96-ാം വയസിൽ ഒന്നാം റാങ്ക്! കാർത്യായനി അമ്മയുടെ ജീവിതം ഇനി സ്‌ക്രീനിൽ!

പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു കാർത്യായനി അമ്മ. ഈ വിജയത്തിലൂടെ കാർത്യായനി അമ്മ കരസ്ഥമാക്കിയത് രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവ് എന്ന പദവി കൂടിയായിരുന്നു.

ഇപ്പോഴിതാ 96-ാം വയസിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ കേരളത്തിലെ കാർത്യായനി അമ്മയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘ബെയർഫ്രൂട്ട് എംപ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസർ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. പ്രശസ്ത ഷെഫ് ആയ വികാസ് ഖന്ന ആണ് ഡോക്യുമെന്ററി സംവിധായകൻ. നീതു ഗുപ്ത അഭിനയിച്ച ‘ദി ലാസ്റ്റ് കളർ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം.


എന്നെ സ്ത്രീകൾ വളർത്തിയതുകൊണ്ടാകാം ഞാനിത് ചിന്തിച്ചത്. എന്റെ മുത്തശ്ശി എത്ര ബുദ്ധിമതിയായിരുന്നു എന്ന് എനിക്കറിയാം. അവർ പഠിക്കുകകൂടി ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ എത്രമാത്രം മാറുമായിരുന്നു. കാർത്യായനി അവർക്ക് നിഷേധിക്കപ്പെട്ട വിദ്യഭ്യാസം നേടാൻ 96-ാം വയസിൽ സ്കൂളിൽ പോയെന്ന് അറിഞ്ഞു. എനിക്ക് ആ കഥ പറയണമായിരുന്നു. ഏറ്റവും വലിയ ശക്തി സമർപ്പണമാണ്,’ വികാസ് ഖന്ന പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു

2019ൽ ലോകത്തെ തന്നെ അമ്പരപ്പിച്ച മലയാളി വനിതയാണ് കാര്‍ത്യായനി അമ്മ. 96-ാം വയസ്സില്‍ സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനി അമ്മയെ 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ ആയി പ്രഖ്യാപിച്ചിരുന്നു. 98 ശതമാനം മാര്‍ക്കോടെയാണ് നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മുന്നോടിയായുള്ള അക്ഷരലക്ഷം പരീക്ഷയില്‍ കാര്‍ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്.

അക്ഷരലക്ഷം പരീക്ഷയില്‍ ജയിച്ചതിന് പിന്നാലെ കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം ഉന്നയിച്ച കാര്‍ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസവകുപ്പ് ലാപ്‌ടോപ്പ് സമ്മാനിച്ചിരുന്നു. പരീക്ഷയെഴുതുന്ന കാര്‍ത്യായനിയമ്മയുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ അച്ചടിച്ചു വരികയും അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു2020 ലെ വനിതാദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി പുരസ്‌കാരം കാര്‍ത്യായനിയമ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു .

ആലപ്പുഴ ജില്ലയിലെ ചേപ്പാട് വില്ലേജിൽ മുട്ടം എന്ന ​ഗ്രാമത്തിലാണ് ഈ മുത്തശ്ശിയുടെ വീട്. രണ്ട് വർഷം മുമ്പ് മകൾ അമ്മിണി സാക്ഷരതാ ക്ലാസ്സിൽ പോയി പഠിച്ചതാണ് കാർത്യായനി അമ്മയ്ക്ക് പ്രചോദനമായത്. അഞ്ചാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് ചെറുമക്കളുണ്ട് കാർത്യായനി അമ്മയ്ക്ക്. പഠനത്തിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവരോടിയെത്തുമെന്ന് കാർത്യായനി അമ്മ പറയുന്നു. നല്ല അസ്സലായി പാട്ട് പാടുകയും ചെയ്യും ഈ മുത്തശ്ശി.

എത്രദൂരമായാലും നടക്കുന്നതായിരുന്നു പതിവ്. ചെരിപ്പിടുന്ന ശീലവുമില്ല. തൊണ്ണൂറുവയസ്സുവരെ ഇങ്ങനെ ജോലിചെയ്തു. അപ്പോഴും നടപ്പിന് കുറവില്ലായിരുന്നു. ഇപ്പോള്‍ 98 വയസ്സായി. സമപ്രായക്കാര്‍ എഴുന്നേറ്റിരിക്കാന്‍പോലും ബുദ്ധിമുട്ടുമ്പോള്‍ കാര്‍ത്യായനിയമ്മ ഓടിനടക്കുന്നു. കുട്ടിക്കാലം മുതലുള്ള കാര്യങ്ങളെല്ലാം ഓര്‍ത്തുപറയാനും ബുദ്ധിമുട്ടില്ല.

വളരെ ചെറുപ്പത്തിൽ തന്നെ കല്യാണം കഴിച്ചയച്ചത് കൊണ്ട് പഠിക്കാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്ന ഒരു സാഹചര്യം ഒത്തുവന്നപ്പോൾ അത് പ്രയോജനപ്പെടുത്തുന്നതിൽ മാത്രമാണ് കാർത്യായനി അമ്മയുടെ ശ്രദ്ധ. പ്രായം ചുളിവ് വീഴ്ത്തിയത് ശരീരത്തിൽ മാത്രമാണ്. എന്നാൽ പഠിക്കാനുള്ള ആ​ഗ്രഹത്തിൽ ചുളിവ് വീഴ്ത്താൻ പ്രായത്തിന് കഴിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ചേപ്പാട് ​ഗ്രാമത്തിലെ കാർത്യായനി അമ്മ.

AJILI ANNAJOHN :