ഞങ്ങൾ ചാടിക്കേറി വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല;എന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് പിന്നെ വീട്ടുകാർക്ക് മനസിലായി; ചിപ്പി

മലയാളം, കന്നഡ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന താരമായിരുന്നു നടി ചിപ്പി. തിരുവനന്തപുരം സ്വദേശിനിയായ ചിപ്പി 1993ൽ പുറത്തിറങ്ങിയ സോപാനം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.പാഥേയം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ശേഷമാണ് ചിപ്പി കൂടുതൽ ശ്രദ്ധനേടിയത്.


പ്രണയവും വിവാഹവും എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്ന് നടി ചിപ്പി. പ്രണയ- വിവാഹവിശേഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയിലാണ് ചിപ്പി മനസ് തുറന്നത്. “കുരുവി കൂട് കൂട്ടിയതൊക്കെ വളരെ പെട്ടെന്നായിരുന്നു. ചടപടേന്ന് ആയിരുന്നു. വലിയ ഒരു പ്രണയകഥ ഒന്നും പറയാനില്ല. ആകെ നമ്മൾ ഒരു സിനിമയിലേ വർക്ക് ചെയ്തിട്ടുള്ളൂ”, വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് ചിപ്പി പറയുന്നു.

കല്യാണസൗഗന്ധികത്തിലാണ് നമ്മൾ ആദ്യമായി വർക്ക് ചെയ്യുന്നത്, ദിലീപ്- ദിവ്യ ഉണ്ണി ടീമിന്റെ ഒപ്പം. പിന്നെ നമ്മൾ ഒരുമിച്ചൊരു ഗൾഫ് ഷോ പോയിട്ടുണ്ട്. പിന്നെ കൂടുതലും സെൽഫോണിലൂടെ ആയിരുന്നു സംസാരം . ആ സമയത്താണ് മൊബൈൽ ഇറങ്ങിയത്. നല്ല ചാർജായിരുന്നു കോളിന്. നല്ല കോസ്റ്റിലി പ്രണയം ആയിരുന്നു. ഒന്ന് തൊട്ടാൽ നല്ല ചാർജായിരുന്നു- ചിപ്പി ചിരിച്ചു കൊണ്ട് പറയുന്നു.

നമ്മൾ പരിചയപെട്ടു, വിവാഹം കഴിഞ്ഞു അത്രേ ഉള്ളൂ എന്ന് ചിപ്പി പറയുന്നുണ്ട് എങ്കിലും ഒരുപാട് കാലത്തെ പരിചയം ഉണ്ടായിരുന്നു. 96- 97 സമയത്താണ് പരിചയപ്പെടുന്നത്. 2001 ൽ ആയിരുന്നു വിവാഹം. പരസ്പരം അറിയാൻ ഒരുപാട് സമയം ഉണ്ടായിരുന്നു. പരിചയം, പ്രണയം, വിവാഹം ഒക്കെ വളരെ പെട്ടന്നായിരുന്നു. വീട്ടിൽ അറിഞ്ഞസമയത്ത് നല്ല വിഷയമായിരുന്നു.

വീട്ടിൽ ആർക്കും അറിയില്ലായിരുന്നല്ലോ പുള്ളിയെ. സിനിമയിൽ വന്നുള്ള പരിചയം മാത്രമല്ലെ എന്ന നിലപാടായിരുന്നു വീട്ടുകാർക്ക്. എന്നാൽ ഞങ്ങൾ ചാടിക്കേറി വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. ചെറിയ ഒരു പ്രശ്നം വീട്ടിൽ ആകും എന്ന് മനസ്സിലായപ്പോൾ തന്നെ ഞങ്ങൾ പോയി വിവാഹം കഴിച്ചു. എന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് പിന്നെ വീട്ടുകാർക്ക് മനസിലായി.


ആ സമയത്ത് വിഷയങ്ങൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ അപ്പോൾ തന്നെ വീട്ടിൽ അംഗീകരിച്ചു. നമ്മൾ ഒരുപാട് ഹാപ്പിയാണ്. അഭിനയിച്ചിരുന്ന സമയത്തേക്കാളും ഇപ്പോഴാണ് താൻ ആക്റ്റീവ് ആയത്. ഒന്നുരണ്ടു സിനിമകൾ ചെയ്തു തീർത്തിട്ടായിരുന്നു വിവാഹമെന്നും ചിപ്പി ഒരു ഇന്റർനാഷണൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

AJILI ANNAJOHN :