വീണ് പോയാല്‍ മരണം; ചെകുത്താന്റെ അടുക്കളയിൽ കെട്ടിവരിഞ്ഞ് നിർത്തി; ഭയാനക നിമിഷത്തിൽ സംഭവിച്ചത്!!!

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം കേരളക്കര കടന്ന് ഗുണാ കേവിന്റെ നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും മികച്ച പ്രതികരണങ്ങൾ ലഭിച്ച് മുന്നേറുകയാണ്. മഞ്ഞുമ്മൽ ബോയ്സ് ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവിലാണ് വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രം എം പദ്മകുമാറിന്റെ സംവിധാനത്തിൽ ചിത്രീകരിച്ചത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച അനന്യ എന്ന താരത്തെ ഗുണ കേവിലുള്ള അപകടകരമായ പാറക്കെട്ടുകൾക്കിടയിൽ തൂക്കിയിട്ട് വില്ലൻ വിലപേശുന്ന ഒരു രംഗം ചിത്രീകരിച്ചിട്ടുണ്ട്.

ഈ ക്ളൈമാക്സ് സീനിനെക്കുറിച്ച് മോഹൻലാലും സംവിധായകൻ പദ്മകുമാറും ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ സാഹസിക രംഗത്തിൽ അഭിനയിച്ച അനുഭവം ഒരു മാധ്യമത്തോട് വെളിപ്പെടുത്തുകയാണ് നടി അനന്യ.

ആ ക്ളൈമാക്സ് രംഗത്തിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കാം എന്ന് താൻ തന്നെ പറയുകയായിരുന്നു എന്ന് അനന്യ പറയുന്നു. മോഹൻലാൽ പദ്മകുമാർ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ തുടങ്ങി സെറ്റിലുള്ള എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും കഠിനാധ്വാനവുമാണ് ആ ചിത്രം വളരെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ കാരണമെന്ന് അനന്യ പറയുന്നു.

2009-10 കാലഘട്ടത്തിലാണ് പപ്പേട്ടൻ സംവിധാനം ചെയ്ത ശിക്കാർ എന്ന സിനിമയിൽ അഭിനയിച്ചത്. അന്ന് ഞാൻ ഒരു 21-22 വയസ്സ് പ്രായമുള്ള ചെറിയ പെൺകുട്ടി ആയിരുന്നല്ലോ. കമലഹാസൻ സാറിന്റെ ഗുണ ചിത്രീകരിച്ച ഗുഹയിൽ വച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നു എന്ന ത്രില്ലിൽ ആയിരുന്നു അന്ന്. അവിടെ ഷൂട്ട് ചെയ്യുന്നതിന്റെ അപകട സാധ്യത ഒന്നും എന്റെ മനസ്സിൽ ഇല്ല. ഞാൻ ഒരു ത്രില്ലിൽ ആയിരുന്നു.

പ്രായത്തിന്റെ ഒരു സ്വഭാവം ആയിരിക്കും അന്ന്. കയറിൽ കെട്ടി കൊക്കയിലേക്ക് തൂക്കി ഇട്ടിരിക്കുകയാണ്. താഴേക്ക് നോക്കിയാൽ കൊക്ക ആണ്. വളരെ ശ്രദ്ധയോടെ സുരക്ഷിതമായി ആണ് എന്നെ കയർ കൊണ്ട് കെട്ടി ഇറക്കിയത്. ഡ്യൂപ്പിനെ വച്ച് ഷൂട്ട് ചെയ്യാം എന്ന് എന്നോട് പപ്പേട്ടൻ ലാലേട്ടൻ ഉൾപ്പടെ എല്ലാവരും പറഞ്ഞിരുന്നു. പക്ഷെ ഞാൻ പറഞ്ഞു വേണ്ട ഞാൻ തന്നെ ചെയ്തുകൊള്ളാം എന്ന്. ആദ്യമൊന്നും അവർ സമ്മതിച്ചില്ല പിന്നെ എന്റെ ആത്മവിശ്വാസം കണ്ടപ്പോൾ സമ്മതിക്കുകയായിരുന്നു.

