ഷൂട്ടിം​ഗ് കഴിഞ്ഞ് വീട്ടിൽ ചെന്നിട്ടും രാധ എന്ന കഥാപാത്രം ദിലീപിൽ നിന്നും ഒഴിഞ്ഞ് പോയില്ല, രാധയുടെ പെരുമാറ്റം വരുന്നുണ്ടെന്ന് വീട്ടിൽ പലരും പറഞ്ഞു; ബെന്നി

ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ ഒന്നായി. ​ഗോപിക, ഇന്ദ്രജിത്ത്, രാജൻ പി ദേവ്, ബിജു മേനോൻ, ഭാവന തുടങ്ങിയ താരങ്ങളും ഈ സിനിമയിൽ പ്രധാനവേഷങ്ങളിലെത്തി. സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചാന്തുപൊട്ടിൽ അവതരിപ്പിച്ചത്.

ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് ചാന്തുപൊട്ടിലേതെന്ന് ആരാധകർ പറയുന്നു. മറ്റ് ഭാഷകളിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പല നടൻമാരും ഈ വേഷം ചെയ്യാൻ തയ്യാറായില്ല. ചാന്തുപൊട്ട് സിനിമയുടെ അണിയറക്കഥകൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതേകഥാപാത്രത്തെ നാടകത്തിൽ താൻ അവതരിപ്പിച്ചിരുന്നെന്ന് ബെന്നി പി നായരമ്പലം പറയുന്നു. ദിലീപിനോട് ഈ കഥ പറഞ്ഞപ്പോൾ എങ്ങനെയാണ് ഈ കഥാപാത്രം നാടകത്തിൽ ചെയ്തതെന്ന് അദ്ദേഹത്തിന് മുന്നിൽ കാണിച്ച് കൊടുത്തു. അദ്ദേഹം പെട്ടെന്ന് മനസ്സിലാക്കി. ഇതേ പെരുമാറ്റമുള്ള രാമകൃഷ്ണൻ എന്ന നൃത്താധ്യാപകനെ ദിലീപ് അസിസ്റ്റന്റായി കൂടെ നിർത്തുകയും ചെയ്തു. രാമകൃഷ്ണന്റെ പെരുമാറ്റം കണ്ട് പഠിക്കാനായിരുന്നു ഇതെന്നും ബെന്നി പി നായരമ്പലം വ്യക്തമാക്കി.

ഷൂട്ടിം​ഗ് കഴിഞ്ഞ് വീട്ടിൽ ചെന്നിട്ടും രാധ എന്ന കഥാപാത്രം ദിലീപിൽ നിന്നും ഒഴിഞ്ഞ് പോയില്ല. രാധയുടെ പെരുമാറ്റം വരുന്നുണ്ടെന്ന് വീട്ടിൽ പലരും പറഞ്ഞു. രാധയുടെ പെരുമാറ്റങ്ങൾ ദിലീപിലുള്ളത് ഞങ്ങൾ കൗതുകത്തോടെ കണ്ടു. കുഴപ്പമാകുമോ ഇവനിനി രാധയാകുമോ എന്ന് പറഞ്ഞ് ലാൽ ജോസ് കളിയാക്കുമായിരുന്നു. നടൻ ലാലും ദിലീപിനെ കളിയാക്കി. ആ ഒരു നിമിഷത്തിൽ രാധ ദിലീപിൽ നിന്നും ഒഴിഞ്ഞ് പോകുന്നത് താനും ലാൽ ജോസും ചിരിയോടെ നോക്കി നിന്നിട്ടുണ്ടെന്നും തിരക്കഥാകൃത്ത് ഓർത്തു.

ചാന്തുപൊട്ടിൽ ആദ്യം നായികയായി തീരുമാനിച്ചത് പ്രിയാമണിയെയാണ്. നായികയായി പുതുമുഖം വേണമെന്നതിനാലാണ് പ്രിയാമണിയെ തെരഞ്ഞെടുത്തത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സിനിമ പ്രാവർത്തികമാകുന്നത്. ആ ​ഗ്യാപ്പിൽ പ്രിയാമണി വിനയന്റെ സിനിമ ചെയ്തു. പിന്നീട് പല സിനിമകളിലും നടി അഭിനയിച്ചു. പുതുമുഖമായി അവതരിപ്പിക്കാൻ പറ്റാത്തതിനാൽ പ്രിയാമണിയെ ഒഴിവാക്കി. പിന്നീടാണ് ​ഗോപികയെ നായികയാക്കുന്നത്. ​

ഗോപിക അന്ന് അധികം സിനിമകളിൽ അഭിനയിച്ചിരുന്നില്ലെന്നും ബെന്നി പി നായരമ്പലം ചൂണ്ടിക്കാട്ടി.ഈ സിനിമയ്ക്ക് ശേഷം സ്ത്രെെണതയുള്ളവരെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ തുടങ്ങി. അത് എന്നെ വേദനിപ്പിച്ചു. ഭിന്നലിം​ഗത്തിൽ പെട്ട കഥാപാത്രമല്ല രാധ. ആണായി വളർത്തേണ്ടിടത്ത് പെണ്ണായി വളർത്തിയതിന്റെ വൈകല്യം തിരിച്ചറിയുന്നവനാണ് എന്റെ കഥാപാത്രം. അതേസമയം ചിലർ സിനിമയെ അഭിനന്ദിച്ചെന്നും ബെന്നി പി നായരലമ്പലം പറഞ്ഞു.

റിലീസ് ചെയ്ത സമയത്ത് ആഘോഷിക്കപ്പെട്ടെങ്കിലും പിൽക്കാലത്ത് ഈ സിനിമ വ്യാപകമായി വിമർശിക്കപ്പെട്ടു. ലൈം​ഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് തെറ്റായ ധാരണ പൊതുസമൂഹത്തിലുണ്ടാക്കിയെന്നാണ് ചാന്തുപെട്ട് എന്ന സിനിമയും സംവിധായകൻ ലാൽ ജോസും നേരിട്ട വിമർശനം. ചാന്തുപൊട്ടിന് പുറമെ കുഞ്ഞിക്കൂനൻ, മായാമോഹിനി, സൗണ്ട് തോമ തുടങ്ങിയ സിനിമകളിലും ദിലീപ് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു. ദിലീപ് ജനപ്രിയ നായകനായി വളരുന്നതിൽ ഈ സിനിമകളും പങ്കുവഹിച്ചിട്ടുണ്ട്. വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ബാന്ദ്ര ഉൾപ്പെടെയുള്ള മറ്റ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

AJILI ANNAJOHN :