അന്യൻ്റെ കിടപ്പറയിലേയ്ക്ക് ഒളി ക്യാമറ വച്ച്, അത് ലൈംഗിക അരാജകത്വം നിറഞ്ഞ ഒരു സമൂഹത്തിന് ചൂടോടെ വിളമ്പി കീശ നിറയ്ക്കുന്ന വൃത്തികെട്ട ” ജീർണ്ണലിസം” ഒരു പാവം ജീവിതത്തെ തച്ചുടച്ചു തീർത്തിരിക്കുന്നു! കുറിപ്പ്

ബോഡി ബിൽഡിങ്ങിലൂടെ ട്രാൻസ് സമൂഹത്തിന്റെ അഭിമാനമായി മാറിയ വ്യക്തിത്വം ആയിരുന്നു പ്രവീൺ നാഥ്‌. പ്രവീണിന്റെ മരണം ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല. തൃശൂർ പൂങ്കുന്നത്തെ വീട്ടിൽവച്ച് വിഷം കഴിക്കുകയിരുന്നു പ്രവീൺ . തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ് മെൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ. ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും ബോഡി ബിൽഡിങ്ങിലേക്ക് കടന്നുവന്ന ആദ്യ വ്യക്തിയായിരുന്നു.

ഇപ്പോഴിതാ പ്രവീണിന്റെ മരണത്തിന് പിന്നാലെ അഞ്ചു പാർവതി പ്രബീഷ് പങ്കുവെച്ച പോസ്റ്റ് സർദാഹ് നേടുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

പ്രബുദ്ധ, സാക്ഷര മലയാളിയുടെ വൃത്തികെട്ട സോഷ്യൽ ഓഡിറ്റിങ്ങും വെർബൽ ബ്ലാസ്റ്റിങ്ങും ഒരു മനുഷ്യനെ കൂടി കൊന്നിരിക്കുന്നു. അന്യൻ്റെ കിടപ്പറയിലേയ്ക്ക് ഒളി ക്യാമറ വച്ച്, അത് ലൈംഗിക അരാജകത്വം നിറഞ്ഞ ഒരു സമൂഹത്തിന് ചൂടോടെ വിളമ്പി കീശ നിറയ്ക്കുന്ന വൃത്തികെട്ട ” ജീർണ്ണലിസം” ഒരു പാവം ജീവിതത്തെ തച്ചുടച്ചു തീർത്തിരിക്കുന്നു. ശക്തി കുറഞ്ഞ മൃഗങ്ങളെയും മൃതപ്രായരായവരെയും കാത്തിരുന്ന് അക്രമിക്കുന്ന ശവംതീനികൾ അഥവാ Scavengers ന് ഉണ്ട് ഇത്തരം ജീർണ്ണലിസത്തേക്കാൾ മാന്യത.

മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ – അവറ്റകളെ മലയാളിയെന്ന സംജ്ഞ കൊണ്ട് അടയാളപ്പെടുത്തുന്നു. സ്വന്തം വീട്ടിലെ അടുപ്പിൻചോട്ടിൽ വരെ അമേദ്യം കുമിഞ്ഞുകിടന്നാലും അതിൽ ചവിട്ടി നിന്ന് അപ്പുറത്തെ ആളുടെ മുറ്റത്തെ കാക്ക കാഷ്ടത്തെ കുറ്റം പറയുന്നവൻ്റെ പേരാണ് കോമഡി – പ്രബുദ്ധ മലയാളി!

