ഐസ്ക്രീം കാണിച്ചും മോഹൻലാലിനെ കാണിച്ച് തരാമെന്നും പറഞ്ഞാണ് എന്നെ അഭിനയിപ്പിച്ചിരുന്നത്; ഗീതു മോഹൻദാസ്

സംവിധായികയായും നടിയായും മലയാള സിനിമയിൽ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് ഗീതു മോഹൻദാസ് . സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യാറുള്ളൂ. താരത്തിന്റെ ശരിയായ പേര് ഗായത്രി മോഹൻ‌ദാസെന്നാണ്.വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സ്ക്രീം നെയിമായി താരം സ്വീകരിച്ചു. താരത്തിന്റെ ആദ്യ ചിത്രം 1986ൽ ഇറങ്ങിയ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ച് വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിലും പ്രധാന വേഷം ഗീതു ചെയ്തിരുന്നു. ഇപ്പോഴിത നടൻ മോഹൻലാലിനൊപ്പമുള്ള തന്റെ ഓർമകൾ പങ്കുവെച്ച ​ഗീതു മോഹൻദാസിന്റെ വീഡിയോയാണ് വൈറലാകുന്നത്.

കുറച്ച് വർഷങ്ങൾ പഴക്കമുള്ള ​ഗീതുവിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഏറ്റവും അവസാനം ​ഗീതു മോ​ഹൻദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമ നിവിൻ പോളി നായകനായ മൂത്തോനാണ്.
‘ഒന്ന് മുതൽ പൂജ്യം വരെയിൽ അഭിനയിച്ചതൊക്കെ ഓർമ്മയുണ്ട്. മൂന്ന് മാസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. എല്ലാ ദിവസും എന്നെ ഷൂട്ടിങിന് കൊണ്ടുപോകുമായിരുന്നു. മോൾക്ക് മോഹൻലാലിനെ കാണണ്ടേയെന്നൊക്ക പറ‍‍ഞ്ഞാണ് എന്നെ ഷൂട്ടിങിന് കൊണ്ടുപോയിരുന്നത് പോലും.’

‘ഞാൻ ഭയങ്കര മൂഡിയായിരുന്നു. അതുകൊണ്ട് തന്നെ ഐസ്ക്രീം കാണിച്ചും മോഹൻലാലിനെ കാണിച്ച് തരാമെന്നും പറഞ്ഞാണ് എന്നെ അഭിനയിപ്പിച്ചിരുന്നത്. പക്ഷെ സെറ്റിൽ ലാലേട്ടനുണ്ടായിരുന്നില്ല.’
‘അതുകൊണ്ട് ഞാൻ അഭിനയിക്കാൻ എപ്പോഴും ഐസ്ക്രീം തരേണ്ട അവസ്ഥയായിരുന്നു. എല്ലാവരും മോഹൻലാലിനെ കാണിച്ച് തരാമെന്ന് പറഞ്ഞ് എന്നും പറ്റിക്കുന്നത് കാരണം ലാസ്റ്റ് ഡെ പാക്കപ്പ് ആയപ്പോഴേക്കും എന്റെ പ്രതീക്ഷയെല്ലാം പോയി.’

‘പക്ഷെ അന്ന് രാത്രി ലാലേട്ടൻ സെറ്റിൽ വന്നിരുന്നു. ആ ഓർമ എനിക്ക് ഇപ്പോഴുമുണ്ട്. പിന്നെ ഒന്ന് മുതൽ പൂജ്യം വരെ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു സീൻ എടുക്കുകയായിരുന്നു. അതിൽ ലാലേട്ടൻ എന്നെയും മടിയിൽ വെച്ച് പിയാനോ വായിക്കുകയാണ്. ഞാൻ ഉറങ്ങി കിടക്കണം.’

‘പക്ഷെ എന്റെ കണ്ണ് ഇടയ്ക്കിടെ തുറന്ന് പോകുന്നതിനാൽ ഒരുപാട് ടേക്ക് പോയി. അവസാനം ലാലേട്ടൻ പറഞ്ഞു ഇനി ശരിക്ക് ചെയ്തില്ലെങ്കിൽ അടി തരുമെന്ന് അന്ന് അത് കേട്ടകൊണ്ട് പെട്ടന്ന് അടുത്ത ഷോട്ടിൽ ശരിയാക്കി.’

‘അതുപോലെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ചെയ്യുന്ന സമയത്ത് ഞാൻ‌ നിരന്തരം തെറ്റിച്ചുകൊണ്ടിരുന്നപ്പോഴും അദ്ദേഹം ഇതേ ഡയലോ​ഗ് പറഞ്ഞു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ സെറ്റിൽ വന്നപ്പോഴേക്കും ലാലേട്ടൻ എന്നോട് ഒരു സുഹൃത്തിനെപ്പോലെയാണ് പെരുമാറിയത്.”പിന്നെ എന്റെ കുസൃതികൾക്കെല്ലാം അദ്ദേഹം കൂട്ടുനിൽക്കുമായിരുന്നു. ലാലേട്ടനെ ഞാൻ കാണുന്നതിന് മുമ്പ് തന്നെ അദ്ദേഹം എന്റെ ഫേവറേറ്റ് നടനായിരുന്നു. അക്കരെ അക്കരെ അക്കരെ പോലുള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഞാൻ നിരന്തരം കാണുമായിരുന്നു.’

‘ലാലേട്ടനുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ ചെയ്യാൻ കാനഡയിൽ‌ നിന്നും പറന്നെത്തിയത്. ഒരു ഷോയ്ക്ക് പോയപ്പോൾ എനിക്ക് പനി പിടിച്ച് വയ്യാത്ത അവസ്ഥയായിരുന്നു അന്ന് ലാലേട്ടനടക്കം എല്ലാവരും വന്ന് ആശ്വസിപ്പിച്ചിരുന്നു.’അതിനിടയിൽ ലാലേട്ടന് നിന്റെ പനി ഞാൻ എടുക്കാവാണെന്നൊക്കെ പറഞ്ഞ് കുട്ടികളോട് കാണിക്കുംപോലെ മാജിക്ക് ചെയ്യുന്ന തരത്തിലൊക്കെ കാണിച്ചിരുന്നു.’

‘അങ്ങനെ പിറ്റേദിവസം ആയപ്പോഴേക്കും എന്റെ പനി മാറി ലാലേട്ടന് പനി പിടിച്ചു. അങ്ങനെ കുറെ ഓർമകൾ ലാലേട്ടനുമായി ബന്ധപ്പെട്ടുണ്ട്’ ​ഗീതു മോഹൻദാസ് പറഞ്ഞു.

AJILI ANNAJOHN :