മതവികാരം വ്രണപ്പെടുത്തി; കരീനയ്‌ക്കെതിരെ പരാതിയുമായി ക്രിസ്ത്യന്‍ സംഘടന

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ പരാതി. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡേയാണ് പരാതിക്കാരന്‍. ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ ഗര്‍ഭകാല അനുഭവത്തെക്കുറിച്ച് അതിഥി ഷാ ബിംജാനിയ്‌ക്കൊപ്പം കരീന എഴുതിയ പ്രഗ്‌നന്‍സി ബൈബിള്‍ എന്ന പുസ്തകമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും കരീനയ്‌ക്കെതിരേയും അതിഥി ഷാ ബിംജാനിയ്‌ക്കെതിരേയും കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

നടി കരീന കപൂര്‍ എഴുതിയ പുസ്തകത്തിന്റെ തലക്കെട്ടില്‍ ‘ബൈബിള്‍’ എന്ന വിശുദ്ധ വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്, എന്നാല്‍ സംഭവം ബീഡില്‍ നടന്നിട്ടില്ലാത്തതിനാല്‍ ഇവിടെ കേസെടുക്കാന്‍ കഴിയില്ല, മുംബൈയില്‍ പരാതി നല്‍കാന്‍ ഞാന്‍ പരാതിക്കാരനെ ഉപദേശിച്ചിട്ടുണ്ട്’ എന്നാണ് ശിവാജി നഗര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ സായ്‌നാഥ് തോംബ്രെ പറയുന്നത്.

ജൂലൈ 9 ന് ആണ് കരീന തന്റെ പുസ്തകം പുറത്തിറക്കിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ടാമത്തെ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയ 40 കാരിയായ നടി തന്റെ മൂന്നാമത്തെ കുട്ടി എന്നാണ് പുസ്തകത്തെ വിശേഷിപ്പിച്ചത്. ‘തന്റെ രണ്ട് ഗര്‍ഭങ്ങളിലൂടെ ശാരീരികമായും വൈകാരികമായും അനുഭവിച്ചതിന്റെ വ്യക്തിപരമായ വിവരണമാണ് പുസ്തകം’ എന്നാണു കരീന പറയുന്നത്.

Vijayasree Vijayasree :