ഈ ഇന്ത്യാ മഹാരാജ്യത്ത് പതിനെട്ട് കഴിഞ്ഞ ഏതൊരു ആൾക്കും അവനിഷ്ടമുള്ള പോലെ ജീവിക്കാമെന്നിരിക്കെ , കല്യാണമെന്നത് ഒരാളുടെ തീർത്തും സ്വകാര്യമായ തീരുമാനമാണെന്നിരിക്കെ അതിലൊക്കെ ഇടപെടാനും ജഡ്ജ് ചെയ്യാനും വേറൊരാൾക്ക് എന്തധികാരം? പ്രവീൺ നാഥിൻ്റെ സ്വകാര്യ വാളിനു കീഴേയും, അവരുടെ ഡിവോഴ്സ് എന്ന പേരിൽ വാർത്ത വന്ന ഓൺലൈൻ തലക്കെട്ടുകൾക്ക് കീഴേയും വന്ന കമൻ്റുകൾ കണ്ടാലറിയാം ഈ ലോകത്തെ ഏറ്റവും ലൈംഗിക അരാജകത്വം ബാധിച്ച ഒരു സമൂഹത്തിൻ്റെ പേരാകുന്നു മലയാളീസ് എന്നത്. എന്തൊക്കെ കൺസേൺസ് ആണ് അവറ്റകൾക്ക് മറ്റൊരാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച്. കല്യാണമെന്ന് കേട്ടാലും ഡിവോഴ്സ് എന്ന് കേട്ടാലും ഇവന്മാരുടെ വിചാരം ഇരുപത്തിനാല് മണിക്കൂറും കട്ടിലിൽ കിടന്നുള്ള പരിപാടിയെന്നു മാത്രമാണ്. ലിംഗം കൊണ്ട് മാത്രം ചിന്തിക്കാൻ കഴിയുന്ന sexual പെർവേർട്ടുകൾക്ക് മനസ്സുകളുടെ പൊരുത്തത്തെ കുറിച്ചൊക്കെ എങ്ങനെ ധാരണ വരാനാണ്? ആളുകളുടെ ഇമോഷണൽ ബ്രേക്ക് അപ്പുകളെ കുറിച്ച് എങ്ങനെ അറിയാനാണ്?

സ്വന്തം നൈരാശ്യം ആരാന്റെ നെഞ്ചത്ത് തീർക്കുന്ന ഏർപ്പാട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളികൾ .പണ്ട് കലുങ്കുകളിലും ചായക്കടകളിലിരുന്നും തീർത്തിരുന്ന ഫ്രസ്ട്രേഷൻ അപ്പടി ഇന്ന് സോഷ്യൽ മീഡിയ വഴി തീർക്കുന്നു എന്നു മാത്രം. തങ്ങൾക്ക് കിട്ടാത്തത് അന്യന് കിട്ടുമ്പോഴുള്ള കണ്ണുകടിയെ അവൻ മറികടക്കുന്നത് ബോഡി ഷെയ്മിംഗ് കൊണ്ടാണ്. മല്ലൂസ് പോലെ കാപട്യം നിറഞ്ഞ ടീംസ് വേറൊരിടത്തും ഉണ്ടാവില്ല എന്നുള്ളതിൻ്റെ ദൃഷ്ടാന്തം ഒരേ സമയം തല്ലാനും തലോടാനുമുള്ള അവൻ്റെ സൈക്കോ മൈൻഡ് സെറ്റ് കാരണമാണ്. ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും കഷ്ടപ്പെടാതെ ഇറങ്ങിപ്പോരൂ എന്ന് ഭിത്തികളിൽ മൈദമാവ് കൊണ്ടൊട്ടിച്ച പോസ്റ്ററുകൾ നിരത്തിയവരെല്ലാം തന്നെ ഡിവോഴ്സ് വാർത്തകൾ കേട്ടാലും സോഷ്യൽ മീഡിയാ കവലകളിൽ ഒത്തു കൂടി സ്മാർത്ത വിചാരണ ചെയ്യുമെന്നതാണ് മുട്ടൻ കോമഡി. മല്ലു പൊളിയാണ് , തേങ്ങയാണ് മാങ്ങയാണ് എന്ന് വിശേഷിപ്പിക്കുന്നവരൊക്കെയാണ് അന്യന്റെ തീർത്തും സ്വകാര്യമായ തീരുമാനങ്ങൾ കണ്ട് വായും പൊളിച്ച് ഇരവാദം മുഴക്കുന്നത്.

