ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍!; കവര്‍ച്ചയ്ക്ക് എത്തിയത് മുംബൈയില്‍ നിന്ന് ഒറ്റയ്ക്ക് കാര്‍ ഓടിച്ച്!

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. മുംബൈ സ്വദേശിയായ മോഷ്ടാവിനെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇയാള്‍ മോഷണം നടത്തിയത്. മോഷണം നടത്തിയതിന് ശേഷം മുംബൈയിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയില്‍ ആവുന്നത്.

മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ ഉള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയില്‍ നിന്ന് പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ പോലീസ് കര്‍ണാടക പോലീസിന് കൈമാറയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

മോഷ്ടാവ് സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് ജോഷിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ, വജ്രാഭരണളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ വൈകാതെ കൊച്ചിയിലേക്ക് കാെണ്ടുവരും എന്നാണ് വിവരം.

ഉഡുപ്പിയിലേക്ക് കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം തിരിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ഇയാള്‍ ഒറ്റയ്ക്ക് കാര്‍ ഓടിച്ച് എത്തിയാണ് മോഷണം നടത്തിയത് എന്നാണ് വിവരം. ജോഷിയുടെ വീടിനെക്കുറിച്ച് ഉള്‍പ്പെടെയുള്ള വിവരം ലഭിക്കാന്‍ തക്കവിധത്തില്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട് എന്നാണ് പോലീസ് അറിയിച്ചത്.

ഇന്നലെ പുലര്‍ച്ചെ നടന്ന മോഷണത്തില്‍ ഒരു കോടിയിലേറെ വിതമതിക്കുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങളാണ് പ്രതി കവര്‍ച്ച ചെയ്തത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സൗത്ത് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ അഭിലാഷത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വീടിന്റെ പിന്‍ ഭാഗത്ത് കൂടിയെത്തി അടുക്കളുടെ ജനല്‍ തുറന്നാണ് മോഷ്ടാവ് ഉള്ളില്‍ കയറിയത്.

വീടിന്റെ മുകള്‍ നിലയിലുള്ള വടക്ക് കിഴക്കെ വശത്തുള്ള കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ഒരു സെറ്റ് വജ്ര നെക്ലേസ്, 10 വജ്ര മോതിരങ്ങള്‍, 12 വദ്ര കമ്മല്‍. രണ്ട് സ്വര്‍ണ വങ്കി (മോതിരം), 10 സ്വര്‍ണ മാലകള്‍, 10 സ്വര്‍ണ വള, 10 വാച്ചുകള്‍ എന്നിവയാണ് കവര്‍ന്നത്.

ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. രാവിലെ അഞ്ചരയോടെ ജോഷിയുടെ ഭാര്യ സിന്ധു ഉണര്‍ന്ന് അടുക്കളയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

Vijayasree Vijayasree :