സംവിധായകൻ സച്ചിയുടെ മാതാവ് നിര്യാതയായി

അന്തരിച്ച സിനിമ സംവിധായകൻ സച്ചിയുടെ മാതാവ് കൂവക്കാട്ട് ദാക്ഷായണി (81) നിര്യാതയായി. തൃശ്ശൂർ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പരേതനായ രാമകൃഷ്ണനാണ് ഭർത്താവ്.

വ്യാഴാഴ്ച രാവിലെ 10 മണിവരെ പെരിഞ്ഞനത്തുള്ള മകളുടെ വസതിയിലും 12 മണി മുതൽ 3 മണി വരെ തൃപ്പൂണിത്തുറയിലെ സച്ചിയുടെ വസതിയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. ശവസംസ്കാര ചടങ്ങുകൾ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.

മലയാള സിനിമാലോകവും പ്രേക്ഷകരും ഇന്നും വേദനയോടെ ഓര്‍ക്കുന്ന വിയോഗങ്ങളിലൊന്നാണ് സംവിധായകന്‍ സച്ചിയുടേത്. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം മലയാളത്തില്‍ വലിയ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മരണം.

കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ തിരക്കഥാകൃത്തായാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. കോളേജ് കാലത്ത് തന്നെ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സച്ചി കലാലയജീവിതത്തിനിടെ നിരവധി നാടകങ്ങളും സംവിധാനം ചെയ്തിരുന്നു. എറണാകുളം ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ സച്ചി എട്ട് വർഷത്തോളം ഹൈക്കോടതിയിൽ അഭിഭാഷകന്‍ ആയി പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ആദ്യകാലത്ത് സേതുവിനൊപ്പം ചേർന്ന് സച്ചി-സേതു എന്ന പേരിലായിരുന്നു തിരക്കഥകൾ എഴുതിയിരുന്നത്. കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും സച്ചി പ്രവർത്തിച്ചിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ്.

Noora T Noora T :