‘അമ്മേടെ അമ്പോറ്റി പെണ്ണ്. അച്ഛന്റെ കൂടെ ഗുരുവായൂർ അമ്പലത്തിൽ പോയി വന്നതിന് ശേഷം’; മകളുടെ ചിത്രവുമായി ഭാമ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ ടെലിവിഷൻ പരിപാടികളിലൂടെ രംഗത്തെത്തുന്നുണ്ട്. അവതാരകയായി ആണ് ഭാമ സ്‌ക്രീനിന് മുന്നിലേയ്ക്ക് എത്തുന്നത്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു.

ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്. തുടർന്ന് വർഷങ്ങൾക്ക് ശേഷം സിംഗിൾ മദർ ആണെന്ന കാര്യം ഭാമ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ഇപ്പോൾ മകൾ ഗൗരിയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

മകളുടെ വിശേഷങ്ങൾ നിരന്തരം പങ്കിടാറുണ്ടെങ്കിലും കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് മുഖം റിള്ള ചിത്രങ്ങൾ അധികം ഭാമ പങ്കിടാറില്ല. ഇപ്പോഴിതാ മകളുടെ ചിത്രം പങ്കുവെച്ച് വീണ്ടും എത്തിയിരിക്കുകയാണ് നടി. 2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. കല്യാണം കഴിഞ്ഞ ഉടനെ നടി ഗർഭിണിയാവുകയും അതേ വർഷം ഡിസംബറിൽ തന്നെ മകൾക്ക് ജന്മം കൊടുക്കുകയും ചെയ്തു. ഗൗരി എന്നാണ് ഭാമ മകൾക്ക് പേരിട്ടിരിക്കുന്നത്. അങ്ങനെ കുഞ്ഞിനും ഭർത്താവിനുമൊപ്പമുള്ള ജീവിതം തുടങ്ങിയതിനിടയിലാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്.

ചില അഭിപ്രായ വ്യാത്യസങ്ങളെ തുടർന്നോ മറ്റോ ഭാമയും ഭർത്താവ് അരുണും വിവാഹജീവിതം അവസാനിപ്പിച്ചു. താൻ സിംഗിൾ മദറാണെന്ന് ഭാമ പറഞ്ഞതോടെയാണ് ഈ വിവരവും പുറംലോകം അറിയുന്നത്. വേർപിരിഞ്ഞെങ്കിലും ഭർത്താവും മകളും തമ്മിൽ കാണുന്നതിനൊന്നും പ്രശ്‌നമില്ലെന്നാണ് നടിയുടെ പുതിയ പോസ്റ്റിൽ നിന്നും വ്യക്തമാവുന്നത്. മകൾ അച്ഛനൊപ്പം ഗുരുവായൂർ അമ്പലത്തിലേക്ക് പോയി വന്നെന്ന് പറഞ്ഞൊരു പോസ്റ്റുമായിട്ടാണ് ഭാമ എത്തിയിരിക്കുന്നത്.

‘അമ്മേടെ അമ്പോറ്റി പെണ്ണ്. അച്ഛന്റെ കൂടെ ഗുരുവായൂർ അമ്പലത്തിൽ പോയി വന്നതിന് ശേഷം’ എന്നാണ് ചിത്രത്തിന് കൊടുത്ത ക്യാപ്ഷനിൽ നടി എഴുതിയിരിക്കുന്നത്. കേരള സ്റ്റൈലിലുള്ള വസ്ത്രത്തിൽ മുല്ലപ്പൂവൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് മകളെ നടി ഒരുക്കിയിരിക്കുന്നത്. ഗുരുവായൂരിൽ നിന്നും വാങ്ങിയ ഓടക്കുഴലും മയിൽപീലിയുമൊക്കെ കൈയ്യിൽ പിടിച്ചിരിക്കുകയാണ് ഗൗരി.

