നടി നൂര്‍ മാലാബിക ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം അഴുകിയ നിലയില്‍; ഏറ്റെടുക്കാന്‍ തയ്യാറാകാതെ കുടുംബം

ബോളിവുഡ് വെബ് സീരീസുകളിലൂടെ ശ്രദ്ധനേടിയ നടിയാണ് നൂര്‍ മാലാബിക ദാസ്. ഇപ്പോഴിതാ നടിയെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്. നടി ആ ത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുംബൈ ലോഖണ്ഡ്‌വാലയിലാണ് നടി താമസിച്ച് വന്നിരുന്നത്. വ്യാഴാഴ്ച നടിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് പോലീസ് മുറിയില്‍ പരിശോധന നടത്തിയത്. അഴുകിയ നിലയിലാണ് ഇവിടെ നിന്ന് നടിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനകള്‍ക്ക് ശേഷം നടിയുടെ കുടുംബവുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങളാരും മുന്നോട്ട് വന്നിട്ടില്ല.

അതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ അടുത്ത ഞായറാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ മൂലകാരണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സംഘടന പറഞ്ഞിരുന്നു. അസം സ്വദേശിനിയാണ് നൂര്‍. നേരത്തെ എയര്‍ ഹോസ്റ്റസായി ഖത്തര്‍ എയര്‍വേയ്‌സില്‍ ജോലി ചെയ്തിരുന്നു താരം. ഇതിനിടെയാണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്.

2023ല്‍ പുറത്തിറങ്ങിയ ‘ദ ട്രെയില്‍’ എന്ന സീരീസില്‍ കജോളിനൊപ്പം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. ‘സിസ്‌കിയാന്‍’, ‘വാക്കമാന്‍’, ‘തീഖി ചാത്‌നി’, ‘ജഘന്യ ഉപായ’, ‘ചരംസുഖ്’, ‘ദേഖി അന്ദേഖി’, ‘ബാക്ക്‌റോഡ് ഹസ്റ്റാലെ,’ തുടങ്ങി നിരവധി സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :