മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.
ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
ഈ വേളയിൽ നടന്റെ ഒരു അഭിമുഖം വീണ്ടും വൈറലാകുകയാണ്. അദ്ദേഹത്തിന്റെ തന്നെ ചില ഫാൻസ് പേജുകളിലാണ് അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ പ്രചരിക്കുന്നത്. തന്നെ ആർക്കും കരിവാരി തേക്കാം കല്ലെറിയാം പക്ഷെ തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന സാഹചര്യമാണെന്ന് ദിലീപ് പറയുന്നത്.
എനിക്ക് എല്ലാം തന്നത് സിനിമയാണ്. അഭിനയം തുടങ്ങി കഴിഞ്ഞാൽ അയാളെ സിനിമയിൽ നിലനിർത്തുന്നത് പ്രേക്ഷകർ തന്നെയാണ്. ഏത് പ്രതിസന്ധിയിലും എന്നെ നിലനിർത്തുന്ന എന്റെ ഓഡിയൻസിനോടാണ് എനിക്ക് കമ്മിറ്റ്മെന്റ്. ചില സാഹചര്യങ്ങളിൽ മീഡിയയുടെ മുന്നിൽ വന്ന് സംസാരിക്കാൻ പറ്റാത്ത വിലക്കുകൾ എനിക്കുണ്ട്. എനിക്കെതിരെ വിമർശനങ്ങൾ വരുമ്പോൾ അതല്ല അതിന്റെ സത്യമെന്ന് എനിക്ക് പറയാൻ പറ്റില്ല.
കാരണം അത് ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. പക്ഷെ എന്നെങ്കിലും എനിക്ക് സംസാരിക്കാൻ ദൈവം ഒരു അവസരം തരുമെന്ന വിശ്വാസത്തിലാണ് ഞാൻ ഇതെല്ലാം സഹിക്കുന്നത്. എന്ത് വിഷയം വന്നാലും എനിക്ക് നിയമപരമായി മാത്രമെ നീങ്ങാൻ പറ്റുകയുള്ളു. എന്നെ ആർക്കും കരിവാരി തേക്കാം കല്ലെറിയാം.
പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. എന്റെ ശക്തി പ്രേക്ഷകരാണ്. ദിലീപ് എന്ന വ്യക്തിയെ ഉണ്ടാക്കിയതും നിലനിർത്തുന്നതും പ്രേക്ഷകരാണ്. എന്നെ നേരിട്ട് കാണാതെ എന്റെ കഥാപാത്രങ്ങൾ കണ്ടാണ് പ്രേക്ഷകർ ഇഷ്ടപ്പെടാൻ തുടങ്ങിയത്. അതുകൊണ്ട് പ്രേക്ഷകരോട് കൂടുതൽ കമ്മിറ്റ്മെന്റ് എനിക്കുണ്ട്. എന്നിലുള്ള വിശ്വാസം നിലനിർത്തണം. അതിന്റെ ഫൈറ്റ് നടക്കുകയാണ് എന്നാണ് ദിലീപ് പറഞ്ഞത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം അന്തിമ വാദം തുടങ്ങിയ വേളയിൽ കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ അന്തരിച്ചിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായും തുടർച്ചയായി ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഈ വെളിപ്പെടുത്തലുകൾക്ക് ശേഷം ദിലീപിനെതിരെ വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുകയുണ്ടായി. നേരത്തെ ബലാത്സംഗ കേസിലെ ഗൂഡാലോചന കുറ്റമായിരുന്നു ദിലീപിനെ ചുമത്തിയിരുന്നത്. ദിലീപിന്റേത് അടക്കമുള്ള നിരവധി ഓഡിയോ തെളിവുകളും ബാലചന്ദ്രകുമാർ പുറത്തുവിട്ടു.
അന്തിമ വാദത്തിന്റെ നടപടിക്രമങ്ങൾ ഒരുമാസം കൊണ്ട് പൂർത്തിയാക്കിയേക്കാനാണ് സാധ്യത. അന്തിമവാദം പൂർത്തിയായാൽ കേസ് വിധി പറയാൻ മാറ്റും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഇതിനിടെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജിയും നൽകിയിരുന്നു.
സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ ഇതിൽ തൻ്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.