‘കേരളാ സ്റ്റോറി’യ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ‘കേരളാ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്. പിന്നാലെ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന് ആരോപിക്കുന്ന സിനിമയ്‌ക്കെതിരെ കേസെടുക്കാനാണ് പുതിയ നിര്‍ദ്ദേശം.

ഡിജിപിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ടീസറില്‍ നിയമവിരുദ്ധമായ ഉള്ളടക്കമുണ്ടെന്ന് ഹൈടെക് സെല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ബേസ്ഡ് ഓണ്‍ ട്രൂ ഇന്‍സിഡന്റ്‌സ് എന്ന് അവകാശപ്പെടുന്ന ഹിന്ദി സിനിമ വ്യാജമായ കാര്യങ്ങള്‍ വസ്തുതയെന്ന പേരില്‍ അവതരിപ്പിക്കുന്നു എന്നാണ് പരാതി.

തമിഴ്‌നാട് സ്വദേശിയായ ബി.ആര്‍ അരവിന്ദാക്ഷന്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്. വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമയാണ് കേരള സ്‌റ്റോറി. സിനിമ നിരോധിക്കണം എന്നാവശ്യമാണ് പരാതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.

കേരളം ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി ചിത്രീകരിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍ അരവിന്ദാക്ഷന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.

ഒരു യുവതി താന്‍ ശാലിനി ഉണ്ണികൃഷ്ണന്‍ ആണെന്നും ഒരു നഴ്‌സ് ആണെന്നും ഇപ്പോള്‍ മതം മാറ്റി ഫാത്തിമ ഭായ് എന്നാക്കിയെന്നും ടീസറില്‍ പറയുന്നു. അതിന് ശേഷം ഐഎസില്‍ എത്തിച്ചു. ഇപ്പോള്‍ താന്‍ പാക്കിസ്ഥാന്‍ ജയിലിലാണ്. ഇത്തരത്തില്‍ 32000 സ്ത്രീകളെ മതം മാറ്റിയെന്നും കേരളത്തിലെ സ്ഥിതി ഇതാണ് എന്ന് പറയുന്നതാണ് ടീസറിലെ ഉള്ളടക്കം.

Vijayasree Vijayasree :