ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെ, വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തട്ടെ; അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരങ്ങളെ അഭിനന്ദിച്ച് പിണറായി വിജയന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

‘കാന്‍സ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം കരസ്ഥമാക്കി ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയ ‘ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. ഈ നേട്ടത്തോടെ സമകാലിക ലോക സിനിമയിലെ ഉറച്ച ശബ്ദമായി മാറിയിരിക്കുകയാണ് സംവിധായികയായ പായല്‍ കപാഡിയ.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഇനിയും നല്ല സിനിമകള്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെയെന്നും വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തട്ടെയെന്നും ആശംസിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നാണ് മുഖ്യമന്ത്രി കുറിച്ചിരിക്കുന്നത്.

കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ നേട്ടമാണിതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇരുവരും കുറിച്ചു. അഭിമാനകരമായ നേട്ടം എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറിച്ചത്. അഭിമാനകരമായ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടിയ പായല്‍ കപാഡിയയ്ക്കും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.

‘ദ ഷെയിംലെസ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അനസൂയ സെന്‍ഗുപ്തയ്ക്കും അഭിനന്ദനങ്ങള്‍. ഈ സ്ത്രീകള്‍ ചരിത്രം രചിക്കുകയാണ്, ഇന്ത്യന്‍ ചലച്ചിത്ര കൂട്ടായ്മയെ മുഴുവന്‍ പ്രചോദിപ്പിക്കുകയാണ്.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോള്‍ഡന്‍ പാം (പാം ദോര്‍) വിഭാഗത്തിലാണ് മത്സരിച്ചത്. അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മത്സരിച്ച ‘ദ ഷെയിംലെസ്സി’ലെ അഭിനയത്തിനാണ് അനസൂയ മികച്ച നടിയായത്.

രണ്ട് ലൈം ഗിക തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും ദുരിതങ്ങളുമൊക്കെയാണ് ഷെയ്ംലെസ് സംസാരിക്കുന്നത്. പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ താന്‍ ഇത് ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റ് പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ക്കും സമര്‍പ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.

Vijayasree Vijayasree :