മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്.
എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവൻ, സിഐഡി മൂസ, കല്യാണ രാമൻ ഉൾപ്പെടെയുള്ള സിനിമകൾ ദിലീപിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് സിനിമകളായി ഇന്നും നിലനിൽക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. എന്നിരുന്നാലും നടന്റെ വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി മെയ് 9 ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തീയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയണ്. റിലീസ് ചെയ്ത അഞ്ച് ദിവസത്തിനുള്ളിൽ 6.86 കോടിയാണ് സിനിമ നേടിയ കളക്ഷൻ. ഒരു വർഷത്തിന് ശേഷം എത്തിയ ചിത്രം ജനങ്ങൾക്കിടയിൽ സ്വീകരിക്കപ്പെട്ടുവെന്നതിന്റെ സന്തോഷമാണ് നടൻ ദിലീപ് പങ്കുവെയ്ക്കുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ദിലീപ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
അതേസമയം സാധാരണ നിലയിൽ സിനിമയ്ക്ക് മുൻപാണ് ഇത്തരത്തിൽ പ്രമോഷൻ സംഘടിപ്പിക്കാറുള്ളതെങ്കിലും റിലീസ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് സിനിമയുടെ പ്രമോഷൻ അണിയറപ്രവർത്തകർ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിനും ദിലീപ് മറുപടി നൽകി. ഞങ്ങൾ പാറ്റേൺ മാറ്റി പിടിച്ചതാണ്. സിനിമക്ക് മുൻപേ പ്രമോഷൻ നടത്തിയിരുന്നെങ്കിൽ നിങ്ങളുടെ മനസിൽ മറ്റൊരു കഥയുണ്ടായേനേ. എന്നാൽ ഈ സിനിമ നിങ്ങൾ കാണാൻ പോയത് ഒന്നും അറിയാതെയാണ്. അതുകൊണ്ട് തന്നെ അതിന്റെയൊരു സുഖം പ്രേക്ഷകർക്ക് ഉണ്ടായിക്കാണും എന്നും ദിലീപ് പറഞ്ഞു.
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഈ ചോദ്യത്തോട് പ്രതികരിച്ചു. ‘ദിലീപേട്ടനുമായി ഈ സിനിമ കമ്മിറ്റ് ചെയ്തത് മുതൽ വെല്ലുവിളികളായിരുന്നു. ഈ സിനിമ ഹിറ്റ് അടിക്കണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. ഈ സിനിമ സംസാര വിഷയമാകണം എന്ന് ഉറപ്പിച്ച് തന്നെയാണ് ദിലീപേട്ടന് മുൻപിൽ പോയത്. സാധാരണ ഞാൻ ചെയ്യുന്ന സിനിമകൾ റിലീസിന് മുൻപ് എന്റ ടീമിനെ കാണിക്കാറുണ്ട്. മുൻ ഡയറക്ടേഴ്സ്, അസോസിയേറ്റ്സ് അങ്ങനെ ഞങ്ങളുമായി സഹകരിക്കുന്നവരെയൊക്കെയാണ് കാണിക്കാറുള്ളത്. അവരുടെ അഭിപ്രായം എടുത്ത് പിന്നെ സിനിമയിലെ താരങ്ങളെ കാണിച്ച് അവരുടെ കൂടി അഭിപ്രായം എടുത്ത് ചർച്ച ചെയ്ത് ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഈ സിനിമയിലും അങ്ങനെ തന്നെയായിരുന്നു.
എന്നാൽ പുറത്ത് നിന്നുള്ള ആളുകളെ കാണിക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി എന്റെ ഫ്ലാറ്റിലെ കുടുംബാംഗങ്ങളെ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി സിനിമ കാണിച്ചു. അവർ ഇത് കണ്ടപ്പോൾ ഭയങ്കര ചിരി, സന്തോഷിച്ചു, സങ്കടപ്പെട്ടു, വൈകാരികമായി പ്രതികരിച്ചു, സിനിമ കണ്ട് കഴിഞ്ഞ് അവർ ഭയങ്കര സന്തോഷത്തിലായിരുന്നു. സിനിമയുടെ പുറത്തിനിന്നുള്ളവരായിരുന്നു അത്. അതുകൊണ്ട് തന്നെ അവരുടെ പ്രതികരണം എന്നെ സംബന്ധിച്ച് വളരെ വിലപ്പെട്ടതായിരുന്നു. ജനങ്ങൾക്കിടയിലേക്ക് ഈ സിനിമ ഇറങ്ങുമെന്നും വലിയ സ്വീകാര്യത ലഭിക്കുമെന്നും എനിക്ക് ആത്മവിശ്വാസം തന്നത് ഈ 12 ഓളം വരുന്ന കുടുംബങ്ങളുടെ പ്രതികരണം തന്നെയായിരുന്നു.
