മലയാള സിനിമയിൽ മാത്രമല്ല ടെലിവിഷൻ ലോകത്തും സാന്നിധ്യം അറിയിച്ച നടിയാണ് ദിവ്യ പിള്ള. മലയാളത്തിന് പുറമെ തെലുങ്കിലും സജീവമായി മാറിക്കൊണ്ടിരിക്കുകയാണ് ദിവ്യ പിള്ള. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. തന്റെ ആദ്യവിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും കഥകൾ പലതും പ്രചരിക്കുന്നുണ്ടെന്നാണ് നടി ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
ഫേക്ക് ഐഡിയുടെ പിന്നിൽ ഇരുന്ന് ആർക്കും എന്തും പറയാം. എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്റെ സ്വകാര്യതയല്ലേ? എന്തിനാണു മറ്റുള്ളവർ അവിടേയ്ക്ക് എത്തി നോക്കുന്നത്. ഞാൻ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്. എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങൾ.
അതേക്കുറിച്ച് കൂടുതൽ സംസാരിക്കേണ്ടതുണ്ട് എന്നുപോലും തോന്നുന്നില്ല. ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും കഥകൾ പലതും പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടി ഇപ്പോൾ പറയാം. ഞങ്ങൾ പ്രണയത്തിലായിരുന്നു. മൂകാംബിക ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങുകൾ.
അദ്ദേഹം വിദേശി ആയതിനാൽ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. അതിന്റെ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിൽ ഞങ്ങൾ തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായി. നല്ല സൗഹൃദം നശിപ്പിക്കണ്ടല്ലോ എന്നു കരുതി സ്‌നേഹത്തോടെ പിരിഞ്ഞു. നിയമപരമായി വിവാഹിതയാകാത്ത ഞാൻ എങ്ങനെയാണു വിവാഹമോചനം നേടുക?
ഇതൊക്കെ നടന്നു വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നു എന്നാണ് ദിവ്യ പിള്ള പറഞ്ഞത്. നിയമപരമായി രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹമോചനത്തിന്റെ നൂലാമാലകൾ ഉണ്ടായിരുന്നില്ല. നിങ്ങൾ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നൽകണമെന്ന് എനിക്ക് ആശയക്കുഴപ്പമാണെന്നും നടി പറഞ്ഞിരുന്നു.
അതേസമയം, ഗായകൻ വിജയ് യേശുദാസുമായി നടി പ്രണയത്തിലാണെന്നും ലിവംഗ് റിലേഷനിലാണെന്ന തരത്തിലുമുള്ള വാർത്തകൾ സേഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയുടെ പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കും വിമർശനങ്ങൾക്കും കാരണമായത്.