കൌണ്ടർ വഴി ടിക്കറ്റില്ല ; ഓൺലൈൻ സിനിമാടിക്കറ്റ്‌ ബുക്കിംഗ്‌ കേന്ദ്രങ്ങളുടെ ചൂഷണത്തിന്‌ കൂട്ട്‌ തീയറ്റർ ഉടമകളും

സിനിമാപ്രേമികളെ ചൂഷണം ചെയ്യുന്ന ഓൺലൈൻ ടിക്കറ്റ്‌ വിതരണ ശൃംഘലയുടെ പകൽകൊള്ളയ്ക്ക്‌ കൂട്ടുനിൽക്കുന്ന സിനിമ തീയറ്റർ മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഓണക്കാലത്തെ തിരക്ക്‌ മുതലെടുത്ത്‌ സിനിമ ടിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷനിലൂടെ മാത്രം വിതരണം ചെയ്യുന്നത്‌ സാധാരണക്കാരായ സിനിമാപ്രേമികൾക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌. ഇന്റർനെറ്റ്‌ ഹാൻഡ്ലിംഗ്‌ ഫീസ്‌ എന്നപേരിൽ ടിക്കറ്റ്‌ വിലയുടെ ഇരുപത്‌ ശതമാനത്തോളം അധികം ഈടാക്കുന്ന ഓൺലൈൻ കുത്തകകളെ സഹായിക്കാനായി തീയറ്റർ കൌണ്ടറിലൂടെ നാമമാത്രമായ ടിക്കറ്റ്‌ വിതരണം ചെയ്യുന്നത്‌ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.

നാനൂറോളം സീറ്റുകളുള്ള കൊല്ലം നഗരത്തിലെ പ്രധാന തീയറ്ററുകളിൽ കേവലം അൻപതിൽ താഴെ ടിക്കറ്റുകൾ മാത്രമാണ്‌ കൌണ്ടർ വഴി വിതരണം ചെയ്യുന്നത്‌. ഓണക്കാലത്ത്‌ സിനിമ കാണാൻ കുടുംബമായെത്തുന്നവർ ടിക്കറ്റ്‌ ലഭിക്കാതെ നിരാശരായി മടങ്ങേണ്ടിവരുന്നത്‌ തുടർക്കഥയാവുകയാണ്‌ . കഴിഞ്ഞ ദിവസം കല്ലുംതാഴത്ത്‌ സ്ഥിതിചെയ്യുന്ന മൾട്ടിപ്ലെക്സ്‌ തീയറ്ററിലെത്തിയ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയവരോട്‌ കൌണ്ടർ വഴി ടിക്കറ്റ്‌ വിതരണം ഇല്ലെന്ന മാനേജ്മെന്റിന്റെ അറിയിപ്പ്‌ നേരിയ സംഘർഷത്തിനിടയാക്കി.

ഓൺലൈൻ വഴി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ അറിയാത്തവർ അക്ഷയകേന്ദ്രങ്ങളിൽ പോയി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യണമെന്ന തീയറ്റർ മാനേജരുടെ നിർദ്ദേശമാണ്‌ ആളുകളെ ചൊടിപ്പിച്ചത്‌. പ്രതിഷേധം ശക്തമായതോടെ നൂറ്‌ ടിക്കറ്റ്‌ കൌണ്ടറിലൂടെ വിതരണം ചെയ്യാമെന്ന് തീയറ്റർ മാനേജർ സമ്മതിച്ചെങ്കിലും അൻപതിൽ താഴെ ടിക്കറ്റുകൾ വിതരണം ചെയ്തതോടെ ഹൌസ്‌ഫുൾ ബോർഡ്‌ വീഴുകയായിരുന്നു. ക്രമാതീതമായി ഓൺലൈൻ വിതരണം ചെയ്യുന്നതിനാലാണ്‌ കൌണ്ടറിലൂടെ ടിക്കറ്റ്‌ വിതരണം സാധ്യമാകാത്തതെന്നും ഓൺലൈൻ കുത്തകകളെ സഹായിക്കാൻ തീയറ്റർ മാനേജ്‌മന്റ്‌ കൂട്ടുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

120 രൂപയുടെ സിനിമ ടിക്കറ്റ്‌ ഓൺ ലൈൻ വഴി ബുക്ക്‌ ചെയ്യുമ്പോൾ 144 രൂപ 60 പൈസയാണ്‌ ഈടാക്കുന്നത്‌. ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സര്‍വീസ് ഹാന്‍ഡിലിംഗ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നും, അത് നിയമപരമല്ലെന്നുമുള്ള റിസർവ്വ്‌ ബാങ്ക്‌ നിർദ്ദേശം നിലനിൽക്കെയാണ്‌ ഈ പകൽക്കൊള്ള നടക്കുന്നത്‌. ടിക്കറ്റ്‌ വിലയുടെ 18 ശതമാനത്തോളം ജി എസ്‌ ടി ഇനത്തിലും 8.5 ശതമാനം വിനോദനികുതിയിനത്തിലും ഉപയോക്താക്കളിൽ നിന്നീടാക്കുന്നതിനുപുറമേയാണ്‌ റിസർവ്വ്‌ ബാങ്ക്‌ നിർദ്ദേശം പോലും അവഗണിച്ച്‌ 20 ശതമാനം അധിക തുക ഈടാക്കുന്നത്‌.

ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള പണമിടപാടിന് ബാങ്കിന് വ്യാപാരികള്‍ നല്‌കേണ്ട തുകയാണ് ഹാന്‍ഡിലിംഗ് ചാര്‍ജ്. എന്നാല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകള്‍ ഇത് ഈടാക്കുന്നത് ഉപഭോക്താക്കളില്‍ നിന്നാണ്. ‘ബുക്ക് മൈ ഷോ’ ഈടാക്കുന്ന സര്‍വീസ് ഹാന്‍ഡിലിംഗ് ചാര്‍ജ് ആര്‍ബിഐ-യുടെ മര്‍ച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റുകളുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി വിവരാവകാശ രേഖയ്ക്ക് നല്‍കിയ മറുപടിയില്‍ റിസർവ്വ്‌ ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ഉപയോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കി പോക്കറ്റ് വീര്‍പ്പിക്കുന്ന സ്വകാര്യ വെബ്സൈറ്റുകള്‍ക്ക് തടയിടാനെന്ന പേരിൽ സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച്‌ www.keralafilms.gov.in എന്ന പേരില്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചിട്ട്‌ രണ്ടുവർഷമായെങ്കിലും കൊല്ലം ജില്ലയിലെ ഒരു തീയറ്റർ പോലും ഇതിലൂടെ ടിക്കറ്റ്‌ വിതരണത്തിന്‌ തയ്യാറായിട്ടില്ല. ഇതിനെതിരെ ഒരു നടപടിയും സാംസ്കാരിക വകുപ്പിൽ നിന്നുണ്ടായിട്ടുമില്ല.

cinema online ticket rate-

Noora T Noora T :