എന്നാൽ മകളുടെ മുഖത്തിന്റെ സ്ഥാനത്ത് കൃഷ്ണന്റെ സ്റ്റിക്കർ വെച്ച് മറച്ചിരിക്കുകയാണ്. അതേസമയം, മകൾ നാല് വയസ് പിന്നിടുമ്പോൾ തന്റെ ഗർഭകാല ഓർമകൾ പൊടിതട്ടിയെടുത്തും നടി വന്നിരുന്നു. നാല് വർഷത്തെ അമ്മ ജീവിതം എന്ന ക്യാപ്ഷനോടെയായിരുന്നു ഭാമ ചിത്രങ്ങൾ പങ്കുവെച്ചത്. നീല ഗൗണിൽ നിറവയറിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ബലൂണുകളും പൂക്കളുമൊക്കെയായി ബേബി ഷവർ ഗംഭീരമായി ആഘോഷിച്ചിരുന്നു ഭാമ. ജീവിതം വളരെ രസകരമാണ്… അവസാനം നിങ്ങളുടെ ഏറ്റവും വലിയ ചില വേദനകൾ നിങ്ങളുടെ ഏറ്റവും വലിയ ശക്തിയായി മാറുന്നു, ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്ന് എന്നിങ്ങനെയാണ് ഭാമയുടെ പോസ്റ്റിന് ആരാധകർ കുറിച്ചത്.

ദുബായിൽ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു അരുൺ്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ വിവാഹത്തിന് മുമ്പ് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അത്യാഡംബര പൂർവമാണ് ഭാമയുടെ വിവാഹം നടന്നത്. സിനിമാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായുള്ള വിവാഹസൽക്കാരം കൊച്ചിയിലും നടന്നിരുന്നു. വിവാഹശേഷം വൈകാതെ ഇരുവർക്കും ഒരു മകൾ പിറന്നു. ഗൗരി എന്നാണ് മകൾക്ക് ഭാമയും അരുണും നൽകിയ പേര്. കുഞ്ഞ് പിറന്ന് ഒരു വർഷം കഴിഞ്ഞ് ഒന്നാം പിറന്നാൾ ദിനത്തിലാണ് മകളുടെ മുഖം റിവീൽ ചെയ്തുള്ള ചിത്രങ്ങൾ ഇരുവരും പങ്കിട്ടത്. പിന്നീട് പതിയെ ഭാമ ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളും നീക്കം ചെയ്തു. അതോടെ ഇരുവരും വേർപിരിഞ്ഞുവെന്ന ഗോസിപ്പുകളും ചർച്ചകളും വന്ന് തുടങ്ങി.

ഭർത്താവിന്റെ ചിത്രങ്ങൾ‌ നീക്കം ചെയ്തുവെന്ന് മാത്രമല്ല അടുത്തിടെ പങ്കുവെച്ച ഒരു സോഷ്യൽമീഡിയ പോസ്റ്റിൽ താൻ സിംഗിൾ മദറാണെന്ന് ഭാമ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയാണെങ്കിലും നിയമപരമായി ബന്ധം വേർപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി എന്നുമാണ് ഭാമ മുമ്പ് പങ്കുവെച്ച ഒരു പോസ്റ്റിൽ എഴുതിയിരുന്നത്. അമ്മയായപ്പോൾ ക്ഷമ പഠിച്ചു നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ നടന്നില്ലെങ്കിൽ ടെൻഷനാവും. ദേഷ്യം വരും. പക്ഷെ ഇപ്പോൾ മാറി. അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായെന്നും ഭാമ പറഞ്ഞിരുന്നു.

