ഏദൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക്,ലിറോയ് സാനെ ബയേൺ മ്യൂണിക്കിലും എത്തിയേക്കും!

യൂറോപ്പിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ സജീവമാണ്. സൂപ്പർ താരങ്ങളെയെല്ലാം റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ ഊഴം കാത്തിരിക്കുകയാണ്. ചെൽസിയിലെ സൂപ്പർതാരവും ബെൽജിയൻ ഇന്റർനാഷണൽ താരവുമായ ഏദൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായി. മുൻ ചെൽസി മാനേജറായിരുന്ന ജോസ് മൗറിഞ്ഞോയും പ്രസ്‌താവന ശരിവെയ്ക്കുന്നു.
2012ൽ ഫ്രഞ്ച് ക്ലബ്ബ് ലില്ലെയിൽ നിന്നും വന്ന ശേഷം നീലപ്പടയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത് . ചെൽസിയ്‌ക്കായി ഇതുവരെ 245 മത്സരങ്ങളിൽ താരം ബൂട്ടണിഞ്ഞു. ഇക്കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 37 മത്സരങ്ങളിൽ നിന്നായി 16 ഗോളുകളും 15 അസ്സിസ്റ്റും താരം നേടി. വൻ തുക മുടക്കി റയൽ മാഡ്രിഡിൽ എത്തിക്കാൻ ടീം മാനേജ്‌മെന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.
മെയ് 30ന് ആർസെനലിനെതിരെ നടക്കുന്ന യുവേഫ യൂറോപ്പ ലീഗ് ഫൈനൽ ഹസാർഡിന്റെ ചെൽസി ജേഴ്സിയിലുള്ള അവസാന മത്സരമാണ്.


യൂറോപ്പിലെ മറ്റൊരു വമ്പൻ ക്ലബ്ബായ ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി താരം ലിറോയ് സാനയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ടീം മാനേജർ പെപ് ഗാർഡിയോള താരത്തെ ക്ലബ്ബ് വിടാൻ അനുവാദം നൽകി. ഗാർഡിയോള പരിശീലിപ്പിച്ച മുൻ ക്ലബ്ബാണ് ബയേൺ മ്യൂണിക്ക്. ബയേണിന്റെ ഇതിഹാസതാരങ്ങളായ ഫ്രാങ്ക് റിബറിയും ആര്യൻ റോബനും ക്ലബ്ബ് വിട്ടതോടെ പകരക്കാരെ തേടുന്ന ബയേൺ മാനേജ്‌മെന്റ് 23 കാരനായ ജർമ്മൻ താരം സാനയേ എന്ത് വില കൊടുത്തും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ജർമ്മൻ ക്ലബ്ബായ ഷാൽക്കയിലാണ് സാനെ സിറ്റിയിൽ എത്തും മുൻപേ കളിച്ചിരുന്നത്.   

eden hazard and leroy sane

HariPriya PB :