സിനിമക്കാർ അല്ലാത്തവർ കാണുമ്പോൾ ശരിയായ അഭിപ്രായമാണ് കിട്ടുന്നത്. അവർ സിനിമ ആസ്വദിച്ചോ എന്നത് മാത്രമാണ് അവിടെ പ്രധാന കാരണം. ഞങ്ങളെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞല്ലോ. സിനിമയുടെ എഴുത്തുകാരൻ ദിലീപേട്ടന്റെ ഫാനാണ്. നിർമ്മാതാവായ ഞാൻ ചെറുപ്പം മുതലെ കാണുന്ന നടൻ, പിന്നെ മാജിക് ഫ്രെയിംസ്, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച പടം വിജയിക്കുമ്പോൾ ഞങ്ങളെ സംബന്ധിച്ച് അഹങ്കാരമാണ്. അതിയായ സന്തോഷമാണ്. സംവിധായകൻ ബിന്റോ ജോസഫിനും അങ്ങനെ തന്നെ. അദ്ദേഹത്തിന്റെ ആദ്യ പടമാണ് എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
അതേസമയം അഭിമുഖത്തിനിടെ അവതാരക പൊട്ടിക്കരയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ കാർഡ് കണ്ടപ്പോൾ ഭയങ്കര ഇമോഷ്ണലായി പോയി എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവതാരകയായ മസ്താനിയുടെ കരച്ചിൽ. മസ്താനി ആ ടൈറ്റിൽ കാർഡ് കണ്ടപ്പോൾ ശരിക്കും കരഞ്ഞോയെന്ന് ദിലീപ് ചോദിക്കുമ്പോൾ ആണെന്ന് പറഞ്ഞ് വീണ്ടും അവതാരക വിതുമ്പുകയായിരുന്നു.
2017ൽ അരുൺ ഗോപിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം ദിലീപിന് വലിയ ഹിറ്റുകളൊന്നും ഉണ്ടായിട്ടില്ല. ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മുതൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബാന്ദ്രയും തങ്കമണിയും അടക്കമുളള ചിത്രങ്ങൾ തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനിടെയാണ് വലിയ ഹൈപ്പൊന്നും കൂടാതെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 3.72 കോടിയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ച കളക്ഷൻ. ആദ്യദിനം 1.01 കോടിയും രണ്ടാം ദിനം 1.32 കോടിയും മൂന്നാം ദിനം 1.72 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം സിനിമയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ട് ഇന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പത്രസമ്മേളനം നടത്തിയിരുന്നു. ദിലീപ്, ധ്യാൻ ശ്രീനിവാസൻ, സിദ്ധിഖ് , നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ നിരവധി പേരാണ് വിജയാഘോഷത്തിൽ പങ്കുചേർന്നത്. പരിപാടിക്കിടെ വളരെ വൈകാരികമായ പ്രതികരണമായിരുന്നു ദിലീപ് നടത്തിയത്. തനിക്ക് പ്രേക്ഷകരോട് ഒരു അപേക്ഷയുണ്ടെന്നായിരുന്നു ദിലീപ് പറഞ്ഞത്.
ഞാൻ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുൺഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ്.
ഏറ്റവും പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇനി മലയാള സിനിമയിൽ ദിലീപ് ഇല്ലെന്ന് പറയുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ തിയേറ്ററിലേക്ക് ഓടിയെത്തി, ആ നടനെ അങ്ങനെ കളയാനുള്ളതല്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുനിർത്തിയ സിനിമയാണിത്. അതുപേലെയാണ് പ്രിൻസ് ആൻഡ് ഫാമിലിയും. പിന്നെ ഒരു അപേക്ഷയുണ്ട്. അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് കൂടെ നിന്നൂടെ? എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ.
അടുത്തിടെ നടൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു., കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും.
അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.
എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ് എന്നും നടൻ പറഞ്ഞിരുന്നത്.
അതേസമയം, ദിലീപ് കടന്നു പോകുന്നത് മോശം സമയത്തിലൂടെയാണെന്ന് ചിത്ര്തതിന്റെ നിർമാതാവ ലിസ്റ്റിൻ സ്റ്റീഫനും പറഞ്ഞിരുന്നു. കുറ്റം തെളിയിക്കുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കും. പല ആർട്ടിസ്റ്റുകളുടെ കൂടേയും ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. ദിലീപേട്ടൻ എന്ന വ്യക്തിയുടെ കൂടെ ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്.
ഓരോരുത്തരുടേയും ചെറുപ്പത്തിൽ ഓരോരുത്തരെയാണ് ഹീറോയായിട്ട് കാണുന്നത്. എന്റെ ചെറുപ്പത്തിൽ ദിലീപേട്ടൻ വളരെ വലിയ ഹീറോയാണ്. എന്നെ സംബന്ധിച്ച്, എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹീറോയാണ് ദിലീപേട്ടൻ. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ലൊക്കേഷനിൽ പോയിട്ടുണ്ട്. പിന്നീട് ഞാൻ സിനിമയിലേക്ക് വന്നു. പല നായകന്മാരുമായി സഹകരിക്കാൻ പറ്റിയിട്ടുണ്ട്. ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്.
പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവിനെ സംബന്ധിച്ച് റിസ്‌ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാൻ ഈ സിനിമ ചെയ്യുന്നതെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നത്.