അമ്മയാകുന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. വാസുകി ബൈ ഭാമ എന്ന ലേബലിൽ ഞാൻ കാഞ്ചീപുരം സാരികളുടെ ഒരു ഓൺലൈൻ സ്‌റ്റോർ ആരംഭിച്ചു. ഞാൻ വർക്ക് ചെയ്തിരുന്ന ആളായതുകൊണ്ട് എനിക്ക് വീണ്ടും വർക്ക് ചെയ്യണം എന്റെ മാനസികമായ സന്തോഷത്തിന് വർക്കും കൂടെ വേണം എന്ന് തോന്നി. അങ്ങനെ വിചാരിച്ചപ്പോഴാണ് പട്ടുസാരികളുടെ കളക്ഷൻ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചതെന്നും നടി പറഞ്ഞിരുന്നു.

മാത്രമല്ല, ഗർഭകാലത്തെ കുറിച്ചും നടി സംസാരിച്ചിരുന്നു. ‘തന്നെ സംബന്ധിച്ചിടത്തോളം ഗർഭകാലം ഒരുപാടു പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. വീട്ടിൽ വെറുതെയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാൻ. കുറച്ചു ദിവസം വീട്ടിലിരുന്നാൽ ഏതെങ്കിലും അമ്പലത്തിലേക്ക് എന്നൊക്കെ പറഞ്ഞ് പുറത്തു ചാടും. വിവാഹം കഴിഞ്ഞ് ഞങ്ങൾ മാത്രമുള്ള യാത്രയ്ക്ക് ഒരുങ്ങുമ്പോഴേക്കും ലോക്ഡൗൺ ആയി.ഈ സമയത്താണ് ഞാൻ ഗർഭിണിയായത്. ലോകം മുഴുവൻ നിശ്ചലമായ സമയം.

വീട്ടിലെ നാലു ചുമരിനുള്ളിൽ ഞാൻ പെട്ടു പോയതു പോലെ തോന്നിയിരുന്നു. ലിഫ്റ്റിൽ താഴേക്കിറങ്ങാൻ പോലും പേടിയായിരുന്നു. ഇഷ്ടമുള്ള ഭക്ഷണം പോലും പുറമേ നിന്ന് കഴിക്കാൻ പറ്റുന്നില്ല. ഭയവും നിരാശയും കൊണ്ട് എനിക്ക് ശ്വാസം മുട്ടി. ജില്ല കടന്നുള്ള യാത്ര അനുവദിക്കാത്തതു കൊണ്ട് അമ്മയെ കൊണ്ടുവരാനും കഴിഞ്ഞില്ല. തന്നെ പരിശോധിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ.വിജയലക്ഷ്മി ഒരുപാട് ആശ്വാസമായിരുന്നെന്നും ഭാമ പറയുന്നു.

ഗർഭകാലത്ത് സാധാരണയായി ഒരുപാടു ഹോർമോൺ വ്യതിയാനങ്ങൾ വരുമെന്ന് ഡോക്ടർ പറഞ്ഞു തന്നു. ദേഷ്യവും കരച്ചിലും വരും. എന്നാൽ ലോക്ഡൗൺ സമയത്ത് ഗർഭിണികളായവരിൽ ആ അവസ്ഥ സാധാരണ കാണുന്നതിനേക്കാൾ മൂന്നിരട്ടിയായിരിക്കുമെന്നും പറഞ്ഞു. സത്യത്തിൽ ഡോക്ടറും സംഘവും തന്ന ആത്മവിശ്വാസം കൊണ്ടാണ് ഞാൻ കൊവിഡ് ഭയത്തെ മറികടന്നത്.

കുഞ്ഞ് ഉണ്ടായതിന് ശേഷമുള്ള ബുദ്ധിമുട്ടിനെ കുറിച്ചും നടി പറഞ്ഞിരുന്നു. ഗർഭകാലവും അമ്മയാകുന്നതും ആസ്വദിക്കണമെന്നൊക്കെ എല്ലാവരും പറയും. പക്ഷേ, ആ പറയുന്നതിൽ എത്രത്തോളം സത്യസന്ധതയുണ്ടെന്ന് എനിക്കറിയില്ല. ആ കാലത്ത് ഏതൊക്കെ അവസ്ഥകളിലൂടെയാണ് ഒരു സ്ത്രീ കടന്നു പോകുന്നത്. മസിൽവേദന മുതൽ മാനസികമായ ഒരുപാടു പ്രശ്‌നങ്ങൾ വരെയുണ്ടാകും. ഒന്നു തിരിഞ്ഞു കിടക്കാൻ പോലും എത്ര പ്രയാസമാണ്.

