‘ഇയാള് മിമിക്രി മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളോ? സിനിമയിൽ അഭിനയിക്കില്ലേ?’; മമ്മൂക്ക വിളിച്ച് ചോദിച്ചത്…; തുറന്ന് പറഞ്ഞ് ബിജുകുട്ടൻ

മലയാള സിനിമാ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് ബിജുകുട്ടൻ. പച്ചക്കുതിര എന്ന സിനിമയിലൂടെ സിനിമാലോകത്തേയ്ക്ക് എത്തിയ നടൻ നിരവധി ചിത്രങ്ങളിൽ ഇതിനോടം വേഷമിട്ടിട്ടുണ്ട്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ബിജുക്കുട്ടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഒരു ദിവസം സലീമേട്ടന്റെ വീട്ടിലിരിക്കുമ്പോൾ നിർമാതാവ് ഫിറോസ് അവിടെ വന്നു. സലീമേട്ടന് അഡ്വാൻസ് കൊടുക്കാൻ വന്നതാണ്. എന്നെ കണ്ടപ്പോൾ ഏതോ മിമിക്രി പരിപാടിക്ക് മുമ്പ് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നെയും കുറച്ചു നേരം വർത്തമാനം പറഞ്ഞു. ഇറങ്ങാൻ നേരം അദ്ദേഹം പറഞ്ഞു. ഈ സിനിമയിൽ ബിജുവും ഒരു കഥാപാത്രം ചെയ്യൂ.’ അതാണ് സിനിമയിലേക്കുള്ള ആദ്യ വിളി.

എനിക്ക് ജഗതിചേട്ടനുമായിട്ടായിരുന്നു ആ സിനിമയിലുള്ള സീനുകൾ. അദ്ദേഹം ഷൂട്ടിന് വന്നില്ല. അതുകൊണ്ട് അഭിനയിക്കാനും പറ്റിയില്ല. ആ സിനിമ പിന്നീട് റിലീസ് ആയതുമില്ല. അങ്ങനെ സിനിമാമോഹം തത്കാലത്തേയ്ക്ക് ഉപേക്ഷിച്ചു. സിനിമയിൽ എത്താൻ കാരണം മമ്മൂക്കയാണ്. മിമിക്രിയിൽ അത്യാവശ്യം പച്ചപിടിച്ചു തുടങ്ങിയ കാലം.

ഗൾഫിൽ ഒരു മാസത്തെ പരിപാടിക്കുള്ള എഗ്രിമെൻ്റ് ഒപ്പിട്ട സമയത്താണ് നിർമാതാവ് ആൻ്റോ ചേട്ടൻ വിളിക്കുന്നത്. ആദ്യ സിനിമ മോഹം പൊലിഞ്ഞ പേടിയിൽ മറുപടി പറഞ്ഞു. ‘ഗൾഫിൽ ഒരു പരിപാടി ഏറ്റിട്ടുണ്ട്. വരാൻ പറ്റില്ലല്ലോ ചേട്ടാ’, രണ്ടും നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു.

പിന്നെയൊരു ദിവസം മമ്മുക്കയുടെ വിളി വന്നു. ‘ഇയാള് മിമിക്രി മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളോ? സിനിമയിൽ അഭിനയിക്കില്ലേ?’ മമ്മുക്ക ചോദിച്ചു. ഞാൻ ഗൾഫിലെ പരിപാടിയുടെ കാര്യം സൂചിപ്പിച്ചു. ‘ആലോചിച്ച് തീരുമാനമെടുക്കൂ’ എന്ന് അദ്ദേഹം പറഞ്ഞു. ആ ഒറ്റ ഫോൺകോൾ പകർന്ന ധൈര്യത്തിൽ ഞാൻ തീരുമാനിച്ചു.

സിനിമയ്ക്ക് കൈ കൊടുക്കാം. അങ്ങനെ ആദ്യമായി സിനിമയിൽ അഭിനയിച്ചു. മമ്മൂക്കയ്ക്കൊപ്പം പോത്തൻവാവയിൽ. അതൊരു നല്ല തുടക്കമായിരുന്നു. പിന്നെ നൂറിലേറെ സിനിമകളിൽ അഭിനയിച്ചു എങ്കിലും പോത്തൻ വാവയിലെ മാറാമ്പൽ ആണ് ഇപ്പോഴും മനസിൽ എന്നും ബിജു കുട്ടൻ പറ‍ഞ്ഞു.

Vijayasree Vijayasree :