ദാരിദ്ര്യം കാരണം അമ്മ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ തന്റെ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ തനിക്ക് ഒരിക്കല്‍ തോന്നിയിരുന്നു; നാന്‍സി ത്യാഗി

2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങിയ ഇന്ത്യന്‍ മുഖങ്ങളിലൊന്നാണ് നാന്‍സി ത്യാഗിയുടേത്. കാന്‍ റെഡ് കാര്‍പ്പറ്റില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രം ധരിച്ചാണ് ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ നാന്‍സിയെത്തിയത്. ഉത്തര്‍പ്രദേശിലെ ബഘ്പത് ജില്ലയിലെ ബരന്‍വ ഗ്രാമത്തില്‍ നിന്നും റെഡ് കാര്‍പ്പറ്റിലേക്കുള്ള നാന്‍സിയുടെ യാത്രം ഒട്ടും എളുപ്പമായിരുന്നില്ല. കഠിനാധ്വാനവും നിരന്തരമുള്ള പരിശ്രമവുമുണ്ടെങ്കില്‍ ഉയരങ്ങളിലേക്ക് എത്താമെന്ന് തെളിയിച്ചിരിക്കുകയാണ് നാന്‍സി.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തേക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് നാന്‍സി. ‘ദാരിദ്ര്യം കാരണം അമ്മ കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ തന്റെ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ തനിക്ക് ഒരിക്കല്‍ തോന്നിയിരുന്നുവെന്നും നാന്‍സി പറയുന്നു. അമ്മ ഒരു ഫാക്ടറിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.

രാവിലെ വീട്ടില്‍ നിന്ന് പോകും വൈകുന്നേരം തിരിച്ചെത്തുന്നതുവരെ അമ്മയെ കാത്ത് ഞാനും സഹോദരനും ഇരിക്കും. ലോക്ക്ഡൗണ്‍ സമയത്തൊക്കെ അമ്മയ്ക്ക് രാത്രിയിലും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ശാരീരികമായി ഏറെ അധ്വാനമുള്ള ജോലിയായിരുന്നു അമ്മ ചെയ്തിരുന്നത്. അമ്മ ജോലിക്കായി പോകുമ്പോള്‍ വെറുതെ വീട്ടിലിരിക്കുന്നത് ആലോചിച്ച് എനിക്ക് കുറ്റം ബോധം തോന്നിയിട്ടുണ്ട്.

അപ്പോള്‍ ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നും. അവസാന ശ്രമമെന്ന നിലയിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഉണ്ടാക്കാന്‍ തുടങ്ങിയത്. പിന്നീട് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഒരിക്കല്‍ അനിയന് ഫീസ് അടയ്‌ക്കേണ്ട സമയത്താണ് എനിക്ക് അത്യാവശ്യമായി വീഡിയോ ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങേണ്ടി വന്നത്.

എന്ത് ചെയ്യണമെന്നോര്‍ത്തിരുന്നപ്പോള്‍ തന്നെ പിന്തുണയ്ക്കാന്‍ വേണ്ടി അനിയന്‍ പഠനം വരെ ഉപേക്ഷിച്ചു. തന്റെ ഉള്ളിലൊരു ഡിസൈനറുണ്ടെന്ന കാര്യം ഒരിക്കലും അറിഞ്ഞിരുന്നില്ലായെന്നും നാന്‍സി പറയുന്നു. കുട്ടിക്കാലത്ത് തനിക്ക് പാവകള്‍ക്ക് വസ്ത്രങ്ങളുണ്ടാക്കാന്‍ ഇഷ്ടമായിരുന്നു. സൂചിയും നൂലും ഉപയോഗിച്ച് പാവകള്‍ക്ക് വസ്ത്രം തുന്നിയാണ് ഡിസൈനിങ് ബോധം വളര്‍ത്തിയെടുത്തതെന്നും നാന്‍സി കൂട്ടിച്ചേര്‍ത്തു’.

Vijayasree Vijayasree :