ജീവിതത്തിൽ ‘പരാജയപ്പെട്ടവരാണ്’ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്; അഷ്നീർ ഗ്രോവർ

അന്യ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് എത്തി നാല് സീസണുകള്‍ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളും വലിയ വിജയമായതിന്റെ ആവേശത്തിലാണ് ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് കടക്കാന്‍ പോവുന്നത്. അടുത്ത സീസണിലേക്കുള്ള ഓഡീഷന്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിയിരിക്കുകയാണ്.

ഇപ്പോഴിതാ ജീവിതത്തിൽ ‘പരാജയപ്പെട്ടവരാണ്’ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്, വിജയിച്ചവരല്ലെന്ന് ഭാരത് പേ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ. ഷോയുടെ അവതാരകൻ സൽമാൻ ഖാന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്താൽ പങ്കെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും അഷ്നീർ പറഞ്ഞു. ബോളിവുഡിൽ വർഷങ്ങളായി തുടരുന്ന റിയാലിറ്റി ഷോ നിലവിൽ പതിനാറാം സീസണിൽ ആണ്.


റെഡ് എഫ്എം പോഡ്കാസ്റ്റിനിടെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എപ്പോഴെങ്കിലും ഓഫർ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അഷ്നീർ. ‘എന്നെ ഒരിക്കലും നിങ്ങൾ ബിഗ് ബോസിൽ കാണില്ല. പരാജയപ്പെട്ട വ്യക്തികൾ മാത്രമാണ് ആ ഷോയിൽ പോകുന്നത്, വിജയിച്ച ആളുകളല്ല. ഞാൻ ഒരിക്കലും ആ ഷോയിൽ പോകില്ല. ഞാൻ ബിഗ് ബോസ് കാണുന്ന ഒരു കാലമുണ്ടായിരുന്നു, പിന്നീടെനിക്ക് അത് വളരെ വിരസമായി തോന്നി. എന്നെ വിളിച്ചിരുന്നു, ഞാൻ ക്ഷണം നിരസിച്ചു,’ അഷ്നീർ ഗ്രോവർ പറഞ്ഞു.

കൂടുതൽ പണം നൽകിയാൽ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോൾ സൽമാൻ ഖാനേക്കാൾ കൂടുതൽ ലഭിച്ചാൽ പരിഗണിക്കാം എന്നാണ് അഷ്നീർ തമാശയായി പറഞ്ഞത്. ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത് മുതൽ അഷ്‌നീർ ഗ്രോവർ പ്രേക്ഷകർക്ക് ചിരപരിചിതനായി. സോണിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിസിനസ് ഷോ ഷാക്ക് ടാങ്ക് ഇന്ത്യയുടെ ആദ്യ സീസണിൽ ജഡ്ജാണ് അഷ്‌നീർ. രണ്ടാം സീസണിൽ അഷ്നീർ ഭാഗമല്ല.


ഡച്ച് റിയാലിറ്റി ഷോ ‘ബിഗ് ബ്രദർ’ മാതൃകയിലുള്ള ഇന്ത്യൻ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. 2006ൽ ആണ് ആരംഭിക്കുന്ന ബിഗ് ബോസ് ഹിന്ദി സീസൺ 1 86 ദിവസം നീണ്ടുനിന്നു. ബോളിവുഡ് നടൻ അർഷാദ് വർസി അവതാരകനായ ഷോയിൽ നടനും നിർമാതാവുമായ രാഹുൽ റോയ് വിജയിയായി. ഷോയുടെ വിജയം ഏഴ് റീജണൽ ഭാഷകളിൽ കൂടി ബിഗ് ബോസ് ആരംഭിക്കാൻ കാരണമായി. മലയാളത്തിൽ മോഹൻലാൽ അവതാരകനായ ബിഗ് ബോസ് നാലാം സീസൺ പൂർത്തിയാക്കി.

AJILI ANNAJOHN :