ത്യാഗരാജൻ മാസ്റ്റർ ആയിരുന്നു സ്റ്റണ്ട് ഡയറക്ടർ. അദ്ദേഹവും പപ്പേട്ടനും ലാലേട്ടനും മുഴുവൻ ക്രൂവും നല്ല പിന്തുണ നൽകിയിരുന്നു. എന്നെ തൂക്കിയിട്ടിട്ട് മുകളിലേക്ക് കയർ വലിച്ച് പൊക്കുന്ന രംഗമുണ്ട്. ആ കയർ വലിക്കുന്നത് വില്ലൻ ആണ് എന്ന് കാണിക്കുന്നുണ്ടെങ്കിലും ശരിക്കും അവിടെ ലാലേട്ടൻ ത്യാഗരാജൻ മാസ്റ്റർ ഉൾപ്പടെ ഒരുപാട് പേര് എന്നെ വലിച്ചു പൊക്കാൻ ഉണ്ടായിരുന്നു എന്നത് എനിക്ക് ഓർമ്മയുണ്ട്.

പാറയുണ്ട് താഴെ നെഞ്ച് അവിടെ അടിക്കരുത് എന്ന് വിളിച്ചു പറയുമായിരുന്നു. ഞാൻ താഴെക്കൊന്നും നോക്കിയില്ല , അന്ന് അങ്ങനെ പേടി ഒന്നും തോന്നിയില്ല. ചെയ്യുന്നത് പൂർണ്ണതയോടെ ചെയ്യുക എന്ന് മാത്രമേ അപ്പൊ ആലോചിച്ചുള്ളു. ഞാൻ മാത്രമല്ല ലാലേട്ടൻ പപ്പേട്ടൻ സംവിധാന സഹായികൾ, ക്യാമറ ക്രൂ തുടങ്ങി സെറ്റിലെ ഓരോരുത്തരും ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. എല്ലാവരും ഒരേപോലെ വർക്ക് ചെയ്തിട്ടാണ് ആ സിനിമ അത്ര നന്നായി ചെയ്യാൻ കഴിഞ്ഞത്.

ഗുണ കേവിലേക്ക് ക്യാമറയും മറ്റു പ്രോപർട്ടികളും ഇറക്കുന്നതൊക്കെ ബുദ്ധിമുട്ട് ആയിരുന്നു. ലാലേട്ടൻ ഉൾപ്പടെയുള്ളവർ സാധനങ്ങൾ ഇറക്കാൻ സഹായിച്ചിരുന്നു. ഇടയ്ക്കിടെ മൂടൽമഞ്ഞ് വരും ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റില്ല അപ്പൊ നമുക്ക് ബ്രേക്ക് എടുക്കേണ്ടി വരും പിന്നെ ഇടയ്ക്കിടെ മഴ പെയ്യും അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പ്ലാൻ ചെയ്ത സമയത്തൊന്നും ഷൂട്ട് തീർന്നില്ല. അന്നത്തെ കാര്യങ്ങൾ പലതും മറന്നുപോയി വർഷങ്ങൾ ഒരുപാട് ആയല്ലോ.

തീയറ്ററിൽ സിനിമ വന്നപ്പോൾ പോയി കണ്ടപ്പോഴാണ് ചെയ്തതിന്റെ ഭീകരത മനസ്സിലായത്. ഷൂട്ടിങ്ങിൽ ആയിരുന്നതുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് കാണാൻ കഴിഞ്ഞില്ല. ഒരു തമിഴ് പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു, ഒരു മലയാളം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാൻ പോകുന്നു. മഞ്ഞുമ്മൽ ബോയ്സിനെയ്‌ക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറയുന്നത് കേൾക്കുന്നുണ്ട്. ഉടനെ പോയി സിനിമ കാണണം എന്നാണ് ആഗ്രഹം. ” അനന്യ പറയുന്നു.

Athira A :