പ്രസവശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ശ്രദ്ധിക്കാൻ ഒരുപാടുപേരുണ്ട്. എന്നാൽ അമ്മയുടെ മാനസിക ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യാനുണ്ടെന്ന് ആരും പറഞ്ഞു കൊടുക്കില്ല. അമ്മമാരുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഭാമ പറയുന്നത്. ആദ്യത്തെ മൂന്നു നാലു മാസം ഉറക്കം തീരെയില്ലാത്ത അവസ്ഥയായിരുന്നു. പകൽ സമയത്ത് കുഞ്ഞുറങ്ങുമ്പോൾ എനിക്ക് ഉറങ്ങാനാകില്ല.

രാത്രിയിൽ അമ്മു ഉറങ്ങുകയുമില്ല. ഉറക്കമില്ലാതായതോടെ ആകെ പ്രശ്‌നമായി. പെട്ടെന്നു കരച്ചിൽ വരുന്നു, പൊട്ടിത്തെറിക്കുന്നു. ഈ സമയത്ത് വീട്ടുകാർ നല്ല പിന്തുണയായിരുന്നെന്നും ഭാമ പറയുന്നു. ആ സപ്പോർട്ട് കിട്ടിയതോടെ ഉള്ളിലെ സംഘർഷങ്ങൾ മാറി. സാവധാനം ഉറക്കം തിരികെ കിട്ടി. ലോക്ഡൗൺ അവസാനിച്ച് പുറത്തിറങ്ങാൻ പറ്റിയതോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നുവെന്നും നടി കൂട്ടിച്ചേർത്തു..

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കെട്ടുകഥകളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ടെന്നും ഭാമ പറഞ്ഞിരുന്നു. എന്നേയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവർക്കായി പറയട്ടെ, ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടേയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി എന്നായിരുന്നു ഭാമ കുറിച്ചത്. താരത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഉടനെ തന്നെ ചർച്ചയായി മാറിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക മൊഴി നൽകിയ വ്യക്തിയായിരുന്നു ഭാമ. മാത്രമല്ല, പിന്നീട് ഈ മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു. ഈ വിഷയവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതിൽ ഭാമ മൊഴി മാറ്റി പറഞ്ഞതാണ് ഏറെ ചർച്ചയായത്. എന്തെന്നാൽ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഭാമ. അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകർത്തു എന്നാണ് ദിലീപ് ഭാമയോട് പറഞ്ഞത്. ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെയായിരുന്നു ഭാമയും ദിലീപും ഇതേ കുറിച്ച് സംസാരിച്ചത്.

തുടർന്ന് ഭാമ ഇത് ആക്രമിക്കപ്പെട്ട നടിയോട് ചെന്ന് പറയുകയും ചെയ്തു. നടി തന്നെയാണ് ഇത് പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് ചോദ്യം ചെയ്തതോടെ ഭാമ ഇത് മാറ്റി പറയുകയായിരുന്നു. ഇങ്ങനെയൊന്നും താൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൂറുമാറുകയായിരുന്നു. തന്റെ അടുത്ത സുഹൃത്ത് കൂടിയായിട്ട് ഇങ്ങനെ മൊഴി മാറ്റി പറഞ്ഞതിനാലാണ് ഭാമയുടെ പേര് അന്ന് ചർച്ചയായത്. ഞങ്ങളിലൊരുവൾ ഞങ്ങളെ ചതിച്ചുവെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുക്കൾ അന്ന് പറഞ്ഞിരുന്നത്.

Vijayasree Vijayasree :