സിനിമകള്‍ വിജയിക്കുമ്പോള്‍ പ്രതിഫലം കൂട്ടുന്നത് പോലെ സിനിമകള്‍ പരാജയപ്പെടുമ്പോള്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം; കമല്‍

സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സിനിമകള്‍ പരാജയപ്പെട്ടാലും വന്‍ തുകകള്‍ പ്രതിഫലമായി ചോദിക്കുന്നു എന്ന ചര്‍ച്ചകള്‍ അടുത്ത കുറേ കാലങ്ങളായി മലയാള സിനിമയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍. ഓരോ സിനിമകള്‍ വിജയിക്കുമ്പോള്‍ പ്രതിഫലം കൂട്ടുന്നത് പോലെ സിനിമകള്‍ പരാജയപ്പെടുമ്പോള്‍ കുറയ്ക്കണമെന്ന് കമല്‍ പറയുന്നു. അല്ലെങ്കില്‍ ഒരു നിര്‍മാതാവിനെ സംബന്ധിച്ച് പ്രതിഫല തുക താങ്ങാന്‍ കഴിയില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവന്റെ കലാവിഷ്‌കാരത്തിന് വിലയിടുന്നത് അവന്‍ തന്നെയാണ്. അതില്‍ ഇടപെടേണ്ട അവകാശം നമുക്ക് ഇല്ല എന്നതാണ് സത്യം. വളരെ പ്രായോഗികമായി ചിന്തിക്കുമ്പോള്‍, ഒരു സിനിമ ഓടുമ്പോള്‍ നടന്‍ അല്ലെങ്കില്‍ താരം പ്രതിഫലം കൂട്ടുമ്പോള്‍, രണ്ടോ മൂന്നോ സിനിമകള്‍ പരാജയപ്പെടുമ്പോള്‍ പ്രതിഫലം കുറയ്ക്കാന്‍ അവര്‍ തയ്യാറാകുന്നില്ല.

അതിനൊരു ബാലന്‍സിംഗ് വേണമെന്നാണ് എനിക്ക് പറയാനുള്ളത്. ഓരോ സിനിമകള്‍ വിജയിക്കുമ്പോള്‍ പ്രതിഫലം കൂട്ടുമ്പോള്‍, സിനിമകള്‍ പരാജയപ്പെടുമ്പോള്‍ കുറയ്ക്കണം. അല്ലെങ്കില്‍ ഒരു നിര്‍മാതാവിനെ സംബന്ധിച്ച് താങ്ങാന്‍ കഴിയില്ല. സിനിമകള്‍ പൊട്ടുമ്പോള്‍ പ്രതിഫലം കുറയ്ക്കുകയാണെങ്കില്‍ താരങ്ങളുടെ നിലപാടിനോട് നമുക്ക് യോജിക്കാന്‍ കഴിയും. അല്ലാത്തിടത്തോളം അതിന് സാധിക്കില്ല’, എന്നും കമല്‍ പറഞ്ഞു.

വലിയ തുക ചോദിക്കുന്നവര്‍ വീട്ടിലിരിക്കുമെന്ന് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍ നേരത്തെ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. എങ്കില്‍ ആദ്യം വീട്ടിലിരിക്കുക മകള്‍ കീര്‍ത്തി സുരേഷ് ആയിരിക്കുമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ

അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവര്‍ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാന്‍ പോകുന്നത്.

വലിയ തുകകള്‍ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവര്‍ക്കും മുന്നറിയിപ്പാണ്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. തിയറ്ററില്‍ കളക്ഷനില്ല. ആളില്ല. 15 ആള്‍ക്കാര്‍ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേര്‍ക്ക് വേണ്ടി തിയറ്ററുകാര്‍ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിര്‍മാതാക്കള്‍ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം.

പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാകും. ആളുകള്‍ കാണും അഭിനന്ദിക്കും. ഇവിടെയിനി വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടില്‍ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്.

Vijayasree Vijayasree :