രാഷ്ട്രീയത്തില്‍ നായകന്‍ സുരേഷ്, അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച് വിജയിപ്പിക്കും; കേരളത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാനായി എന്റെ കടന്നുവരവ് സഹായിക്കുമെന്നാണ് എല്ലാവരും പറയുന്നത്; ദേവന്‍

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംസ്ഥാന ഉപാദ്ധ്യക്ഷനായി നടന്‍ ദേവന്‍ ബിജെപിയിലെത്തിയത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനായിരുന്നു ഇക്കാര്യം അറിയിച്ചത്. സീറ്റിന് വേണ്ടിയല്ല ഉപാധ്യക്ഷനായതെന്നും മത്സരിക്കാന്‍ ഇല്ലെന്നുമാണ് അന്ന് ദേവന്‍ പറഞ്ഞത്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ദേവന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.

‘സുരേഷ് നായകനും ഞാന്‍ വില്ലനായും അഭിനയിച്ചതാണ്. പക്ഷേ രാഷ്ട്രീയത്തില്‍ നായകന്‍ സുരേഷ് ആണ്. അതിനൊപ്പം കൂടെ നില്‍ക്കുന്ന നായകനാണ് ഞാനും. ഞാന്‍ അദ്ദേഹത്തിന് വേണ്ടി നൂറ് ശതമാനവും പ്രവര്‍ത്തിക്കും. സുരേഷിനെ വിജയിപ്പിക്കും. അതില്‍ യാതൊരു സംശയവും ഇല്ല. ഈ അനൗണ്‍സ്‌മെന്റ് വന്ന ശേഷം സുരേഷ് എന്നെ വിളിച്ചിരുന്നു. അദ്ദേഹം വളരെ ഹാപ്പിയാണ്.

മലയാള സിനിമയില്‍ മനോജ് കെ ജയന്‍ മാത്രമെ എന്നെ വിളിച്ചുള്ളൂ. എത്രയോ സിനിമാ നടന്മാര്‍ ഉണ്ടിവിടെ. അവര്‍ ആരും വിളിച്ചിട്ടില്ല. അവര്‍ക്കൊക്കെ പേടിയാണ്. കാരണം മലയാള സിനിമയില്‍ ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികളിലെ ആള്‍ക്കാരുണ്ട്. അവര്‍ക്കൊക്കെ എന്നെ ഉടനെ വിളിച്ച് ആശംസ അറിയിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കില്ല.

അത് ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ട് വിഷമവും ഇല്ല. ഞാന്‍ രാഷ്ട്രീയം തുടങ്ങുന്ന സമയത്തും ആരും എന്നെ വിളിച്ചില്ല. അവന് ഭ്രാന്താണ് എന്ന് പറഞ്ഞതല്ലാതെ ആരും വിളിച്ചിട്ടില്ല’, എന്ന് ദേവന്‍ പറയുന്നു.

തനിക്ക് വന്നൊരു ഫോണ്‍ കോളിനെ കുറിച്ചും ദേവന്‍ സംസാരിച്ചു. ‘അമേരിക്കയിലുള്ള ഒരു ജോര്‍ജ് മാത്യു എന്നെ വിളിച്ചിരുന്നു. ദേവന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ കേരളത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാനായി ദേവന്റെ ഈ കടന്നുവരവ് സഹായിക്കും. കേരളത്തിന്റെ ഭാവിയെ കുറിച്ച് വലിയ ആകാംഷ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു’, എന്നാണ് അദ്ദേഹം പറഞ്ഞത്.

Vijayasree Vijayasree :