസ്റ്റം തന്നെയാണ് ഇങ്ങനത്തെ പരിപാടി ഇനി നടക്കില്ലെന്ന അവസ്ഥ. അതുപോലെ തന്നെ ഫേക്ക് വിക്ടിം പ്ലെ ചെയ്ത് ആളുകൾ വരുന്നതും നല്ലതല്ല. കാരണം ഇന്റസ്ട്രിയെ അത് ബാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു. കുറച്ച് ആളുകളുടെ പേരിൽ ഇത്രയും നല്ലൊരു ഇന്റസ്ട്രിയെ അടച്ച് ആക്ഷേപിക്കാൻ പാടില്ലെന്ന അഭിപ്രായവും എനിക്കുണ്ട്.

ഇന്ത്യയിൽ തന്നെ പഠിച്ചതുകൊണ്ട് സ്കൂളിലും കോളജിലും എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവരെല്ലാം ഐടി, ബാങ്കിങ് അടക്കമുള്ള പല ഇന്റസ്ട്രികളിലാണ് വർക്ക് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിടെയൊക്കെ ആരൊക്കെ ഏതൊക്കെ രീതിയിലാണ് പെരുമാറുന്നതെന്ന് കൃത്യമായി അറിയാൻ സാധിക്കാറുണ്ട്. സ്ത്രീ സുഹൃത്തുക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്.
ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണ്. അതുകൊണ്ട് തന്നെ എന്താണ് മനുഷ്യൻ ഇങ്ങനെയെന്ന് പലപ്പോഴും നമ്മൾ ആലോചിക്കും. എല്ലാവർക്കും തെറ്റ് കുറ്റങ്ങളുണ്ടാകും എല്ലാവരും മനുഷ്യർ തന്നെയാണ്. എന്നാൽ നല്ല രീതിക്ക് എല്ലാവരും ജീവിക്കാൻ നോക്കിയാൽ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവില്ലെന്നും ഗോകുൽ പറഞ്ഞു.