ക്വിയര്‍ വ്യക്തികളുടെ വിവാഹം, പിണക്കം, വേര്‍പിരിയല്‍, ഒത്തുചേരല്‍ എന്നതൊക്കെ ഇവിടെ സ്മാർത്ത വിചാരണയ്ക്ക് വിധേയമാണ്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി നയങ്ങളും നിയമങ്ങളും അക്കമിട്ട് നിരത്തുമ്പോഴും അവരോടുളള സമൂഹത്തിന്‍റെ മനോഭാവത്തില്‍ സാരമായ വ്യതിചലനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ലായെന്നതിന് എത്രയോ ഉദാഹരണങ്ങൾ മുന്നിലുണ്ട്. അന്യൻ്റെ പ്രണയത്തിൽ, അന്യൻ്റെ വൈവാഹിക ജീവിതത്തിൽ, അന്യൻ്റെ സ്വകാര്യതയിൽ ഒക്കെ കടന്നുക്കയറുന്നത് മഹാബോറാണ് സാക്ഷര പ്രബുദ്ധ മലയാളികളെ. ഒരാൾ തെരഞ്ഞെടുക്കുന്ന ബന്ധത്തിന് എന്ത് സംഭവിച്ചാലും അത് അവരുടെ മാത്രം കാര്യമാണെന്നിരിക്കെ അതിൽ ഒളിഞ്ഞു നോക്കി ലിംഗവിശപ്പ് മാറ്റുന്നത് ഊളത്തരമാണ്. നമുക്ക് ആരുമല്ലാത്ത രണ്ടുപ്പേർ പരസ്പരസമ്മത പ്രകാരം കല്യാണം കഴിച്ചാൽ , പിന്നീട് അവർ വേർപിരിഞ്ഞാൽ അതിൽ അവർക്കില്ലാത്ത പ്രശ്നങ്ങൾ സംബന്ധിച്ച് എന്തിനാണ് നിങ്ങൾ വേവലാതിപ്പെടുന്നത്? ഒരാളുടെ സ്വകാര്യജീവിതത്തിൽ വന്നു എത്രത്തോളം ഫ്രസ്ട്രേഷൻ തീർക്കാൻ പറ്റുമോ അത്രത്തോളം തീർക്കും!
എന്നിട്ട് പറയുന്നതോ സാക്ഷരത സമൂഹമെന്നും. ത്ഫൂ !!!
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. അപരശരീരവുമായി ജീവിക്കുകയെന്നത് അത് അനുഭവിക്കുന്നവർക്കു മാത്രം മനസ്സിലാവുന്ന കാര്യമാണ്. മനസ്സു കൊണ്ട് ഒരു ലിംഗത്തിൽ ജീവിക്കുമ്പോൾ എതിർലിംഗത്തിന്റെ ശരീരം പേറുന്നവരെക്കുറിച്ച്‌, അവരുടെ വ്യഥകളെ കുറിച്ച് നമ്മളിൽ എത്രപേർ പൂർണ്ണമായി മനസ്സിലാക്കാറുണ്ടെന്നത് ഒരു ചോദ്യമാണ്. സ്വത്വത്തോടും സമൂഹത്തോടുമുള്ള പോരാട്ടത്തില്‍ യാതനകള്‍ മാത്രം അഭിമുഖീകരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് മുന്നില്‍ എന്നും ഒരു തുറന്ന പാഠപുസ്തകമാണ്. പക്ഷേ ആ പാഠപുസ്തകത്തെ വെറുതെ അടച്ചുവച്ച് വെറുമൊരു രാഷ്ട്രീയ ടൂൾ കിറ്റാക്കുന്നു അഭിനവ കേരളം. പുസ്തകം തുറന്നു വായിച്ചാലല്ലേ ഏടുകൾക്കുള്ളിലെ പൊള്ളുന്ന അനുഭവങ്ങൾ ഗുണപാഠമാക്കാൻ കഴിയൂ ! പക്ഷേ അതിന് ആർക്ക് നേരം ? എന്ത് ചേതം?
Rest in Peace mone 🌹🌹🌹

Noora T Noora T :