ഇന്ത്യൻ നിയമസംവിധാനം തങ്ങളുടെ കയ്യിലെ കളിപ്പാവായാണ് എന്ന് കരുതുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പായിരിക്കട്ടെ; അഭിഭാഷക അനില ജയൻ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരായ പരാമർശത്തിൽ നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ബൈജു കൊട്ടാരക്ക ഇനങ്ങളെ ഹാജരായിരുന്നു. ജഡ്ജിയെ അവഹേളിക്കാനോ ജുഡീഷ്യറിയെ താഴ്ത്തിക്കെട്ടാനോ താൻ ശ്രമിച്ചിട്ടില്ലെന്നും ബൈജു കോടതിയിൽ പറഞ്ഞു.
ഇപ്പോഴിതാ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ് അഭിഭാഷക അനില ജയൻ.

ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ

എത്ര കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് ഓരോ മനുഷ്യരും കോടതിയിലെത്തുന്നത് എന്ന് നേരിട്ട് കാണുന്നതാണ്. നാട്ടുകാരും പോലീസുമൊക്കെ എതിരാണെങ്കിലും ഒരുനാൾ സത്യം പുറത്തുവരുമെന്ന് വിശ്വസിച്ച് ഈ നാട്ടിലെ മനുഷ്യർ ആശ്രയിക്കുന്ന ആശാകേന്ദ്രങ്ങളാണ് കോടതികൾ. യാതൊരു പ്രകോപനവും ഇല്ലാതെ ഒരു ചാനൽ ചർച്ചയിൽ കോടതിക്ക് നേരെ പരാമർശം നടത്തിയിട്ട്, വിചാരണ കോടതിയിലെ വനിതാ ജഡ്ജിയുടെ ഇന്റഗ്രിറ്റി ചോദ്യം ചെയ്തിട്ട് കോടതിയിൽ കയറാതെ നടക്കാം എന്നാണ് ബൈജു വിചാരിച്ചതെന്ന് തോന്നുന്നു. മാപ്പും പറയിച്ച് കുറച്ചുനാൾ കോടതിയിൽ കയറിയിറങ്ങാനുള്ള ഇണ്ടാസും കൊടുത്തുവിട്ടിട്ടുണ്ട്. ഇത് ഇന്ത്യൻ നിയമസംവിധാനം തങ്ങളുടെ കയ്യിലെ കളിപ്പാവായാണ് എന്ന് കരുതുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പായിരിക്കട്ടെ

കോടതി അലക്ഷ്യക്കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തേ സംവിധായകന് നോട്ടീസ് നൽകിയിരുന്നു. നേരിട്ട് ഹാജരാകണമെന്നും വിശദീകരണം നൽകാനുള്ള അവസാന അവസരമായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ബൈജു കൊട്ടാരക്കര ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഹാജരായത്.

ചാനല്‍ ചര്‍ച്ചയില്‍ വിചാരണക്കോടതിക്കെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു സംവിധായകനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജഡ്ജിക്ക് കഴിവില്ലെന്നും ഈ കേസിൽ നിന്നും സ്വമേധയാ ഒഴിഞ്ഞ് പോകണമെന്നുമായിരുന്നു ഒരു സ്വകാര്യ ചാനലിൽ വെച്ച് കോടതിക്കെതിരെ നടത്തിയ വിവാദ പരാമർശം. വിചാരണക്കോടതി ജഡ്ജിയെയും നീതി സംവിധാനത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് സംവിധായകന്റെ പരാമർശമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

ജഡ്ജിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന നടപടി കോടതിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബൈജുവിന്റെ അഭിപ്രായങ്ങള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധികാരം കുറയ്ക്കുന്നതുമാണെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തന്നെ ബാധിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം താനൊരു കോടതി അലക്ഷ്യവും കാണിച്ചിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര കോടതിയിൽ പറഞ്ഞു. കോടതിയോട് ബഹുമാനവും ആദരവും മാത്രമാണ് ഉള്ളത്. വിചാരണയിൽ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. തന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര കോടതിയിൽ പറഞ്ഞു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൃത്യമായ വിശദീകരണം കോടതിയിൽ സമർപ്പിക്കാമെന്നും നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും സംവിധായകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം തള്ളി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോഴും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം. വിശദീകരണവും സാഹചര്യങ്ങളും അടക്കം രേഖാമൂലം സമര്‍പ്പിക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.അടുത്ത മാസം 25 നാണ് കോടതി കേസ് പരിഗണിക്കുക.

അതിനിടെ കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ വെച്ച് വലിയ ശബ്ദത്തിൽ ബൈജു കൊട്ടാരക്കരയുടെ ഫോൺ അടിച്ചിരുന്നു. ഇത് ജഡ്ജിക്കാർക്കിടയിൽ അതൃപ്തിക്ക് കാരണമായെങ്കിലും സംവിധായകനെതിരെ മറ്റ് നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.

Noora T Noora T :