ഇതുവരെ എനിക്ക് കിട്ടിയത് മുഴുവന്‍ ബോണസാണ്; ഫഹദ് ഫാസില്‍

ഇന്ന് നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. ഒരു പരാജയ സിനിമയില്‍ നിന്ന് തന്റെ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇന്ന് ഇതര ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ്. ഫഹദിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അച്ഛന്‍ ഫാസില്‍ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലെത്തുന്നത്.

ചിത്രം പരാജയപ്പെട്ടു എന്ന് മാത്രമല്ല ഒരു നടനെന്ന നിലയില്‍ ചിത്രത്തിലെ പ്രകടനത്തിന് നിരവധി വിമര്‍ശനങ്ങളാണ് ഫഹദ് നേരിട്ടത്. അതിന് ശേഷം നീണ്ട എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ‘മൃത്യുഞ്ജയം’ എന്ന സെഗ്മെന്റിലെ ജേര്‍ണലിസ്റ്റ് ആയി ഫഹദ് സിനിമയില്‍ തിരിച്ചുവരവ് നടത്തി. പിന്നീടൊരു തിരിച്ചുപോക്ക് ഫഹദിന് ഉണ്ടായിട്ടില്ല.

ഇന്ന് മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ വലിയ വിജയങ്ങള്‍ നേടിയ ചിത്രങ്ങളിലെല്ലാം ഫഹദ് ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ അമേരിക്കയില്‍ നിന്ന് തിരിച്ചുവന്ന സമയത്ത് തനിക്ക് പ്രത്യേകിച്ച് പ്ലാനിങ്ങുകള്‍ ഒന്നുമില്ലായിരുന്നെന്നും രണ്ട് സിനിമകള്‍ ചെയ്ത് തിരിച്ച് പോവാനാണ് വിചാരിച്ചിരുന്നതെന്നും ഇപ്പോള്‍ ലഭിക്കുന്നതെല്ലാം തനിക്ക് ബോണസ് ആണെന്നുമാണ് ഫഹദ് പറയുന്നത്.

‘തിരിച്ചു വന്ന സമയത്ത് രണ്ട് സിനിമ മാത്രം ചെയ്ത് മടങ്ങിപ്പോവുക എന്ന് മാത്രമായിരുന്നു എന്റെ പ്ലാന്‍. അത് കഴിഞ്ഞ് ഇതുവരെ എനിക്ക് കിട്ടിയത് മുഴുവന്‍ ബോണസാണ്. എന്നാല്‍ എന്റെ വിസ പുതുക്കി കിട്ടിയില്ല, കുറേക്കാലം വീട്ടില്‍ വെറുതേ ഇരിക്കേണ്ടി വന്നു. ആ സമയത്ത് എന്റെ ഉമ്മ ചോദിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു ‘എന്താണ് ഭാവി പരിപാടി’ എന്ന്.

ഞാന്‍ ഒരു സിനിമയുടെ കഥ എഴുതാന്‍ പോവുകയാണെന്ന് മറുപടി പറഞ്ഞു. അമ്മയെ പറ്റിക്കാന്‍ വേണ്ടിയാണ് അന്ന് അങ്ങനെ പറഞ്ഞത്. ആ സമയത്ത് അച്ഛന്റെ സുഹൃത്തും സംവിധായകനുമായ രഞ്ജിത്ത് എന്നെ ഒരു സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നത്. ആ സിനിമ ചെയ്ത ശേഷം ഒരു സിനിമ കൂടി എനിക്ക് കിട്ടി. അതുകൂടി ചെയ്ത് കഴിഞ്ഞ് തിരിച്ചുപോകാം എന്ന് പ്ലാന്‍ ചെയ്തു.

എന്നാല്‍ ആ സിനിമക്ക് ശേഷം ചാപ്പാ കുരിശിന്റെ കഥ കേട്ടു, അതും ചെയ്തു. പിന്നീട് ഈ സമയം വരെ എനിക്ക് കിട്ടിയതൊക്കെ ബോണസാണ്. ഒരിക്കലും ഇത്രയും കാര്യങ്ങള്‍ എന്റെ ലക്ഷ്യമല്ലായിരുന്നു. അതൊക്കെ സംഭവിച്ചുപോയതാണ്. അല്ലാതെ വേറൊന്നുമല്ല.’ എന്നാണ് അഭിമുഖത്തില്‍ ഫഹദ് പറഞ്ഞത്.

അതേസമയം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’യാണ് മലയാളത്തില്‍ ഫഹദിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ആവേശം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് നായകനാവുന്ന മലയാള ചിത്രം കൂടിയാണ് ഓടും കുതിര ചാടും കുതിര. മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

Vijayasree Vijayasree :