ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്; കോടിയേരിയെ അനുസ്‍മരിച്ച് വിനയന്‍!

കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സംവിധയകാൻ വിനയൻ . ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്. കോടിയേരിയെ സ്മരിക്കുമ്പോൾ ഈ വാക്കുകളാണ് എനിക്ക് ഓർമ്മ വരുന്നത്. ആദരാഞ്ജലികൾ!”, വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം സിനിമാലോകത്തെ നിരവധി പേര്‍ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയിരുന്നു. മോഹന്‍ലാലിന്‍റെ കുറിപ്പ് ഇങ്ങനെ- സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട, മോഹന്‍ലാല്‍ കുറിച്ചു. പ്രിയ സുഹൃത്തും അഭ്യുദയകാംഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ.., എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ മമ്മൂട്ടി കുറിച്ചത്.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് കേരളത്തിന്‍റെ പ്രിയ രാഷ്ട്രീയ നേതാവിന്‍റെ അന്ത്യം. 70 വയസ് ആയിരുന്നു. മരണ സമയത്ത് ഭാര്യ വിനോദിനി, മക്കളായ ബിനീഷ്, ബിനോയ്‌ എന്നിവർ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശനും മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി.

ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്നു കോടിയേരി. മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചു. അഞ്ച് തവണയാണ് തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ. മൃതദേഹം നാളെ ഉച്ചയോടെ തലശ്ശേരിയില്‍ എത്തിക്കും. മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. തിങ്കളാഴ്‍ച്ച മൂന്ന് മണിക്കാണ് സംസ്കാരം.

AJILI ANNAJOHN :